പാക്കിസ്ഥാനില്‍ മതനിന്ദ കേസ്: നീതി തേടി ക്രിസ്ത്യന്‍ ദമ്പതികള്‍ 

പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കെതിരായ വ്യാജ മതനിന്ദാ കേസ് വീണ്ടും. പഞ്ചാബിലെ ഗോജ്ര സ്വദേശികളായ ഷഗുഫ്ത കൗസറും ഭർത്താവ് ഷഫ്ഖത്ത് മസീഹുമാണ് കുറ്റാരോപിതരായി ജയിലിൽ കഴിയുന്നത്.

നിരക്ഷരനായ കൗസർ, ഖുറാനും ഇസ്ലാമിനുമെതിരായ സന്ദേശങ്ങൾ മൊബൈലിൽ നിന്ന് ടെക്സ്റ്റ് മെസേജ് ആയി അയച്ചെന്ന ആരോപണത്തിലാണ് ഇവർ ജയിലിൽ കഴിയുന്നത്. കുട്ടികൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ ഇവരോട് ശത്രുതയുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ എന്നയാളാണ് ഇവർക്കെതിരെ മോസ്‌കിൽ പരാതി പറഞ്ഞത്. തുടർന്ന് കേസെടുക്കുകയും 2014-ൽ ദമ്പതികൾക്ക് തോബാ തേക്‌സിംഗ് ജില്ലാ കോടതി ജഡ്ജി മിയാൻ അമീർ ഹബീബ് വധശിക്ഷ വിധിക്കുകയുമായിരുന്നു.

പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ, കേസ് വ്യാജമായിരുന്നുവെന്നും കൗസറിന്റെ ഐഡന്റിറ്റി നമ്പർ ഉപയോഗിച്ച് വ്യാജമായി സിം കാർഡ് വാങ്ങി ഒരു അയൽക്കാരനാണ് കേസിനാസ്പദമായ സന്ദേശങ്ങൾ അയച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.  ആസിയയ്ക്കു വേണ്ടി കോടതിയിൽ വാദിച്ച സൈഫുൾ മാലൂക്കാണ് ഇവർക്കു വേണ്ടിയും ഹാജരാകുന്നത്. ഇരുവരും കഴിഞ്ഞ അഞ്ചു വർഷമായി രണ്ട് ജയിലുകളിലായി കഴിയുകയാണ്.