ദേശീയതലത്തിൽ മിഷൻ പ്രവർത്തനങ്ങളുമായി കോസ്റ്ററിക്കയിലെ മെത്രാന്മാർ

ആഗോള മിഷൻ ഞായറായ ഒക്ടോബർ 24 -ന് ആരംഭം കുറിച്ച്‌ ഒരു വർഷത്തേക്ക് നീളുന്ന മിഷൻ പ്രവർത്തനങ്ങളാണ് കോസ്റ്ററിക്കായിലെ മെത്രാൻ സമിതി തീരുമാനിച്ചിട്ടുള്ളത്. ‘പ്രേഷിത ശിഷ്യൻമാർ: പ്രതീക്ഷയുടെ വാഹകർ’ എന്ന ആപ്തവാക്യമാണ് ഈ ദേശീയ പ്രേഷിത പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

ഇതുവരെ അനുഭവിച്ചിട്ടുള്ള വേദനയെയും, ഏകാന്തതയെയും, ദാരിദ്ര്യത്തേയും അനീതികളെയും തെറ്റായ സുരക്ഷകളിൽ അഭയം തേടിയിരുന്നതിനെയും കോവിഡ് മഹാമാരി വിപുലമാക്കിയതും വ്യക്തതയോടെ തെളിയിച്ചതുമാണ് ഈ തീരുമാനത്തിന്‍റെ പിന്നിലെ പ്രചോദനം എന്ന് മെത്രാൻ സമിതിയിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഓരോ ക്രൈസ്തവനും ഏതു സാഹചര്യത്തിലായിരുന്നാലും ക്രിസ്തുവുമായുള്ള തന്‍റെ വ്യക്തിപരമായ ബന്ധം നവീകരിക്കാനും അല്ലെങ്കിൽ തന്നെ കണ്ടെത്താൻ യേശുവിനെ അനുവദിക്കാൻ ഇടയാക്കുന്നതിനും ഈ വലിയ മിഷൻ അവസരമാകട്ടെ എന്നും മെത്രാന്മാർ ആശംസിച്ചു.

രാജ്യത്തെ എല്ലാ കത്തീഡ്രലുകളിലും ഒരുമിച്ച് ഒക്ടോബർ 24 -ന് രൂപതാ മെത്രാന്‍റെ സാന്നിധ്യത്തിൽ ആരംഭിക്കുന്ന മിഷനിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്ന പ്രസ്താവനയിൽ മാമ്മോദീസായിൽ ലഭിച്ച മിഷനറിവിളിയെ നവീകരിക്കാനും നമ്മളാകുന്ന സഭ ഇപ്പോഴും ദൈവരാജ്യത്തിനായി സജീവമായ പ്രവർത്തനത്തിലാണെന്നും തെളിയിക്കാൻ ഓർമ്മിപ്പിച്ചു. കൂടാതെ കോവിഡ് മൂലം പല മിഷനറി പ്രദേശങ്ങളിലും ദാരിദ്ര്യം മൂലം വന്ന കുറവുകൾ നികത്താൻ വിശ്വാസികളോടു ഉദാരമായി സംഭാവന ചെയ്യാനും മെത്രാൻ സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.