വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍

അധികം ഒന്നും കേട്ടുശീലിച്ചിട്ടില്ലാത്ത, ഒത്തിരി ഒന്നും ആഘോഷിച്ച് പതിവില്ലാത്ത ഒരു തിരുനാളാണ് Corpus Christi  – ദിവ്യകാരുണ്യ സാന്നിധ്യതിരുനാള്‍.  ഏവര്‍ക്കും ഒത്തിരി സ്‌നേഹത്തോടെ ഈ തിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു.

അത്യുന്നതങ്ങളില്‍ ദൈവത്തിന് വെടിയും പുകയും ഭൂമിയില്‍ മനുഷ്യര്‍ക്ക് അപ്പവും ഇറച്ചിയും എന്ന നമ്മള്‍ തമാശരൂപേണ പറയാറുണ്ട്. അത്യുന്നതനായ ദൈവത്തിന് വെടിയും പുകയുമൊക്കെ സമ്മാനിച്ചിട്ട്, ഭൂമിയില്‍ നമ്മള്‍ നല്ല ഭക്ഷണമൊക്കെ കഴിച്ച് തിരുനാളുകള്‍ ആഘോഷിക്കും. അതാണ് നമ്മുടെ പതിവും, ശീലവുമൊക്കെ. കാലങ്ങളായി കാര്യങ്ങള്‍ ഇതുപോലെ തന്നെ. അതിരുകടന്ന ആഘോഷങ്ങള്‍ തിരുനാളിന്റെ ആദ്ധ്യാത്മികതയെ നശിപ്പിക്കും എന്ന ആരോപണങ്ങള്‍ ഏറെയുള്ള ഈ കാലഘട്ടത്തില്‍, ഒത്തിരി ആഘോഷങ്ങളൊന്നുമില്ലാതെ കടന്ന് വരുന്ന ഈ ദിവ്യകാരുണ്യ സാന്നിധ്യതിരുനാള്‍ തരുന്ന ചിന്തകള്‍ ഏറെയാണ്.

വിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെയാണ് ഈ തിരുനാള്‍ പരിചിന്തനത്തിനായി നല്‍കുക. 1200-കളില്‍ ബല്‍ജിയത്ത് ജീവിച്ചിരുന്ന ജൂലിയാനോ എന്ന അഗസ്റ്റിനീയന്‍ സന്യാസിനിയ്ക്ക് ഉണ്ടായ ദിവ്യകാരുണ്യദര്‍ശനത്തില്‍ നിന്നാണ് ഈ തിരുനാളിന് തുടക്കം കുറിക്കുന്നത്. പിന്നീട്, 1264-ല്‍ പോപ്പ് അര്‍ബന്‍ 4-ാമന്‍ ഈ തിരുനാളിനെ ഔദ്യോഗികമായി അംഗീകരിക്കയുണ്ടായി. അങ്ങനെ, പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ അല്ലെങ്കില്‍ ഓര്‍മ്മ, ഒരു പെസഹാതിരുനാളില്‍ മാത്രം ഒതുങ്ങാതെ പരിശുദ്ധ കുര്‍ബാന എന്നത് മനുഷ്യനോട് കൂടിയുള്ള ദൈവത്തിന്റെ സജീവസാന്നിധ്യത്തിന്റെ ഓര്‍മ്മ പുതുക്കലും കൂടിയാണ് എന്ന തിരിച്ചറിവ് നല്‍കുന്ന ഒരു തിരുനാളായി സഭാചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നു.

സൗമ്യമായ അടയാളങ്ങളോട് കൂടെയാണ് ദൈവം മനുഷ്യചരിത്രത്തില്‍ ഇടപെടലുകള്‍ നടത്തുക. രാജാക്കന്മാരുടെ പുസ്തകത്തില്‍ പ്രവാചകന്‍ ദൈവത്തിന്റെ വെളിപെടലുകള്‍ക്കായി കാത്തിരിക്കുന്നതായി നാം വായിക്കുന്നു. ”ആദ്യം അഗ്നിനാളം ഇറങ്ങിവന്നു; അതില്‍ ദൈവമില്ലായിരുന്നു; പിന്നീട് ഭൂകമ്പം, കൊടുങ്കാറ്റ് എന്നിവയും; അതിലും ദൈവമില്ലായിരുന്നു. ഇങ്ങനെ ദൈവത്തെ തേടുന്ന പ്രവാചകനിലേക്ക് ഒരു ശാന്തമായ മന്ത്രണം കേട്ടു ”പ്രവാചകാ” എന്ന്. ആ മന്ത്രണത്തില്‍ അയാള്‍ ദൈവത്തെ കണ്ടു.” അതെ, ദൈവം ഇങ്ങനെയാണ്; വിസ്മയങ്ങളുടെ അകമ്പടി ഒന്നുമില്ലാതെ അവന്‍ ശാന്തമായി വന്നണയും.

കേവലം ഒരു വാക്ക് കൊണ്ട് ലോകം മുഴുവന്‍ സൃഷ്ടിച്ചവന്‍ പിന്നീട് നിസ്സാരമായ, ഒരു ചെറു അടയാളം കൊണ്ട് അനുദിനം നമ്മിലേക്കിറങ്ങി വരുന്നു. എന്നിട്ട് തന്റെ സാന്നിധ്യം കൊണ്ട് നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു; യാതൊരു വ്യത്യാസങ്ങളില്ലാതെ, സ്വര്‍ണ്ണം പൂശിയ അരുളിക്കായ്ക്കുള്ളിലും, ഒരു ചെറിയ മരപ്പെട്ടിക്കുള്ളിലും അവിടുത്തെ സാന്നിധ്യത്തിന് വ്യത്യാസങ്ങളൊന്നുമില്ല. ലോകത്തിലെ ഏതു വലിയ ദേവാലയത്തിനുള്ളില്‍ ഇരുന്നാലും, ദേവാലയമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുടിലിനുള്ളില്‍ ഇരുന്നാലും അവിടുത്തെ സാന്നിധ്യത്തിന് യാതൊരു വ്യത്യാസവുമില്ല. ലോകത്തിലെ ഏറ്റം വലിയ ധനികന്റെ നാവിലും, ഒരു പാവപ്പെട്ടവന്റെ നാവിലും അവിടുന്ന് അലിയുന്നുണ്ട്. അത്രമാത്രം സാന്നിധ്യം കൊണ്ട് തുല്യതയും വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് ഉത്തരവുമായ് അവിടുന്ന് തുടരുന്നു. ഇനി വ്യത്യാസം വരേണ്ടത് നമ്മുടെയൊക്കെ കാഴ്ചപ്പാടുകളിലും, വീക്ഷണങ്ങളിലും മാത്രം.

ക്രിസ്തു എന്തിന് അപ്പമായി എന്നത് പലവുരു ആവര്‍ത്തിക്കപ്പെട്ടതും, പലരാലും പലയാവര്‍ത്തി ഉത്തരം നല്‍കപ്പെട്ടതാണെങ്കിലും, മനസ്സിന് സംതൃപ്തി നല്‍കുന്ന ഉത്തരം ഇതായിരുന്നു. ”കാലങ്ങളായി  മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നതും, ദൈവസാന്നിധ്യത്തിലേക്ക് കടന്നുവരുന്നതും വിഗ്രഹങ്ങളിലൂടെയും, മൂര്‍ത്തികളിലൂടെയുമാണ്. എന്നാല്‍ വിഗ്രഹത്തിന്റെ സ്ഥാനം മനുഷ്യശരീരത്തിന് പുറത്താണ്. വിഗ്രഹമിരിക്കുന്ന ദേവാലയവും ദൈവമൊഴികളടങ്ങിയ വേദപുസ്തകവും ദൈവത്തിന്റെ പേരില്‍ നടത്തപ്പെടുന്ന തിരുനാളുകളും ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം മനുഷ്യശരീരത്തിന് പുറത്ത് തന്നെ. എല്ലാം ബാഹ്യമായ കാര്യങ്ങള്‍ തന്നെ. ഒന്നും ആന്തരികതയിലേക്ക് കയറുന്നില്ല. ഉള്ളിലേക്ക് പ്രവേശിക്കുന്നത് അപ്പം മാത്രം. അതിനാല്‍ അവിടുന്ന് അപ്പമായി നമ്മുടെ ജീവന്റെ ഭാഗമായി മാറുന്നു. കാലങ്ങളായി ഈ ദൈവസാന്നിധ്യം നമ്മോട് കൂടെയുണ്ട്, നമ്മള്‍ തിരിച്ചറിയുന്നില്ല എന്ന് മാത്രം.

പ്രിയമുള്ളവരെ, നാളിതുവരെ നാം അനുഭവിച്ച ദൈവസാന്നിധ്യ അനുഭവങ്ങളെപ്രതി നാം അല്‍പം കൂടി നന്ദിയുള്ളവരാകേണ്ടതുണ്ട്. ദിവ്യകാരുണ്യ സാന്നിധ്യത്തെ പ്രതി ക്രിസ്തു പറയുന്ന ഉപമകളില്‍ ഏറ്റം മനോഹരമായത് ‘വിരുന്നിന്റെ ഉപമയാണ്.’ ഒത്തിരിയേറെപേര്‍ ഈ ‘സാന്നിധ്യ’ വിരുന്നിലേക്ക് ക്ഷണിക്കപ്പെടുന്നു. പക്ഷേ, തിരക്കുകള്‍ മൂലം നാം നിരസ്സിച്ചുകളയുന്ന വിരുന്നിന്റെ വില മനസ്സിലാക്കിയാല്‍ നാം പിന്നെ അത് നിരസ്സിക്കില്ല. ഒടുവില്‍ പെരുവഴികളില്‍ നിന്നും, ഇടവഴികളില്‍ നിന്നും യാതൊരു മഹത്വമില്ലാത്തവന്‍ ആ വിരുന്ന് ആസ്വദിക്കുന്നു. കൂടെ ഞാനും നിങ്ങളും. എന്നാല്‍, സാന്നിധ്യമായി അവന്‍ വരുമ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്തവനായി ഞാനും അണയുന്നുണ്ടോ എന്നും കൂടി ഒന്നു ചിന്തിക്കാം. നാം എങ്ങനെയാണ് ഈ വിരുന്ന് മേശയിലേക്ക് വന്നത്? നാം എങ്ങനെ ഈ വിരുന്നുശാലയ്ക്കു അര്‍ഹനായി? നമ്മുടെ മഹത്വമല്ല, നമ്മെ ക്ഷണിച്ചവന്റെ മഹത്വമാണ് ഇതിന് കാരണം.

ഒരിക്കലൊരു ഗുരു ഒരു വിശുദ്ധ നഗരത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുകയാണ്. യാത്രമദ്ധ്യേ ക്ഷീണിതനായി ഗുരു ഒരു കടത്തിണ്ണയില്‍ കാലുനീട്ടിയിരുന്നു. വഴിയെ ഒരുപാട് പേര്‍ നടന്നുപോകുന്നു. അതില്‍ ഒരു യാത്രികന്‍ തെല്ല് പരിഭവത്തോടെ, ദേഷ്യത്തോടെ ചോദിച്ചു. ‘ഹേയ് മനുഷ്യാ താന്‍ എന്താണ് കാട്ടുന്നത്? ദൈവത്തിന്റെ വിശുദ്ധ സാന്നിധ്യം തുളുമ്പി നില്‍ക്കുന്ന ഈ വിശുദ്ധ നഗരത്തിന്റെ നേരേയാണോ താന്‍ കാലും നീട്ടിയിരിക്കുന്നത്? എന്ന് ചോദിച്ച് കോപത്തോടെ അയാള്‍ നടന്നകന്നുപോയി. ഗുരു ഉടനെ ചാടിയെണീറ്റ് നടന്നകന്നു ആ മനുഷ്യനെ പിന്തുടര്‍ന്ന് ചോദിച്ചു. ‘ഹേയ് മനുഷ്യാ ദൈവമില്ലാത്ത ദൈവസാന്നിധ്യമില്ലാത്ത ഒരു സ്ഥലം കാട്ടി തരുമോ’ എന്ന് എന്തിനാണ് എന്ന യാത്രികന്റെ ചോദ്യത്തിന് ഉത്തരമായി ഗുരു പറഞ്ഞു ‘കാല്‍’ ഒന്നു നീട്ടിവയ്ക്കാനാണ്.

സ്‌നേഹമുള്ളവരെ, മാറേണ്ടത് ഇനിയെങ്കിലും നമ്മുടെ മനോഭാവങ്ങളാണ്. അകവും പുറവും ഒരുപോലെ തൂവെണ്മ തുളുമ്പി നില്‍ക്കുന്ന അപ്പത്തെ ചോദ്യം ചെയ്തു, നമ്മുടെ മനോഭാവങ്ങളെ ന്യായീകരിക്കുന്നതിനപ്പുറം, സത്യവിശ്വാസത്തിലേക്ക് കടന്ന് വരാം. ഒരു ചെറുകാറ്റില്‍ പറന്നുപോകുന്ന ഈ ഗോതമ്പപ്പത്തില്‍ പല വലിയ കൊടുങ്കാറ്റുകളെ അടക്കിയവനാണ് ക്രിസ്തു എന്ന സത്യവിശ്വാസത്തിലേക്ക് നമുക്ക് കടന്നുവരാം. ഈ തിരുനാള്‍ ഒരു യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള യാത്രയാകാന്‍ സജീവസാന്നിധ്യമായ ക്രിസ്തുവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

ലിബിന്‍ കിഴക്കേഭാഗം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.