തിരുശരീര-രക്ത തിരുനാളിന്റെ അനുഗ്രഹം കുടുംബത്തിൽ ലഭിക്കാൻ ചെയ്യേണ്ടത്

ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് അടുത്ത തലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതിനേക്കാൾ മഹത്തരമായി എന്താണുള്ളത്. ഈശോയുടെ തിരുശരീര-രക്തങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്ന ദിവസങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ കുടുംബത്തിലും കുടുംബാംഗങ്ങളിലും തിരുനാളിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും ഇളംതലമുറയ്ക്ക് കൂടുതൽ വിശ്വാസം പകരുന്നതിനുമായി ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം

1. പ്രദക്ഷിണത്തിൽ പങ്കുകൊള്ളാം

തിരുനാളുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിലും മറ്റും കുടുംബസമേതം സജീവമായി പങ്കുകൊള്ളാം.

2. ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാം 

ദേവാലയങ്ങളിലും മറ്റും നടത്തുന്ന ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുക്കാം. കുട്ടികളെയും നിർബന്ധമായും ഒപ്പം കൂട്ടാം.

3. വിശുദ്ധ ഗ്രന്ഥ വായന നടത്താം 

സമയം അനുവദിക്കുന്നതുപോലെ ഇടവേളകളിലും വിശ്രമസമയങ്ങളിലും മറ്റും കുടുംബസമേതം വിശുദ്ധ ഗ്രന്ഥം വായിക്കാം. നാല് സുവിശേഷങ്ങളിലെയും അന്ത്യത്താഴ വിവരണം ആവർത്തിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം.

4. ലുത്തിനിയ ചൊല്ലാം 

സന്ധ്യാപ്രാർത്ഥനയുടെ സമയത്തോ മറ്റ് എപ്പോഴെങ്കിലുമോ ദിവ്യകാരുണ്യ ലുത്തിനിയ കുടുംബസമേതം ചൊല്ലാം.

5. അൾത്താര ഒരുക്കാം 

ഈശോയുടെ ക്രൂശിതരൂപം നടുവിൽ സ്ഥാപിച്ച്, പൂക്കളും തിരികളുമൊക്കെ വച്ച് അലങ്കരിച്ച് വീട്ടിലെ സ്വീകരണമുറിയിൽ തന്നെ ഒരു അൾത്താര ഒരുക്കാം. ഇത്തരം ചെറിയ, എന്നാൽ വളരെ പ്രാധാന്യമുള്ള പ്രവര്‍ത്തികളിലൂടെ ദിവ്യകാരുണ്യ ഭക്തി വളർത്തുകയും അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യാം.