വഴിയോരങ്ങളില്‍ അവര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു

    ഫാ. ജോഷി കണ്ടത്തിൽ സിഎംഐ

    Corpus Christi… അതായത് പരിശുദ്ധ കുർബാനയുടെ തിരുനാൾ. ഈ വലിയ തിരുനാൾ കഴിഞ്ഞതിന്റെ രാത്രിയിലാണ് ഇതെഴുതുന്നത്. Corpus Christi തിരുനാളിന് റീത്ത് വ്യത്യസം അനുസരിച്ച് പ്രാധാന്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ലത്തീൻ സഭയിൽ ഇത് വലിയ ഒരു തിരുനാൾ തന്നെയാണ് എന്ന് മനസിലാക്കുവാൻ ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾ വേണ്ടിവന്നു.

    പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള നമ്മുടെ അറിവും പരമ്പര്യമായിട്ടുള്ള നമ്മുടെ വണക്കവും ഭക്തിയും തന്നെയാണ് ഇക്വഡോറിലെ വിശ്വാസികളിലും കാണുവാൻ കഴിഞ്ഞത്. അവർക്കുവേണ്ടി ചെറുതായവന്റെ മുമ്പിൽ ചെറുതാവാൻ മടിയില്ലാത്തവർ, അവർക്കുവേണ്ടി ത്യാഗം സഹിച്ച് കുർബാന ആയവനുവേണ്ടി ത്യാഗം സഹിക്കുവാൻ  തയ്യാറായവർ … അതാണ് രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണത്തിൽ പ്രകടമാക്കിയത്.

    നമ്മുടെ നാട്ടിലും പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം ഉണ്ടെങ്കിലും അത് ഇപ്പോൾ പള്ളിപ്പരിസരത്തു മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണ്. എന്നാൽ, വിദേശരാജ്യങ്ങളിൽ അങ്ങനെയല്ല. അവിടെ തെരുവീഥികളിലൂടെ പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം നടത്തുക എന്നത് പതിവാണ്. ആ പ്രദക്ഷിണത്തിൽ അലക്ഷ്യമായി നിൽക്കുന്ന ഒരാളെപ്പോലും കാണുവാൻ കഴിയില്ല. അത്രയ്ക്ക് ഭക്തിമയമാണ് അവ.

    ഇവിടെയാണ് അവരുടെ ത്യാഗവും ചെറുതാകലിന്റെ മഹത്വവും കാണേണ്ടത്. വിശുദ്ധ കുർബാനയുമായി കടന്നുവരുന്ന വഴിയിൽ വലിയവരെന്നും ചെറിയവരെന്നും വ്യത്യാസമില്ലാതെ എല്ലാവരും മുട്ടുകുത്തി ആശീർവാദം സ്വീകരിക്കും. അതിന് അവർ മാനക്കേടൊന്നും കാണിക്കാറില്ല. കാരണം, ഒരിക്കൽ തങ്ങൾക്കുവേണ്ടി അപമാനിക്കപ്പെട്ടവനെ തെരുവീഥികളിൽ അവർ മാനിക്കുന്നു എന്ന ഉറച്ച ബോധ്യത്തോടെയാണ് അവർ അത് ചെയ്യുന്നത്.

    “ജെറുസലേം പ്രവേശനത്തിൽ ഈശോയെ വഹിക്കുവാൻ ഭാഗ്യം ലഭിച്ച കഴുതയെപ്പോലെ, പരിശുദ്ധ കുർബാനയിലെ ഈശോയെ വഹിക്കുവാൻ ഇന്ന് ഈ കഴുതയ്ക്കും ഭാഗ്യം ലഭിച്ചു” എന്ന് ഒരിക്കൽ ഞങ്ങളുടെ സഭയിലെ ഒരു വല്യച്ചൻ പറഞ്ഞിരുന്നു. ലജ്ജയോ മാനക്കേടോ കൂടാതെ തെരുവുകളിൽ ദിവ്യകാരുണ്യ ഈശോയ്ക്ക് മുന്നിൽ മുട്ടുകുത്തി ആശീർവാദം സ്വീകരിച്ച ആ ജനത്തെ കണ്ടപ്പോൾ ആ വല്യച്ചന്റെ വാക്കുകളാണ് ഓർമ്മയിലേയ്ക്ക് വന്നത്.

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ …

    ഫാ.ജോഷി കണ്ടത്തിൽ CMI, ഇക്വഡോർ