
‘ഗോ ഗോ ഗോ കൊറോണ’ എന്നുതുടങ്ങുന്ന ഗാനം ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. സിഎംസി കോണ്‍ഗ്രിഗേഷന്‍റെ ഈ ഗാനമാണ് കൊറോണക്കാലത്ത് ഒരു വേറിട്ട കാഴ്ചയായി മാറുന്നത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ, മാസ്ക്ക് ഇല്ലാത്ത സ്ഥിതി, വീട്ടില്‍ വെറുതെ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനുള്ള ഒരു പ്രചോദനം ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇവര്‍ ഈ ഗാനം ചെയ്തിരിക്കുന്നത്.
ഈ ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പലവിധ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സന്യാസിനിമാരെയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അത് ഒരു പ്രചോദനമാണ്. നന്മ ചെയ്യുവാനും ഈ കൊറോണക്കാലം ഫലപ്രദമാക്കുവാനുമുള്ള ഒരു ആഹ്വാനം.
വീട്ടില്‍ പച്ചക്കറി നടുവാനും മറ്റുള്ളവരെ ശുശ്രൂഷിക്കാനുമുള്ള പ്രചോദനം ഇതിലൂടെ അനേകര്‍ക്ക് ഉണ്ടാവുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ജനങ്ങള്‍ക്ക് ചെയ്യുവാന്‍ പറ്റുന്ന കാര്യങ്ങള്‍ ഈ കൊറോണക്കാലത്ത് സിസ്റ്റര്‍മാര്‍ തങ്ങളാല്‍ കഴിയുന്നവിധം ചെയ്യുന്നു. ശുശ്രൂഷകളിലൂടെ ഈ കൊറോണക്കാലത്ത് നമുക്ക് അതിജീവിക്കുവാന്‍ സാധിക്കുമെന്നുള്ള ഒരു പ്രചോദനമാണ് ഈ ഗാനം പ്രേഷകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.
ഇതിനെ ട്രോളിക്കൊണ്ട് മറ്റൊരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പക്ഷേ, അതൊന്നും ഈ വീഡിയോ നൽകുന്ന സന്ദേശത്തിൻ്റെ മാറ്റ് കുറയ്ക്കുന്നില്ല.
ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സിസ്റ്റര്‍ അക്വീന CMC ആണ്. ആലുവായിലുള്ള മൌണ്ട് കാര്‍മ്മല്‍ ജനറല്‍ ഹൗസിലെ മദര്‍ സിബിയും കൌണ്‍സിലേഴ്സും ആണ് ഈ ഗാനത്തിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.
സംവിധാനം, ക്യാമറ, എഡിറ്റിംഗ്, ഓഡിയോ മിക്സിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ഹെൻട്രി ജോയ് പടിഞ്ഞാക്കര ആണ്. നാല്‍പതോളം സിഎംസി സിസ്റ്റേഴ്സിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ഗാനം പുറത്തിറങ്ങിയിട്ടുള്ളത്. സി. അക്വിന, സി. ജെയ്സി, സി. മരിയ ആന്റോ, സി. ഗ്ലോറി മരിയ, സി. ജിസ് മരിയ, സി. ഹിത, സി. ജെസ്മി എന്നീ ഏഴു സിസ്റ്റേഴ്സ് ഈ സംരംഭത്തില്‍ പാട്ടുപാടുവാനായി മാത്രം ഒന്നുചേര്‍ന്നിട്ടുണ്ട്. സഹസംവിധാനം സി.ഷാരോൺ CMC യും നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ അസിസ്റ്റൻസ് ആയി സി. നോയൽ CMC , സി. ഗ്ലോറി മരിയ CMC, സി.ആൻസി CMC എന്നിവരും ഈ ഗാനത്തിൻ്റെ പിന്നണിയിലുണ്ട്. സി. ആനി ഡേവിസ്, സിഎംസി കോണ്‍ഗ്രിഗേഷന്‍റെ ജനറല്‍ കൌണ്‍സിലറും മീഡിയായുടെ ചുമതല വഹിക്കുന്ന വ്യക്തിയും ആണ്.
1866 ഫെബ്രുവരി 13 – ന് കൂനമ്മാവില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാലും ഇറ്റാലിയന്‍ മിഷനറിയായ ഫാദര്‍ ലെയോപോള്‍ഡ് ബെക്കാറൊ OCD യാലും ആണ് സിഎംസി കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായത്. ഇപ്പോള്‍ ഈ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിബി CMC ആണ്. ഇന്ന് 6200 ഓളം അംഗങ്ങള്‍ ഉള്ള ഈ സന്യാസ സമൂഹം ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്നു.
സി. സൗമ്യ DSHJ