കൊറോബു

സുനീഷ നടവയല്‍
സുനീഷ നടവയല്‍

“ആരെങ്കിലും എന്നെ തുറന്നു വിടൂ. ദൈവം കരയുന്ന ശബ്ദം എനിക്ക് കേൾക്കാൻ സാധിക്കുന്നുണ്ട്. എനിക്കുറപ്പുണ്ട്, അത് ദൈവം തന്നെയാണ്” – മരം കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ ജയിലിനുള്ളിൽ കിടന്ന് റോഡ്‌റിഗസ് എന്ന ജെസ്യുട്ട് പുരോഹിതൻ ഹൃദയം തകർന്ന് ഉറക്കെ അലറിവിളിക്കുകയാണ്. അതും അർദ്ധരാത്രിയിൽ.

“അത് ദൈവമല്ല, മനുഷ്യരാണ്” – കാവൽക്കാരുടെ മറുപടി.

മണ്ണിനടിയിലെ കുഴികളിൽ കഴുത്തു മുതൽ തല വരെയും തലകീഴായി കെട്ടിത്തൂക്കി ഇറക്കിവച്ച് പലക കൊണ്ട് അടയ്ക്കപ്പെട്ട് ക്രിസ്തുവിലുള്ള വിശ്വാസത്തെ തള്ളിപ്പറയുന്നതുവരെ തുടരുന്ന അതിഭീകരമായ പീഡനം.

മാർട്ടിൻ സ്കോർസെസ്സെയുടെ ‘സൈലൻസ്’ എന്ന സിനിമയിലെ (Silence -2016) ഒരു രംഗമാണിത്. പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്നുകൊണ്ടിരുന്ന ക്രൈസ്തവ മതപീഡനങ്ങളെക്കുറിച്ച് രചിക്കപ്പെട്ട ‘സൈലൻസ്‌ ‘ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയെടുത്ത ചിത്രം.

മനുഷ്യമനസിന്റെ അടിത്തട്ട് പോലും ഇളക്കിക്കളയുന്ന ഒരുപാട് ഹൃദയഭേദകമായ രംഗങ്ങളുണ്ട് അതിൽ. ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത ബൈബിളിൽ ചവിട്ടിക്കൊണ്ട് തങ്ങളുടെ വിശ്വാസത്തെ നിരസിക്കുക എന്നതാണ് ഭരണാധികാരികളുടെ ആവശ്യം. അതിന് തയ്യാറാകാത്തവരെ അതിക്രൂരമായ പീഡനങ്ങൾക്ക് ഏൽപ്പിച്ചുകൊടുത്തു കൊണ്ട് കൊന്നുകളയുകയാണ് പതിവ്. ഇതെല്ലാം കണ്ട് തന്റെ വിശ്വാസത്തെ കൂടുതലായി ഹൃദയത്തിൽ ഉറപ്പിക്കുകയാണ് ആ യുവ വൈദികൻ. പക്ഷേ, ദിവസങ്ങളായി അധികാരികൾ അദ്ദേഹത്തോട് പല രീതിയിൽ ഒരേ കാര്യമാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് – ‘കൊറോബു.’ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കുന്നതിന് സൂചിപ്പിക്കുന്ന ജാപ്പനീസ് പദമാണ് കൊറോബു. വീഴുക എന്നും ഈ പദത്തിന് അർത്ഥമുണ്ട്. ഒടുവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടിരിക്കുന്ന പാവപ്പെട്ട വിശ്വാസികളെ രക്ഷിക്കുന്നതിനായി ഈ കാഴ്ച കണ്ട്‌ ‘കൊറോബു’ എന്നു നിലവിളിച്ചുകൊണ്ട് ബൈബിളിൽ ചവിട്ടുകയാണയാൾ.

മിഷൻ പ്രവർത്തനത്തിനു വന്ന പുരോഹിതൻ ഒരു കൂട്ടം ആളുകളുടെ ജീവൻ രക്ഷിക്കുവാനായി ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ തള്ളിപ്പറയുന്ന ഒരു സാധാരണ സംഭവമെന്ന രീതിയിൽ നമുക്കിതിനെ ശൂന്യവൽക്കരിക്കാം. പക്ഷേ, ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള വാക്കാലുള്ള ആ തള്ളിപ്പറച്ചിലുകളേക്കാളുപരി ഒരു മനുഷ്യൻ എന്ന നിലയിൽ നിന്നും ക്രിസ്തുവിലേയ്ക്കുള്ള ദൂരം ആ നിമിഷം കുറയുകയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മിഷൻ പ്രവർത്തനം.

ആരംഭം മുതൽ തന്നെ ക്രൈസ്തവരെയും അവരുടെ വിശ്വാസത്തിനെയും ഇല്ലായ്‌മ ചെയ്യുവാൻ ഒട്ടനവധി ഭരണാധികാരികൾ ശ്രമിക്കുന്നതായി നമുക്ക് കാണാം. പക്ഷേ, എവിടെയൊക്കെ തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ അവിടെയൊക്കെ ചോദ്യം ചെയ്യപ്പെടാനും മാത്രം അർഹതയില്ലാത്തവിധം തീക്ഷ്ണമായ വിശ്വാസപ്രകാശനം നടക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും. ബൈബിളിൽ പഴയനിയമത്തിലടക്കം (ദാനി. 3:6) ലോകചരിത്രത്താളുകള്‍ ഇന്നോളം ക്രൈസ്തവപീഡനങ്ങളെക്കുറിച്ച് നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്.

സ്വന്തമായി ഒരു കൊന്തയോ കുരിശോ ബൈബിളോ എന്തിനേറെ പറയുന്നു, ഒന്നുറക്കെ പ്രാർത്ഥിക്കുവാൻ പോലും സാധിക്കാതെ ഗുഹകളിലും ഭൂഗർഭ അറകളിലും ജീവിക്കുവാൻ വിധിക്കപ്പെട്ട ആളുകൾ. ഇതിന്റെ ഒരേയൊരു കാരണം അവർ ക്രിസ്തുവിനെ ഏറ്റുപറഞ്ഞു എന്നുള്ളതു മാത്രമാണ്. തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മറ്റുള്ളവരെപ്പോലെ സാധാരണ ജീവിതം നയിക്കുവാൻ സാധിക്കാമായിരുന്നിട്ടും അതിന് തയ്യാറാകാത്തവർ. ഏതു നിമിഷവും ജീവനെടുക്കപ്പെടാമെന്ന് ബോധ്യമുള്ള മരണം എപ്പോഴും മുന്നിൽ കണ്ട് ജീവിക്കുന്നവർ. ഗത്സമെനിൽ യേശു അനുഭവിച്ച ദുഃഖഭാരം ജീവിതകാലം മുഴുവനും പേറുന്നവര്‍. അവരുടെ മനസ്സിലെ ആത്മീയദാഹത്തിന്റെ അതിർവരമ്പുകളൊന്നും ആർക്കും കണ്ടെത്തുവാൻ കഴിയില്ല. ഒരു അളവുകോലിനും അളക്കുവാൻ സാധിക്കുകയില്ല.

“വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേയ്ക്ക് വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍” (മത്തായി 9:37-38). ലോകം കണ്ട ഏറ്റവും വലിയ മിഷനറിയായ യേശുവിന്റെ ഈ വചനം എക്കാലവും പ്രസക്തമാണ്. ലോകത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്ക് യാതൊന്നും കൈവശമില്ലാതെ അവിടുത്തെ വചനം പറയുവാൻ ഇറങ്ങിത്തിരിച്ച അനേകായിരം ആളുകളുണ്ട്. അവർക്കെല്ലാവർക്കും ഒരേ മുഖമാണ്; യേശുക്രിസ്തുവിന്റെ മുഖം. ചെന്നിറങ്ങുന്ന ഇടങ്ങളിൽ പ്രതീക്ഷിക്കാവുന്നതിനുമപ്പുറത്തുള്ള വെല്ലുവിളികൾ എന്നുമുണ്ട്. ചിലപ്പോഴൊക്കെ തോന്നിപ്പോകാവുന്ന, തികച്ചും മാനുഷികമായ പിന്തിരിയലിന്റെ ചിന്തകളെപ്പോലും ഇല്ലാതാക്കിക്കളയുന്ന ജീവിതസന്ദർഭങ്ങൾ നേർചിത്രങ്ങളായേക്കാം. ചെന്നെത്തുന്ന ഇടങ്ങളിൽ തങ്ങളെക്കാളുപരി അവിടുത്തെ വിശ്വാസികൾ ക്രിസ്തുവിനായി ജീവിതം സമർപ്പിക്കുന്നുണ്ടെന്നു മനസ്സിലാക്കപ്പെടുന്ന നിമിഷങ്ങളുണ്ടായേക്കാം. അതിലൂടെയൊക്കെ കടന്നുപോകപ്പെടുമ്പോഴാണ് ‘ദൈവം അയച്ചവന്റെ’ യഥാർത്ഥ മിഷൻ ആരംഭിക്കുന്നത്.

കാഴ്ചകളേക്കാളും കേൾവികളേക്കാളുമുപരി ഹൃദയം കൊണ്ടുള്ള ഏറ്റുപറച്ചിലുകളും വിശ്വാസപ്രഘോഷണവും നടത്തുന്ന ഓരോ ആളുകളിലുമാണ് ക്രിസ്തു വസിക്കുന്നത് എന്ന് അവിടുന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഏറ്റുപറച്ചിലിലൂടെ അവിടുന്ന് തുടങ്ങിവച്ച ആ മിഷൻ ഇന്നും അനുസ്യൂതം തുടരുന്നുണ്ട്. കാലത്തിനനുസരിച്ച് സുവിശേഷവും വിശ്വാസവും ആളുകളിലേയ്ക്കെത്തിക്കുമ്പോഴാണ് യേശുവിനെ അന്നുള്ളവർ മനസ്സിലാക്കിയതുപോലെ ഈ തലമുറയും മനസ്സിലാക്കുകയുള്ളൂ. അങ്ങനെ മാത്രമാണ് കാലാതീതമായ ഒരു മിഷൻ പ്രവർത്തനം സാധ്യമാകുകയുള്ളൂ.

രണ്ടായിരത്തി ഇരുപത് വർഷങ്ങൾക്കു മുമ്പ് ജീവിച്ച ഒരു contemporary യേശുവിനെയാണ് നാം മാതൃകയാക്കേണ്ടത്. ചോദ്യം ചെയ്യപ്പെടലിളേയും പീഡനങ്ങളുടെയും വലിയ മണിക്കൂറുകളിൽ അവർ അനുഭവിക്കുന്ന മാനസികവ്യഥയൊക്കെ നമുക്കൊക്കെ വെറും കേട്ടുകേൾവിയോ സിനിമാക്കഥയോ മാത്രമായേക്കാം. പക്ഷേ, ഈ നിമിഷത്തിൽ പോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് നമുക്കൊക്കെ ചോദിക്കാവുന്നതിലുമപ്പുറത്തെ പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് വിശ്വാസത്തെപ്രതി സ്വർഗ്ഗത്തെ നേരിൽ കണ്ടുകൊണ്ട് മരണം ഏറ്റുവാങ്ങുന്ന അനേകായിരങ്ങളുണ്ട്. ചിലപ്പോഴൊക്കെ അനേകരുടെ ജീവനെപ്രതി ‘കൊറോബു’ എന്ന് ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ട് വിശ്വാസത്തെ ഉള്ളിലൊതുക്കി അതിളേ മർദ്ദം താങ്ങി ജീവിക്കുന്നവരുമുണ്ട്. എങ്കിലും അവരുടെയൊക്കെ ഉള്ളിലെ വീഴ്ചകൾ ചെന്നുപതിക്കുന്നത് അവിടുത്തെ ഹൃദയത്തിലേയ്ക്കാണ്. ഇവരെയൊക്കെ തീർച്ചയായും അവിടുന്ന് ആലിംഗനം ചെയ്യുമെന്നതിൽ സംശയമില്ല.

പുറമെയുള്ള തിരസ്കാരം കൊണ്ട് മറ്റുള്ളവരുടെ ജീവൻ നേടിയെടുക്കുന്നതിലൂടെ അവരും മറ്റൊരു ക്രിസ്തുവായി മാറ്റപ്പെടുകയാണ്. മറ്റുള്ളവർക്കുവേണ്ടി സ്വജീവൻ ബലികഴിച്ചവനെപ്പോലെ, ഉള്ളിലുള്ളതിനെ മറ്റുള്ളവർക്കുവേണ്ടി ഉപേക്ഷിക്കുമ്പോൾ വലിയൊരു പ്രേഷിതപ്രവർത്തനത്തിന് കളമൊരുങ്ങുന്ന വേദിയായി മാറ്റപ്പെടുകയാണ്. അതുകൊണ്ടു തന്നെ കല്ലേറുകൾ ഏൽക്കപ്പെടുമ്പോൾ അവിടുത്തേയ്ക്കുവേണ്ടി കൂടുതൽ കരുത്താർജ്ജിക്കുകയാണ് വേണ്ടത്.

പ്രേഷിതപ്രവർത്തനം എന്താണെന്നുള്ളതിനുപരി അനേകായിരങ്ങൾ ഏറ്റുവാങ്ങുന്ന പീഡനങ്ങളെ തുറന്നുവയ്ക്കുമ്പോഴാണ് യാതാർഥ്യമെന്തെന്നും യഥാർത്ഥ മിഷൻ എന്താണെന്നും ബോധ്യമുണ്ടാകുക. അതിലുപരി ക്രിസ്തുവിനുവേണ്ടി സഹിക്കുമ്പോൾ നാം സ്വർഗ്ഗത്തിൽ മഹത്വപ്പെടുന്നുണ്ടെന്ന ബോധ്യത്തെ മനസ്സിലാക്കുവാൻ സാധിക്കുക. മറഞ്ഞിരുന്നുകൊണ്ടും അടക്കിപ്പിടിച്ച സംസാരങ്ങൾ കൊണ്ടും അവിടുത്തെ ആരാധിക്കുന്ന അവരുടെ വിശ്വാസത്തിന്റെ ആഴം, ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുകയും വിശുദ്ധ ഗ്രന്ഥവും മറ്റു വിശുദ്ധ വസ്തുക്കളും എപ്പോഴും എവിടെയും യഥേഷ്ടം കൊണ്ടുനടക്കുവാനും, സ്വാതന്ത്ര്യമുള്ള നമുക്കുണ്ടാകില്ല. കാരണം, ചോദ്യം ചെയ്യപ്പെടാത്തിടത്തോളം കാലം എല്ലാവരും വിശ്വാസികൾ തന്നെയാണ്. എന്നാൽ അങ്ങനെയൊരു കാലമുണ്ടാകുമ്പോഴാണ് ഇക്കാലമത്രയും ഉണ്ടായിരുന്നതൊക്കെ യാഥാർത്ഥ വിശ്വാസം തന്നെയാണോ എന്നുള്ള തിരിച്ചറിവുണ്ടാകുക.

‘സൈലെൻസി’ൽ റോഡ്‌റിഗസും ദൈവവും തമ്മിൽ ഒരു സംഭാഷണമുണ്ട്: “ദൈവമേ, ഞാൻ നിന്റെ നിശബ്ദതയ്ക്കെതിരെയാണ് പോരാടിയത്. പക്ഷേ, നീ ഒരിക്കൽപ്പോലും എനിക്കു വേണ്ടി ശബ്‌ദിച്ചില്ല.” അപ്പോൾ ദൈവം ആ പുരോഹിതന് മറുപടി നൽകുന്നുണ്ട്. “ഞാൻ ഒരിക്കലും നിശബ്ദനായിരുന്നില്ല. ഞാനും നിന്റെ കൂടെ നിന്റെ സഹനങ്ങളിൽ ഉണ്ടായിരുന്നു” എന്ന്.

ഏറ്റുപറയപ്പെട്ടുകൊണ്ട് സഹനങ്ങളെ ഏറ്റുവാങ്ങുമ്പോൾ അവിടുന്നും കൂടെയുണ്ടെന്നുള്ള വലിയ ബോധ്യം നമുക്കുണ്ടാകണം. തോക്കിൻമുനയിൽ നിൽക്കുമ്പോൾ പോലും അവിടുത്തെ ഏറ്റുപറയുവാൻ ധൈര്യം കാണിക്കുന്നവരുടെ പക്കലേയ്ക്ക് പ്രാര്‍ത്ഥനയായിട്ടെങ്കിലും നമ്മുടെ സാന്നിധ്യം എത്തപ്പെടട്ടെ. ക്രിസ്തുവിന്റെ മുഖമുദ്രയുള്ള അനേകായിരം മിഷനറിമാർ ഇനിയും ഒരുപാടുണ്ടാകട്ടെ.

പ്രാർത്ഥനാശംസകൾ!!!

സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.