വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്റെ പുതിയ പ്രഖ്യാപനങ്ങള്‍

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ 5 പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു. ഒരു ദൈവദാസിയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതവും നാലു ദൈവദാസരുടെ വീരോചിതപുണ്യങ്ങളുമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘം അംഗീകരിച്ചത്. സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചുവിനെ ഫ്രാന്‍സിസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ ഈ സംഘം പുറപ്പെടുവിച്ചത്. ഒരു അത്ഭുതവും നാല് വീരോചിതപുണ്യങ്ങളും അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ഉണ്ടായത്.

ഇവയില്‍ ആദ്യത്തേത്, ഇറ്റലി സ്വദേശിനിയും അത്മായവിശ്വാസിയുമായ ദൈവദാസി മരിയ അന്തോണിയ സമായുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതത്തെ സംബന്ധിച്ചതാണ്. ഇറ്റലിയിലെ സാന്ത് അന്ത്രയാ യോനിയോയില്‍ 1875 മാര്‍ച്ച് 2-നു ജനിക്കുകയും 1953 മെയ് 27-ന് അവിടെ വച്ചുതന്നെ മരണമടയുകയും ചെയ്ത ദൈവദാസി മരിയ അന്തോണിയ സമായെ (Maria Antonia Samà) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ അത്ഭുതമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.

തുടര്‍ന്നു വരുന്ന നാലു പ്രഖ്യാപനങ്ങള്‍, ഇറ്റലിയില്‍ ജനിക്കുകയും മെക്‌സിക്കോയില്‍ വച്ച് മരണമടയുകയും ചെയ്ത (1645/1711) ഈശോസഭാ വൈദികന്‍ എവുസേബിയൊ ഫ്രാന്‍ചെസ്‌കൊ കീനി (Eusebio Francesco Chini), യേശുവിന്റെ ദാസികള്‍ എന്ന സന്ന്ന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകനായ സ്‌പെയിന്‍ സ്വദേശിയായ രൂപതാ വെദികന്‍ മരിയാനൊ ജുസേപ്പെ ദെ ഇബാര്‍ഗെന്‍ഗൊയിത്തിയ ത്സുല്വാഗ (Mariano Giuseppe de Ibargüengoitia y Zuloaga 1815/1888), സ്‌പെയിന്‍ സ്വദേശിനിയും രക്ഷകന്റെ സമൂഹം എന്ന സമര്‍പ്പിതജീവിത സമൂഹത്തിന്റെ സ്ഥാപകയുമായ മരിയ ഫെലിക്‌സ് തോറസ് (Maria Félix Torres 1907/2001), കുരിശിന്റെ നിശബ്ദവേലക്കാരുടെ സമിതിയിലെ അത്മായാംഗവും ഇറ്റലിക്കാരനുമായിരുന്ന ആഞ്ചോളിനോ ബൊണേത്ത (Angiolino Bonetta 1948/1963), എന്നീ ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.