കുമ്പസാരത്തിലെ നാല് ഏറ്റുപറച്ചിലുകള്‍

നമ്മുടെ ജീവിതത്തില്‍ പലപ്പോഴും കേള്‍ക്കാറുള്ള വാക്കാണ് ‘നല്ല കുമ്പസാരം’. എന്താണ് നല്ല കുമ്പസാരമെന്ന് ചിന്തിച്ചിട്ടുണ്ടോ. ബൈബിള്‍ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ പ്രാധാനമായും നാലു തരത്തിലുള്ള പാപത്തിന്റെ ഏറ്റുപറച്ചിലാണ് യഥാര്‍ത്ഥ കുമ്പസാരത്തില്‍ നടക്കുന്നത്. അവ ഏതൊക്കെയെന്ന് പരിശോധിച്ച്, തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അടുത്ത തവണത്തെ കുമ്പസാരത്തിനു മുമ്പ് അവ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

1. ദൈവത്തോട് നേരിട്ടുള്ള ഏറ്റുപറച്ചില്‍

സങ്കീര്‍ത്തനങ്ങള്‍ 51-ാം അധ്യായത്തില്‍, ദാവീദ് രാജാവ് സ്വന്തം പാപങ്ങളെയോര്‍ത്ത് ദൈവത്തോട് വിലപിക്കുന്നതു കാണാം. ഇവിടെ നമുക്ക് ദൈവത്തോട് നേരിട്ടുള്ള ഏറ്റുപറച്ചില്‍ വളരെ വ്യക്തമായി കാണാന്‍ സാധിക്കും. അതുപോലെ തന്നെ ദാനിയേലിന്റെ പുസ്തകം 9:45 വാക്യങ്ങളില്‍, ജറെമിയാ പ്രവാചകനുണ്ടായ അരുളപ്പാട് പ്രകാരം ദാനിയേല്‍ നേരിട്ട് ദൈവത്തോട് അനുതപിച്ച് പാപങ്ങളെ ഏറ്റുപറയുന്നത് നമുക്ക് കാണാം.

2. പാപം ആരോട് ചെയ്യുന്നുവോ അയാളോടുള്ള ഏറ്റുപറച്ചില്‍

പുതിയനിയമത്തില്‍ വി. മത്തായിയുടെ സുവിശേഷം 5:23-24 വാക്യങ്ങളില്‍ , സഹോദരനോട് ചെയ്ത പാപങ്ങള്‍ അവനോടു തന്നെ തീര്‍ക്കണം എന്ന് നമ്മുടെ കര്‍ത്താവ് പറയുന്നതായി കാണാം. അതുപോലെ, വി. ലൂക്കായുടെ സുവിശേഷം 17:34 വാക്യങ്ങളില്‍, സഹോദരന്‍ നിന്നോട് പാപം ചെയ്തിട്ട് നിന്നോട് മാപ്പു ചോദിച്ചാല്‍ അവനോട് ക്ഷമിക്കണമെന്നും കര്‍ത്താവ് പറയുന്നു.

3. സ്വയം വിചാരണയും സ്വയം ഏറ്റുപറച്ചിലും

പുതിയനിയമത്തില്‍ വി. ലൂക്കായുടെ സുവിശേഷം 15:17-18 വാക്യങ്ങളില്‍ ഉപമയിലൂടെ കര്‍ത്താവ് പുത്രന്റെ സ്വയം വിചാരണയും ഏറ്റുപറച്ചിലും നമുക്ക്  വെളിപ്പെടുത്തി തരുന്നു.

4. ഒരു പുരോഹിതനോടോ ദൈവത്താല്‍ നിയമിക്കപ്പെട്ട ഒരു വ്യക്തിയോടോ ഉള്ള ഏറ്റുപറച്ചില്‍

അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: ‘മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.’ ഇതു കേട്ട ഫരിസേയര്‍ പിറുപിറുക്കുന്നതാണ്
‘ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക?’ എന്ന് (മര്‍ക്കോ. 2:11-12).

ഇത് ദൈവവചനമല്ല. ഫരിസേയരുടെ ഈ വാക്യങ്ങളെ ദൈവചനമായി സ്വീകരിച്ച്‌ മനുഷ്യപുത്രന്റെ പാപമോചനാധികാരത്തെ എതിര്‍ക്കുന്നവര്‍ സാത്താന്റെ വക്താക്കളാണ്. ഈശോ ഭൂമിയില്‍ അവതരിച്ചതു തന്നെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുവാനാണല്ലോ. മാത്രമല്ല, ശാരീരിക സൗഖ്യത്തേക്കാള്‍ പ്രധാനം പാപമോചനം കൊണ്ടുള്ള ആത്മീയസൗഖ്യമാണെന്നും അവിടുന്ന് വ്യക്തമാക്കി.