മീശ പിരിക്കുന്ന മണൽ തരികൾ

ഫാ. ബിവാൾഡിൻ

ക്രിസ്തു സ്ഥാപിച്ചതും, ശ്ലീഹന്മാർ വളർത്തിയതും, കോടാനുകോടി വിശ്വാസികളാൽ പരിപോഷിപ്പിക്കപ്പെട്ട് പന്തലിച്ചതുമായ സഭയുടെ അടിത്തറ ക്രിസ്തുവിന്റെ കാലാതിവർത്തിയായ വചനങ്ങൾ തന്നെയാണ്. അതിനു പകരം വയ്ക്കാൻ ഈ ഭൂമിയിലൊന്നുമില്ല. എന്നാൽ ആ വചനത്തെ തിരുത്തിയെഴുതാൻ പോന്ന ചില ശുപാർശകളുമായി വനിതാ കമ്മീഷൻ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നുവത്രേ!!! ക്രിസ്തുവിന്റെ നിർമിതികളെ അവർ തച്ചുതകർക്കാൻ പോകുന്നുവത്രെ!!! ഗിരിനിരകൾക്ക് മുന്നിൽ ഒരു മണൽത്തരി മുണ്ടും മാടിക്കുത്തി, മസിലും പെരുപ്പിച്ച്, മീശ പിരിച്ച് നിൽക്കുന്ന ഈ ചിത്രം ചിരിയുണർത്തുന്നു.

സഭയുടെ രണ്ടായിരത്തിലധികം വർഷങ്ങൾ നീണ്ട പ്രയാണത്തിന് ചൂട്ടുകത്തിച്ചാരും വഴികാണിക്കേണ്ടി വന്നിട്ടില്ല. കാരണം, ഈ ലോകത്തിന്റെ പ്രകാശമാണ് ഞാനെന്ന് പറയാൻമാത്രം ആർജവമുള്ള,  അസ്തമിക്കാത്തൊരു സൂര്യനു പിന്നാലെയാണ് അവളുടെ നടപ്പ്. ഏതൊക്കെയോ ഇരുട്ടറകളിൽ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കുകളുടെ വെളിച്ചം മാത്രമേ കണ്ടിട്ടുള്ളൂ എന്നതുകൊണ്ട് ആ തിരിനാളങ്ങളേക്കാൾ ഭൂമിയെ, മനുഷ്യനെ പ്രകാശിപ്പിക്കാൻ പോന്നതൊന്നുമില്ലെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

ജീവിതകാലത്ത്, കുമ്പസാരക്കൂടിന്റെ പടി പോലും കണ്ടിട്ടില്ലാത്ത, പറ്റിപ്പോയ ഒരു ചെറിയ തെറ്റു പോലും ഏറ്റുപറഞ്ഞ് ശീലമില്ലാത്ത, ഒരു കുഞ്ഞു രഹസ്യം പോലും സൂക്ഷിക്കാൻ ത്രാണിയില്ലാത്ത, സൂര്യനു കീഴെയുള്ള (ചിലപ്പോൾ അതിന് മുകളിലുള്ളതും) സകലതിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പ്രകടിപ്പിക്കാൻ മാത്രം അറിവുണ്ടെന്നൊക്കെ സ്വയം വിചാരിച്ചുവശായ, കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചോ, വിശാലമായ ദൈവശാസ്ത്ര ചിന്തകളെക്കുറിച്ചോ ലവലേശം ബോധമില്ലാത്ത കോമാളി വേഷങ്ങൾ കുമ്പസാരത്തിന്റെ നയങ്ങൾ രൂപീകരിക്കാൻ സഭയെ ഉപദേശിക്കുന്നത് കാണുമ്പോൾ മെഴുകുതിരി കത്തിച്ച് സൂര്യന് വഴികാട്ടിക്കൊടുക്കുന്ന മനുഷ്യരെപ്പോലെ തോന്നുന്നു. തങ്ങൾ മെഴുകുതിരി കത്തിച്ചു പിടിക്കുന്നതുകൊണ്ടാണ് സൂര്യൻ എന്നും പടിഞ്ഞാറ് അസ്തമിക്കുന്നതെന്നാണ് അവരുടെ ചിന്ത. ഒരു ദിവസം അങ്ങനെ ചെയ്തില്ലെങ്കിൽ സൂര്യൻ വടക്ക് അസ്തമിച്ചു കളയുമോ എന്നൊക്കെ പേടിക്കുന്നത് വിവരദോഷമായല്ല, വിജ്ഞാനമായാണ് അവരെണ്ണുന്നതെന്നത് എത്രയോ പരിതാപകരം…

മനസിന്റെ ഭാരങ്ങൾ ഇറക്കിവച്ച് ഒരു പഞ്ഞിക്കെട്ടുപോലെ പാറി നടക്കുന്ന മനുഷ്യർ അതിന് കഴിയാത്തവരെ തെല്ലൊന്നുമല്ല അസൂയപ്പെടുത്തുന്നത്. ചീട്ടെടുക്കാതെ, ഫീസടയ്ക്കാതെ ഹൃദയ വ്യഥകൾ മുഴുവൻ ചൊരിയാൻ എത്ര കുമ്പസാരക്കൂടുകളാണിങ്ങനെ നിരന്നു കിടക്കുന്നത്. മനശ്ശാന്തി മാത്രമല്ല ദൈവത്തിന്റെ അനന്തമായ കാരുണ്യം കൂടെയാണ് അതിലൂടെ ഒഴുകിയെത്തുന്നത്.

കിട്ടാത്ത മുന്തിരിക്കുലകൾക്ക് അന്നുമിന്നും പുളിയാണ്!!!

ഒരു വനിതാ കമ്മീഷൻ അംഗമോ, നാല് ചാനൽ ചർച്ചാ തൊഴിലാളികളോ ഒരു മഹാ മേരുവിന് ചുവട്ടിലിരുന്ന് കുഴിയാന കളിച്ചതുകൊണ്ട് നാളെയാപർവ്വതം കടലിൽ വീഴും എന്നൊക്കെ വിചാരിച്ച് വേവലാതിപ്പെടേണ്ടതില്ല… യുഗാന്ത്യത്തോളം അതങ്ങനെ ആകാശത്തെ ചുംബിച്ച് നിൽക്കും. അതിന്റെ ശിഖരങ്ങളിലൂടെ മേഘങ്ങൾക്കുമപ്പുറം സ്വർഗ്ഗത്തിലേക്ക് നമ്മൾ കയറിപ്പോകുകയും ചെയ്യും…

ഫാ. ബിവാൾഡിൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.