ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവർണ്ണജൂബിലി സമാപനം ഇന്ന് കൈപ്പുഴയിൽ

കോട്ടയം: 1969 നവംബർ 16-ാം തീയതി കൈപ്പുഴയിൽ തുടക്കം കുറിച്ച കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവർണ്ണജൂബിലി സമാപനാഘോഷങ്ങൾ ഇന്ന് (ഞായർ) കൈപ്പുഴയിൽ സമാപിക്കുകയാണ്.

ഉച്ച കഴിഞ്ഞ് 2 മണിക്ക് കൈപ്പുഴ സെന്റ് ജോർജ്ജ് സ്‌കൂൾ ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന ക്‌നാനായ സമുദായത്തിന്റെ തനതായ കലാരൂപമായ മാർഗ്ഗംകളിയിൽ 700-ൽ പരം യുവജനങ്ങൾ പങ്കെടുക്കും. മെഗാ മാർഗ്ഗംകളിയെ തുടർന്ന് സമാപനറാലി കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.

കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ജസ്റ്റിസ് സിറിയക് ജോസഫ്, തോമസ് ചാഴിക്കാടൻ എം.പി, കെ.സി.സി അതിരൂപത പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ. മാത്യു കട്ടിയാങ്കൽ, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഷെല്ലി ആലപ്പാട്ട്, ജോമി കൈപ്പാറേട്ട്, ബിബിൻ ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.