മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന മാധ്യമക്കുറിപ്പുകൾക്കെതിരെ പരാതി

മതവികാരങ്ങളെ മുറിപ്പെടുത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ സാമൂഹ്യ മാധ്യമ കുറിപ്പുകള്‍ നീരീക്ഷണ വിധേയമാക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി.

കത്തോലിക്കാ സഭാ സംബന്ധിയായ വിഷയങ്ങള്‍ അവസരമാക്കി സന്യാസ്തര്‍ക്കെതിരെ പൊതുവിലും അതുവഴി കന്യാസ്ത്രീ ഭവനങ്ങള്‍ക്കെതിരെ പോലും അശ്ളീലങ്ങള്‍ എഴുതി സഭാവിശ്വാസികളുടെ വിചാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്ന വ്യക്തികളെ നിരീക്ഷിക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

മനഃപൂര്‍വ്വം മതവികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ സ്ഥിരമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും കുറ്റകരമെന്ന് കണ്ടാല്‍ നടപടിയെടുക്കുന്നതിനും പോലീസിന്‍റെ സൈബര്‍ വിഭാഗം തയ്യാറാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരെ വ്യക്തിപരമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം തന്നെ പരാതി നല്‍കുന്നതിന് പലരും തയ്യാറായതായും സംഘടന ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, വൈസ് പ്രസിഡണ്ടുമാരായ ഇ.ഡി. ഫ്രാന്‍സിസ്, ജി. സഹായദാസ്, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ടി.എ. ഡാല്‍ഫിന്‍, ഉഷാകുമാരി എസ്, അജു ബി. ദാസ്, സെക്രട്ടറിമാരായ എം.സി. ലോറന്‍സ്, ജസ്റ്റിന്‍ ആന്‍റണി, ബിജു ജോസി, ദേവസി ആന്‍റണി, ജോണ്‍ ബാബു, ജസ്റ്റീന ഇമ്മാനുവല്‍, ഫോറം കണ്‍വീനര്‍മാരായ ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ്ജ് നാനാട്ട്, ബിജു രാജു, ഷൈജ ടീച്ചര്‍, എഡ്വേര്‍ഡ് ഫ്രാന്‍സീസ്, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.