ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ കൊളംബിയൻ കന്യാസ്ത്രീ മോചിതയായി

നാല് വർഷങ്ങൾക്കു മുൻപ് മാലിയിൽ നിന്ന് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ കൊളംബിയൻ സ്വദേശിനിയായ കത്തോലിക്ക സന്യാസിനി സിസ്റ്റർ ഗ്ലോറിയ സിസിലിയ മോചിതയായി. സിസ്റ്റർ മോചിപ്പിക്കപ്പെട്ട വിവരം മാലി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറംലോകം അറിഞ്ഞത്. ബമാക്കോ ആർച്ചുബിഷപ്പ് ജീൻ സെർബോയും സന്യാസിനിയുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്.

തങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിരുന്നെന്നും മോചനം സാധ്യമാക്കിയ മാലി അധികാരികൾക്കും മറ്റ് എല്ലാവർക്കും നന്ദി അർപ്പിക്കുന്നുവെന്നും ആർച്ചുബിഷപ്പ് ജീൻ പറഞ്ഞു. തന്റെ സഹോദരി മോചിതയായി എന്നും അവർ ആരോഗ്യവതിയായിരിക്കുന്നു എന്നും അതിൽ ദൈവത്തിനു നന്ദി പറയുന്നു എന്നും സിസ്റ്റർ ഗ്ലോറിയയുടെ സഹോദരൻ എഡ്ഗാർ നർവീസ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പിയോട് വെളിപ്പെടുത്തി.

2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ഇസ്ളാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് സിസ്റ്ററിന്റെ മോചനം സാധ്യമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.