കൊളംബിയയിലെ കൊലപാതകം: അനുശോചനം അറിയിച്ച് ബിഷപ്പുമാർ

കൊളംബിയയിൽ ഓഗസ്റ്റ് 11, 15 തീയതികളിൽ കാലി, സമനീഗോ നഗരങ്ങളിൽ പതിമൂന്ന് ചെറുപ്പക്കാർ കൊല ചെയ്യപ്പെട്ട സാഹചര്യത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് കൊളംബിയയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് (സിഇസി). രാജ്യത്ത് നടന്ന കൂട്ടക്കൊലകളെക്കുറിച്ച് ബിഷപ്പുമാർ കടുത്ത വിഷമവും ആശങ്കയും പ്രകടിപ്പിച്ചു.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഓഗസ്റ്റ് 15 -ന് ഒരു വീട്ടിൽ സംസാരിക്കുന്നതിനിടെ എട്ട് ചെറുപ്പക്കാരെ ഒരു സംഘം ആയുധധാരികൾ കൊലപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 പേരുടെ കൊലപാതകം രജിസ്റ്റർ ചെയ്തതായി സമനീഗോ ഗവർണർ ജോൺ റോജാസ് പറയുന്നു. കാലിയിലെ ലാനോ വെർഡെ പരിസരത്ത് ഒരു കരിമ്പിൻ വയലിൽ കഴിഞ്ഞയാഴ്ച അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതിനു പുറമേയാണിത്. സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

“ഇവർക്കുവേണ്ടി ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അവരുടെ കുടുംബങ്ങളോടും ഈ കുറ്റകൃത്യങ്ങൾ നടന്ന നഗരങ്ങളിലുള്ളവരോടും കാലി അതിരൂപതയുടെയും ഐപിയേൽ രൂപതയുടെയും എല്ലാ സഭാംഗങ്ങളോടും ഞങ്ങളുടെ അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു.”- ബിഷപ്പുമാർ പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.