വിമല്‍ജ്യോതിയും രാഷ്ട്രീയമുതലെടുപ്പും

പാമ്പാടി നെഹ്റു കോളജില്‍ ഒരു വിദ്യാര്‍ത്ഥി മരിക്കാനിടയായ സാഹചര്യം മുതലെടുത്ത് കേരളത്തില്‍ ഉന്നത നിലവാരത്തില്‍ പ്രവൃത്തിക്കുന്ന വിമൽജ്യോതി എന്ന എഞ്ചിനീയറിംഗ് കോളജിനെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമമുണ്ടായപ്പോള്‍ കോളജു മാനേജ്മെന്‍റും രക്ഷകര്‍ത്തൃസമിതിയും ഒന്നിച്ച് പ്രതിരോധിക്കുന്ന ദൃശ്യം ഹൃദ്യമായ കാഴ്ചയായി. പഠനപ്രക്രിയ വിദ്യാര്‍ത്ഥികളും അധ്യാപകസമൂഹവും കുടുംബവും ചേര്‍ന്നുള്ള ഒന്നാണ് എന്ന് തെളിയിച്ചുകൊണ്ട് വിമല്‍ജ്യോതി കേരളത്തിലെ കോളജുകള്‍ക്ക് മാതൃകയാകുന്നു.

കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ തലശേരി അതിരൂപത നടത്തുന്ന ഈ എഞ്ചിനിയറിംഗ് കോളജില്‍ ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അക്രമവുമായും ചില ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ദുരാരോപണങ്ങളുമായി രംഗത്തു വന്നപ്പോള്‍ കോളജ് മാനേജ്മെന്‍റ് രക്ഷകര്‍ത്തൃസമ്മേളനം വിളിക്കുകയായിരുന്നു. അപ്പോള്‍ വിദ്യാര്‍ത്ഥി സമരത്തെ മതപരമായി നേരിടാന്‍ പോകുന്നു എന്ന തരത്തില്‍ ഇതിന് വര്‍ഗ്ഗീയനിറം നല്കാന്‍ ചിലര്‍ ശ്രമിച്ചു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചതുപോലെ അതിഭീകരമായ മനുഷ്യാവകാശലംഘനങ്ങളൊന്നും തന്നെ അവിടെയില്ലെന്ന് വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരും മാനേജ്മെന്റും ഒന്നിച്ചിരുന്നു സംസാരിച്ചപ്പോൾ പൊതുസമൂഹത്തിനു ബോധ്യമായി. യുവത്വത്തിന്‍റെ വീര്യത്തില്‍ മാതാപിതാക്കളുടെ വിയര്‍പ്പിന്‍റെ വില മനസിലാക്കാതെ ചില തത്പരകക്ഷികളുടെ വാക്കില്‍ മയങ്ങി സ്വന്തം കോളജിനോടു പോരാട്ടത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളോട് ക്ഷമിക്കാം. തങ്ങളുടെ കോളജിലെ അച്ചടക്കത്തെപ്പറ്റി വിമല്‍ ജ്യോതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയെങ്കില്‍ ചെമ്പേരിയില്‍നിന്ന് അധികം ദൂരത്തല്ലാത്ത ഏഴിമല നാവിക അക്കാദമിയില്‍ വലിയ സ്വപ്നങ്ങളുമായി രാഷ്ട്രത്തിനു ജീവിതം സമര്‍പ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിലെ അച്ചടക്കത്തെ ഒന്നു കണ്ട് മനസിലാക്കുക. കുത്തിയൊഴുകുന്ന വെള്ളത്തിന് തടയണകള്‍ നിര്‍മ്മിച്ചുണ്ടായ പുരോഗതിയോട് യുവത്വത്തിലെ അച്ചടക്കപരിശീലനത്തെ ഉപമിക്കാം.

മനുഷ്യാവകാശപ്രശ്നമായി അന്വേഷിച്ച് പരിഹാരം കാണേണ്ട ഒരു പ്രശ്നത്തിന് മറ്റൊരു മുഖം നല്കി ഇത്രയും വഷളാക്കിയതാരാണ് എന്നത് ഗൗരവത്തില്‍ ചിന്തിക്കേണ്ടതാണ്. പഠനത്തിനും ജീവിതവിജയത്തിനും ഊന്നല്‍കൊടുത്ത് വിദ്യാര്‍ത്ഥികള്‍ പ്രഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതുമുതല്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ കഷ്ടത്തിലായി. ഇത്തരം ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചതോടെ അവര്‍ക്കു കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയുമായി. അപ്പോള്‍ ഒന്നുകില്‍ സ്വാശ്രയ കോളജുകളിലും രാഷ്ട്രീയത്തിന് അവസരമുണ്ടാകണം, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ പാര്‍ട്ടിപ്രവൃത്തനത്തിലേക്ക് ആകര്‍ഷിക്കണം. ഇതിനു തിരഞ്ഞെടുത്ത വഴിയാണ് കോളജാക്രമണങ്ങള്‍. കേരളത്തിലെ പുതുതലമുറ പഠിച്ചുയര്‍ന്ന് വ്യക്തിപരമായും സമൂഹത്തിനും നേട്ടങ്ങളുണ്ടാക്കുന്നതിനെ സംഘടനകള്‍ തടസപ്പെടുത്തുമ്പോള്‍ ഒരുപാട് കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് തങ്ങള്‍ തല്ലിക്കെടുത്തുന്നത് എന്നവര്‍ മനസിലാക്കിയിരുന്നെങ്കില്‍.

വാര്‍ത്തയ്ക്കുവേണ്ടി ഏതറ്റം വരെയുള്ള തേജോവധത്തിനും അപവാദപ്രചാരത്തിനും മുതിരുന്ന മാധ്യമസ്ഥാപനങ്ങളുടെ ശൈലികള്‍ പൊതുസമൂഹത്തിന്‍റെ മാനസികാരോഗ്യത്തിന് ഭീഷണിയാണ്. ദൂരൂഹതകളും തേജോവധങ്ങളും ചേര്‍ത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ നമുക്ക് പലതും നഷ്ടമാകുമെന്നോര്‍ക്കണം. യുവതയ്ക്ക് പ്രചോദനമാകുന്ന വാര്‍ത്തകളും വീക്ഷണങ്ങളും മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നു.

പിന്‍കുറിപ്പ്: ചിലയിടങ്ങളിലെങ്കിലും ഇടിമുറികള്‍ എന്നത് സത്യമാണെങ്കില്‍ സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടുക തന്നെ വേണം. ഒപ്പം ഒന്നുകൂടി, ജീവിതത്തിലെ നിര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്ക്കാനുള്ള ഉള്‍ക്കരുത്തുള്ളവരാകാന്‍ നമ്മുടെ വിദ്യാര്‍ത്ഥിസമൂഹത്തെ നാം പരിശീലിപ്പിക്കേണ്ടതുണ്ട്.

ഫാ. ജോസഫ്‌ ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.