കലാലയരാഷ്ട്രീയം കാടത്തം ആകരുത്

അഡ്വ. ചാര്‍ളി പോള്‍

തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി ‘തന്റെ മുട്ടുകാല് തല്ലിയൊടിക്കും; കത്തിക്കും’ തുടങ്ങിയ ഭീഷണികള്‍ ഒരു വിദ്യാര്‍ത്ഥിസംഘടന, പോലീസിന്റെ കണ്‍മുന്‍പില്‍ മുഴക്കിയിട്ട് അധികം ദിവസങ്ങളായില്ല. കട്ടപ്പന ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലിനെ അതേ വിദ്യാര്‍ത്ഥിസംഘടനയുടെ നേതൃത്വത്തില്‍ 6 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടു. എറണാകുളം മഹാരാജാസ് കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥിസംഘടന പ്രിന്‍സിപ്പലിനെ ഉച്ച കഴിഞ്ഞ് 3 മുതല്‍ 7 വരെ തടഞ്ഞുവച്ചു. വിദ്യാര്‍ത്ഥിസംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തു.

ഗുരുനിന്ദയുടെയും ധാര്‍മ്മികഭ്രംശത്തിന്റെയും സാംസ്‌കാരിക അധ:പതനത്തിന്റെയും സമരമാര്‍ഗ്ഗങ്ങള്‍ തുടരുകയാണ്. ആശയം കൊണ്ടും ബുദ്ധി കൊണ്ടും പ്രവൃത്തി കൊണ്ടും സമരം ചെയ്യേണ്ടതിനു പകരം ക്രിമനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ടുള്ള കാടത്തങ്ങള്‍ അത്യന്തം ഹീനവും നീചവുമാണ്. ആശയതലം പരാജയപ്പെടുന്നിടത്താണ് ഇത്തരം മര്‍ക്കടമുഷ്ടികള്‍ പ്രയോഗിക്കുന്നത്. ഇത്തരം അനഭിലഷണീയമായ സമരമാര്‍ഗ്ഗങ്ങള്‍ ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമാണ്.

2017 ജനുവരി 19- നാണ് എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര പ്രധാന ഗേറ്റിനു മുന്നിലിട്ട് കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു: ‘പ്രിന്‍സിപ്പലിന്റെ ഇരിപ്പിടം ഭസ്മമാക്കുകയെന്നത് സങ്കല്പത്തിനപ്പുറമുള്ള കാടത്തമാണ്. ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിനു തുല്യമാണ്.” പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലിന്റെ റിട്ടയര്‍മെന്റ് ദിനത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കുഴിമാടം ഒരുക്കി റീത്ത്‌ വച്ച് പ്രതിഷേധിച്ചു. അത് ആര്‍ട്ട് ഇന്‍സ്റ്റലേഷനായി (പ്രതിഷ്ഠാപനകല) കാണണമെന്ന് ചിലര്‍ പറഞ്ഞു. ഗുരുനിന്ദയുടെ, കാടത്തത്തിന്റെ മറ്റൊരു രൂപമായിരുന്നു ഇത്. 2018- ല്‍ നീലേശ്വരം പടന്നക്കാട് നെഹ്‌റു കോളേജില്‍ വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പ് ചടങ്ങിനിടെ അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ചു. ‘വിദ്യാര്‍ത്ഥിമനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാജ്ഞലികള്‍. ദുരന്തം ഒഴിയുന്നു. ക്യാമ്പസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം’ ഇത്രയുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. 31 വര്‍ഷം നെഹ്‌റു കോളേജില്‍ അധ്യാപികയും 2 വര്‍ഷം പ്രിന്‍സിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടെയാണ് ഈ സംഭവം. പോസ്റ്റര്‍ പതിപ്പിച്ചതു കൂടാതെ യാത്രയയപ്പുയോഗം നടക്കുമ്പോള്‍ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെപ്പോലെ സ്‌നേഹിച്ച വിദ്യാര്‍ത്ഥികളില്‍ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം ഏറെ വേദനിപ്പിച്ചെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആചാര്യന്‍ ദേവതുല്യനാണെന്നു പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങള്‍ അരങ്ങേറുന്നത്.

ഗുരു ഇരിപ്പിടത്തിന്റെ പ്രതീകാത്മഹത്യയും ഗുരുവിന് ചിതയൊരുക്കലും ആദരാജ്ഞലി അര്‍പ്പിക്കലും ഒരുതരം പിതൃഹത്യയാണ്. ‘മാതാ പിതാ ഗുരു ദൈവം’ എന്ന പവിത്രസങ്കല്പത്തെ തച്ചുടച്ച് ഗുരുത്വക്കേട് ഇരന്നുവാങ്ങുകയാണ് ചിലര്‍. ഭാരതീയ സംസ്‌കൃതിയില്‍ ഏറ്റവും സമുന്നതമേത് എന്നതിന് ലഭിക്കുന്ന ഒരേയൊരു പ്രത്യുത്തരമാണ്. ഗുരു എന്നത്. ‘ന ഗുരോരധികം തത്വം, ന ഗുരോമധികം തപ:’ ഗുരുവിനേക്കാള്‍ വലിയൊരു തത്വമില്ല. ഗുരുവിനേക്കാള്‍ വലിയൊരു തപസ്സുമില്ല.

അതിശ്രേഷ്ഠവും പാവനവുമായ ഒരു നിയോഗമാണ് അധ്യാപനം. അധ്യാപകന്‍ ഈശ്വരതുല്യനാണ്. ഗുരുശിഷ്യബന്ധത്തിന്റെ പാവനത കളങ്കപ്പെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് അങ്ങേയറ്റം ഖേദകരമാണ്. നന്മയുടെയും പരസപ്‌രസനേഹത്തിന്റെയും ബഹുമാനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും വിളനിലങ്ങളായിരുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ ഹിംസാത്മകമായി മാറിക്കൂടാ. രാജ്യത്തെ ജനാധിപത്യ സംവിധാനമായി പരിചയിക്കാനും നല്ല ഭരണകര്‍ത്താക്കളായി മാറാനും വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയ രാഷ്ട്രീയത്തെയും സംഘടനാപ്രവര്‍ത്തനങ്ങളെയും ക്രിയാത്മകമായി സമീപിക്കാന്‍ പക്വമതികളെ പ്രേരിപ്പിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ അപഭ്രംശങ്ങള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറുകയാണ്.

പല ക്യാമ്പസ് അക്രമസംഭവങ്ങളുടെയും സൂത്രധാരന്മാര്‍ പുറത്തു നിന്നുള്ള രാഷ്ട്രീയക്കാര്‍ തന്നെയാണ്. തങ്ങളുടെ വിദ്യാര്‍ത്ഥിസംഘടനകളെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്വം മാതൃസംഘടനകള്‍ മറക്കുമ്പോള്‍ കുട്ടികള്‍ക്കത് അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജകമരുന്നായി മാറുന്നു. അധികാര രാഷ്ട്രീയത്തിന്റെ തണലില്‍ എന്ത് തോന്ന്യാസവും കാണിക്കുന്ന വിദ്യാര്‍ത്ഥിസംഘടനകള്‍ സമൂഹത്തിനു മുന്നില്‍ അപായഭീഷണി ഉയര്‍ത്തുകയാണ്.

അക്രമ-അരാജകത്വ പ്രവണതകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും രാഷ്ട്രീയനേതൃത്വത്തിനും ബാധ്യതയുണ്ട്. കലാലയ രാഷ്ട്രീയം പുറത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പകര്‍പ്പോ, അനുകരണമോ, പൂരകമോ ആകാന്‍ പാടില്ല. വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സംഘടനാപ്രവര്‍ത്തനം നടത്തുന്നത് സ്വാഭാവികവും പ്രസക്തവുമാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേര്‍നിലങ്ങളായി കലാലയത്തെ മാറ്റരുത്. കലാലയത്തില്‍ അക്രമവും പുറമേ നിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകരുത്. ഹിംസാത്മകപ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല; മറിച്ച് മാതൃകാപരവും നവീനവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥിസംഘടനകള്‍ കുട്ടികളുടെ മനസില്‍ ചേക്കേറണം. മനുഷ്യത്വത്തിന്റെയും സഹിഷ്ണുതയുടെയും സഹജാവബോധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങള്‍ പഠിക്കുകയും പകര്‍ന്നുനല്‍കുകയും വേണം. ഗുരുനിന്ദയുടെ മഹാപാപങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ.

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.