ഓണത്തിന് പൂക്കള്‍ വിരിയിച്ച് ഒരുകൂട്ടം സന്ന്യാസിനിമാര്‍

സി. സൗമ്യ DSHJ

പൂക്കളാല്‍ സമ്പന്നമായ ഈ ഓണക്കാലത്ത് പൂക്കളുമായി ഒരുകൂട്ടം സന്ന്യാസിനിമാര്‍! സി. എം. സി എറണാകുളം പ്രൊവിന്‍സിലെ പുത്തന്‍പള്ളി കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് ആണ് പൂക്കള്‍ കൃഷി ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. അവരുടെ മഠത്തിനു മുന്‍പില്‍ നിറയെ വെന്തിപൂക്കളാണ്. ആ പൂക്കള്‍ക്ക് നടുവില്‍ പൂക്കളെ വെല്ലുന്ന ശോഭയോടെ അവയെ പരിപാലിക്കുന്ന സിസ്റ്റര്‍മാരും. മനോഹരമായ ദൃശ്യം!

ഇവരുടെ മഠത്തിന്റെ ചുറ്റുപാടുള്ള 50 സെന്റ് സ്ഥലം നിറയെ വെന്തി പൂക്കള്‍ ആണ്. നിറയെ പൂത്തുനില്‍ക്കുന്ന അവയുടെ തൈകള്‍ വരാപ്പുഴ പഞ്ചായത്തില്‍ നിന്നുമാണ് ഇവര്‍ക്ക് ലഭ്യമായത്. മദര്‍ സി. ലിസ കുര്യന്റെ നേതൃത്വത്തിലാണ് കൃഷിപ്പണികള്‍. മദറിനൊപ്പം കൂടെയുള്ള 10 പേരും ചേരുന്നു.

ചാണകവും മറ്റ് ജൈവവളങ്ങളും മാത്രമാണ് ഇവര്‍ പൂ കൃഷിക്ക് ഉപയോഗിക്കുന്നത്. വെന്തി പൂക്കള്‍ക്ക് പുറമെ കാന്താരി, പാവയ്ക്കാ, കപ്പ, പീച്ചിലിങ്ങ തുടങ്ങിയ പച്ചക്കറി കൃഷികളും ഇവരുടെ തോട്ടത്തില്‍ ഉണ്ട്. അതോടൊപ്പം തേനീച്ച വളര്‍ത്തലും മീന്‍ വളര്‍ത്തലും ഇവര്‍ നടത്തുന്നു. ഇവരുടെ മഠത്തിലെ 11 സിസ്റ്റേഴ്‌സും പൂക്കളുടെ പരിപാലനത്തിന് മുന്നില്‍ തന്നെയുണ്ട്.

അതീവ ശ്രദ്ധയോടും സ്‌നേഹത്തോടും കൂടിയാണ് ഈ സിസ്റ്റേഴ്‌സ് ഇവയെ പരിപാലിക്കുന്നത്. ഈ ഓണക്കാലത്ത് പൂ ചൂടി നില്‍ക്കുന്ന ഈ പൂന്തോട്ടത്തിലെ പൂക്കള്‍ കിലോയ്ക്ക് 200 രൂപയ്ക്കാണ് ഇവര്‍ വില്‍ക്കുന്നത്. വാങ്ങാന്‍ താല്പര്യമുള്ളവര്‍ മദര്‍ സി. ലിസ കുര്യനെ വിളിക്കുക.

ഫോണ്‍: 9847827169