കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്‍മാര്‍ മാത്രം – സീറോ മലബാര്‍ സഭ

എറണാകുളം: ഈശോ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ കാലുകള്‍ കഴുകിയതിന്റെ അനുസ്മരണമായി കൊണ്ടാടുന്ന കാലുകഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന് സീറോ മലബാര്‍ സഭാ സര്‍ക്കുലര്‍. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തെ നിലപാടാണുള്ളതെന്നും സര്‍ക്കുലറില്‍ പറയുന്നു. സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും മറ്റ് മതസ്ഥരെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലാറ്റിന്‍ ആരാധനക്രമത്തില്‍ മാത്രമാണ് പാപ്പയുടെ ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടത്. മാത്രമല്ല, പാപ്പയുടെ ഈ പ്രവൃത്തി സമ്മിശ്രപ്രതികരണമാണ് സഭയില്‍ ഉണ്ടാക്കിയത്. പന്ത്രണ്ട് പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ കാലുകളാണ് കഴുകേണ്ടത് എന്നതാണ് ഇക്കാര്യത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്മാര്‍ ഇടവകകള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ വര്‍ഷം ഏപ്രില്‍ 13 ന് ആണ് പെസഹാവ്യാഴം സഭയില്‍ ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.