ആറ്റം ബോംബിനെ അതിജീവിച്ച ദേവാലയങ്ങള്‍

ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും ജീവിതവും നഷ്ടമായ ഒരു ദുരന്തമായിരുന്നു, 1945 ഓഗസ്റ്റ് ആറാം തീയതി ജപ്പാനിലെ ഹിരോഷിമയില്‍ ഉണ്ടായത്. പക്ഷേ ആ വലിയ ദുരന്തത്തിനിടയിലും വലിയ അത്ഭുതങ്ങള്‍ അവിടെ നടന്നിരുന്നു. അന്ന് അവിടെ വര്‍ഷിക്കപ്പെട്ട ആറ്റം ബോംബിനെപ്പോലും അതിജീവിച്ച ഒരു പള്ളി അവിടെയുണ്ട്.

സ്‌ഫോടനസ്ഥലത്തു നിന്ന് കുറച്ചുദൂരം മാത്രം അകലത്തുണ്ടായിരുന്ന, എട്ട് ജെസ്യൂട്ട് വൈദികര്‍ താമസിച്ചിരുന്ന ഒരു ദൈവാലയം യാതൊരു കേടും ഇല്ലാതെ നിലനിന്നു. അതിനേക്കാള്‍ മൂന്ന് മടങ്ങ് അകലങ്ങളില്‍ പോലും ഉണ്ടായിരുന്ന പല കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്ന അവസരത്തിലാണ് ഈ അത്ഭുതം നടന്നത്.

മറ്റൊരു അത്ഭുതം എന്നത്, പരിസരപ്രദേശത്ത് ഉണ്ടായിരുന്ന 86 ശതമാനം ആളുകളും കൊല്ലപ്പെടുകയോ അതിമാരക രോഗങ്ങളാല്‍ പിന്നീട് മരിക്കുകയോ ചെയ്‌തെങ്കിലും ഈ എട്ട് വൈദികര്‍ യാതൊരു അനാരോഗ്യവും ബാധിക്കാതെ വാര്‍ദ്ധക്യത്തിലെത്തി മാത്രമാണ് മരിച്ചത്. ഈ എട്ടു പേരും 200-ലധികം ടെസ്റ്റുകള്‍ക്ക് വിധേയരായെങ്കിലും അവരുടെ ശരീരത്തില്‍ റേഡിയേഷന്റെയോ വിഷത്തിന്റെയോ യാതൊരു അംശവും കണ്ടെത്താനും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല.

എന്തുകൊണ്ട് നിങ്ങളെ മാത്രം ആ ദുരന്തം ബാധിച്ചില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ അവര്‍ക്ക് നല്‍കാനുണ്ടായിരുന്നുള്ളൂ – ‘ഞങ്ങള്‍ ഫാത്തിമായില്‍ മാതാവ് നല്‍കിയ സന്ദേശം അനുദിനം ജീവിച്ചിരുന്നു. ഞങ്ങള്‍ അനുദിനം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു’ – എന്ന്.

അതുപോലെ തന്നെ, ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയില്‍ നടന്ന സ്‌ഫോടനത്തില്‍ വി. മാക്‌സി മില്ല്യണ്‍ കോള്‍ബെ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ ആശ്രമം ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലകൊണ്ടു. അതും പരിശുദ്ധ മറിയത്തിന് സമര്‍പ്പിക്കപ്പെട്ടിരുന്ന സ്ഥാപനമായിരുന്നു. യുദ്ധകാലത്ത് അനേകര്‍ക്ക് സ്വാന്തനവും പിന്തുണയും ചൊരിയാനാണ് ദൈവം തങ്ങളെ അപകടത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് അന്ന് അവര്‍ പറഞ്ഞത്.