“നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി”: കൊല്ലപ്പെട്ട ജസ്യൂട്ട് വോളണ്ടിയറിന്റെ സ്മരണയിൽ ഫിലിപ്പീൻസിലെ സഭ

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ജസ്യൂട്ട് വോളണ്ടിയർ ജെനിഫർ ബക്ക്ലിയുടെ ഓർമ്മയിൽ വിങ്ങുകയാണ് ഫിലിപ്പീൻസിലെ സഭ. ഇവിടുത്തെ സഭയ്ക്കായി ജെനിഫർ ചെയ്ത സേവനങ്ങൾ ഏറെയാണ്. ഈ നിമിഷം വേദനയോടെ ഞങ്ങൾ നന്ദി പറയുകയാണ്. ഒപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജെനിഫറിനും കുടുംബത്തിനും നീതി ലഭിക്കുന്നതിനായി പരിശ്രമിക്കുക തന്നെ ചെയ്യും എന്ന് ഫാ. ജാസൺ ഡി വ്യക്തമാക്കി.

ആഗസ്റ്റ് 23-ന് സാംബോംഗ ഡെൽ സുറിൽ നിന്നുള്ള 24-കാരിയായ ജെനിഫർ ബക്ക്ലിയെ, കൂട്ടുകാരിയോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകയ്ക്ക് പരിക്കേറ്റെങ്കിലും ഇവർ ഓടി രക്ഷപെട്ടു. ഇവർ ഇപ്പോൾ ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

കൊലപാതകത്തിനു തൊട്ടുപിന്നാലെ അർനോൾഡ് നാഗില്ല (36) എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവതികൾ തടയാൻ ശ്രമിക്കുകയായിരുന്നുവെന്നും അപ്പോൾ ഇയാൾ അവരെ ആക്രമിച്ചുവെന്നുമാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ എന്തിനാണ് അവരെ കൊന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ജെ‌വി‌പി വോളണ്ടിയർമാറായി വർഷങ്ങളോളം മിൻഡാനാവോയിലെ പാവപ്പെട്ട സമൂഹങ്ങളെ സഹായിക്കുകയായിരുന്നു ജെനിഫർ. ഇവർ നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമായി അവശേഷിക്കുകയായിരുന്നു മരണവിവരം അറിഞ്ഞപ്പോൾ കണ്ണുനീരോടെ ഓടിയെത്തിയ ആ സമൂഹം. സ്നേഹത്തിന്റെ പാതയിലൂടെ ക്രിസ്തുവിലേയ്ക്ക് വഴിതുറന്ന് അനേകരെ നന്മയിലേയ്ക്ക് കൈപിടിച്ചുയർത്തിയ ഈ 24-കാരിക്കായി പ്രാർത്ഥനയിൽ സഹായം നൽകുകയാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.