നൈജീരിയയിൽ തിരുക്കുടുംബ ദൈവാലയം അക്രമികൾ അഗ്നിക്കിരയാക്കി

നൈജീരിയയിലെ കടുന സംസ്ഥാനത്തെ തിരുക്കുടുംബ ദൈവാലയത്തിന് ആയുധധാരികൾ തീയിട്ടു. ഫെബ്രുവരി 22 -ന് വത്തിക്കാൻ ഏജൻസിയായ ഫിദാസ് പുറത്തു വിട്ടതാണ് ഇക്കാര്യം. കിക്വാരി ഗ്രാമത്തിലാണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്.

അക്രമികളുടെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാന ആഭ്യന്തര സുരക്ഷാ കമ്മീഷണർ സാമുവൽ അരുവാൻ ആക്രമണം സ്ഥിരീകരിച്ചു. “സ്ഥലത്തെത്തിയ ആയുധധാരികൾ ദൈവാലയത്തിനും രണ്ട് വീടുകൾക്കും തീയിടുകയായിരുന്നു”- അദ്ദേഹം പറഞ്ഞു. ആക്രമണത്തെ അപലപിച്ച ഗവർണർ എൽ-റൂഫായ് ഗ്രാമവാസികളോട് തന്റെ വേദന പ്രകടിപ്പിച്ചതായി കമ്മീഷണർ കൂട്ടിച്ചേർത്തു.

കൂടാതെ, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും ഗവർണർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ പ്രദേശത്തെ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ഗവർണർ ഉറപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞയാഴ്ചയിൽ ഈ അക്രമസംഘം കടുന സംസ്ഥാനത്തെ മറ്റൊരു ഗ്രാമത്തിലും ആക്രമണം നടത്തി. ആ ആക്രമണത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, മറ്റ് ഒമ്പത് പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.