ലൈംഗികത വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കു മാത്രം: പ്രഖ്യാപനവുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

ലൈംഗികത വിവാഹിതരായ സ്ത്രീപുരുഷ ദമ്പതികള്‍ക്ക് മാത്രമായിട്ടുള്ളതാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപനം. സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ് ഫോര്‍ സെയിം സെക്‌സ് ആന്റ് ഓപ്പസിറ്റ് സെക്‌സ് കപ്പിള്‍സ്, എ പാസ്റ്ററല്‍ സ്റ്റേറ്റ്‌മെന്റ് ഫ്രം ദ ഹൗസ് ഓഫ് ബിഷപ്‌സ് ഓഫ് ദ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എന്ന പേരിലുള്ള അജപാലനക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ വിവാഹവും സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പും തമ്മിലുള്ള വ്യത്യാസം കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ്. സ്വവര്‍ഗ്ഗദമ്പതികള്‍ക്കു മാത്രമായി 2004-ല്‍ നിര്‍മ്മിച്ചതായിരുന്നു സിവില്‍ പാര്‍ട്ട്‌ണേഴ്‌സ്ഷിപ്പ്. നിയമപരമായി ഇത് വിവാഹത്തില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് നിയമപരമായി വിവാഹം കഴിക്കാനുള്ള അവകാശം ഇംഗ്ലണ്ട് ആന്റ് വെയില്‍സില്‍ 2013 മുതല്‍ നല്കിവന്നിരുന്നു. വിവാഹബന്ധത്തിനു വെളിയിലുള്ള ലൈംഗികബന്ധങ്ങള്‍ മനുഷ്യവംശത്തെക്കുറിച്ച് ദൈവത്തിനുള്ള പദ്ധതിയുടെ പരാജയമായിട്ടും അജപാലനക്കുറിപ്പില്‍ പറയുന്നു.