“രക്തസാക്ഷികളുടെ സഭയിലേക്കു പാപ്പായെ സ്വാഗതം ചെയ്യുന്നു”: ഐ എസ് തീവ്രവാദികളുടെ പീഡനങ്ങൾക്കിരയായ വൈദികൻ

വേദനിക്കുന്ന ഇറാഖി ജനതയുടെ ഇടയിലേക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും അടയാളമായിട്ടാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം എന്ന്  ഐഎസ് തീവ്രവാദികളുടെ പീഡനങ്ങൾക്കിരയായ വൈദികൻ. നെയ്ം ശോഷാണ്ടി എന്ന ഈ വൈദികൾ തന്റെ സഹോദരനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തുന്നതിനു സാക്ഷിയായ വ്യക്തിയാണ്. ഏറെ വേദനയോടെ അന്ന് നാടുവിട്ട അദ്ദേഹം ഇപ്പോൾ വൈദികനായി സ്‌പെയിനിൽ ശുശ്രൂഷ ചെയ്യുകയാണ്.

“ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെട്ട, രക്തസാക്ഷികളുടേതായ സഭയാണ് ഇറാഖിലേത്. ദരിദ്രരെ വിവേചനത്തിൽ നിന്നും സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തിൽ നിന്നും സംരക്ഷിക്കാൻ, ഞങ്ങളുടെ നിലവിളികളിലേയ്ക്ക് ലോകശ്രദ്ധയെ കൊണ്ടുവരുവാൻ നിങ്ങള്‍ക്ക് കഴിയട്ടെ. പൌരോഹിത്യം സ്വീകരിച്ചതിന്റെ ആദ്യ ദിവസം മുതൽ വേദനയുടെ അർത്ഥം ഞാൻ മനസ്സിലാക്കുകയായിരുന്നു. നിശബ്ദത, നിസ്സംഗത, ഏകാന്തത, ഈ മഹാമാരിയിൽ അനുഭവിക്കുന്ന വേദന, ഉറ്റവരുടെ നഷ്ടം ഇതൊക്കെയാണ് വേദന ഉണ്ടാക്കുന്നത്” -ഫാ. ശോഷാണ്ടി പറയുന്നു.

നീനെവേ സമതലത്തിൽ, മൊസൂളിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഖരാക്കോഷ് എന്ന നഗരത്തിലാണ് ഈ വൈദികൻ ജനിച്ചത്. 2014 ഓഗസ്റ്റ് മുതൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്തതും 2016 -ൽ വീണ്ടെടുക്കാൻ തുടങ്ങിയതുമായ നഗരം ആണിത്. നാല് മക്കളിൽ നിന്നും ഒരാൾ മാത്രം വൈദിക വൃത്തിയിലേയ്ക്ക് തിരിഞ്ഞു. 2013 സെപ്റ്റംബർ 12 -ന് ഖരാക്കോഷിലെ കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ വച്ച് ആണ് ഇദ്ദേഹം വൈദികനായത്. അതിനു ശേഷം വിവിധ ഇടവകകളിൽ സേവനം ചെയ്തു. ഐ എസ് ഭീകരരുടെ അതിക്രമങ്ങൾ രൂക്ഷമായ സമയത്താണ് ഈ വൈദികനും അവിടെ ഉണ്ടായിരുന്ന ധാരാളം ആളുകളും മറ്റു സ്ഥലങ്ങളിലേക്കു പലായനം ചെയ്യുന്നത്.

“ക്രൈസ്തവ വിശ്വാസികളായ ഞങ്ങൾ എല്ലാവരും ഇസ്ലാമിക തീവ്രവാദികളുടെ ശത്രുക്കളായിരുന്നു. അവർ എന്റെ സഹോദരനെ വെടിവച്ചു കൊന്നു. ജോലികഴിഞ്ഞു തിരികയെത്തിയ സഹോദരനെ അവൻ ക്രിസ്ത്യാനി ആയതിന്റെ പേരിൽ മൊസൂളിൽ വച്ച് കൊലപ്പെടുത്തി. നഗരം വിട്ടശേഷം, ഇറാഖി കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിലിലെ അഭയാർഥി ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. അവിടെ വച്ച് ദൈവം കൂടെ ഉണ്ടെന്നുള്ളതിനു നിരവധി അനുഭവങ്ങൾ ഉണ്ടായി. ക്രിസ്തുവിന്റെ സ്നേഹവും പ്രത്യാശയും പകർന്നു കൊണ്ട് ഞാൻ അവിടെ ചിലവഴിച്ചു” -അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പാപ്പായുടെ ഈ സന്ദർശനം ഞങ്ങൾക്ക് പ്രതീക്ഷ പകരുകയാണ്. നാളത്തേയ്ക്കുള്ള പ്രതീക്ഷയും ഐക്യത്തിന്റെ സന്ദേശവും പാപ്പായുടെ സന്ദര്‍ശനത്തിലൂടെ ഇറാഖിന് ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ. ഫാ. ശോഷാണ്ടി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.