വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് അരുണാചൽപ്രദേശിലെ സഭാനേതൃത്വം

ശോഭനമായൊരു ഭാവിക്ക് വിദ്യാഭ്യാസം ആവശ്യമാണെന്ന് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി അരുണാചൽപ്രദേശിലെ കത്തോലിക്കാ സഭയുടെ വക്താവ് ഫാ. ഫെലിക്സ് ആന്റണി. മിയാവോ രൂപതയിൽ നടത്തപ്പെട്ട യുവജനദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം വിദ്യാഭ്യസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചത്.

പലപ്പോഴും, പല ഗ്രാമങ്ങളിലെയും കുട്ടികൾ സ്കൂള്‍ പഠനം പകുതിക്കു വച്ച് നിർത്തിപ്പോവുകയാണ് ചെയ്യുന്നത്. ഇത്തരം കുട്ടികളെ കണ്ടെത്തി അവർക്ക് ശരിയായ ബോധവൽക്കരണം നൽകുന്നതിനുള്ള കടമ സഭയ്ക്കുണ്ട്. കൂടാതെ ആരോഗ്യം, സംരക്ഷണം, പ്രാദേശിക സംസ്കാരം, പ്രാദേശിക ഭാഷകൾ തുടങ്ങിയ മേഖലകളിൽ ആവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്നു – അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസം, അത് കുട്ടികളുടെ ഭാവിയെ ശോഭനമാക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യമുണ്ട്. സർക്കാർ സഹായങ്ങൾ കടന്നുചെല്ലാത്ത മേഖലകൾ ഇവിടെയുണ്ട്. ഈ പ്രദേശങ്ങളിൽ കുട്ടികൾ പഠനം നിർത്തി മറ്റ് മേഖലകളിലേയ്ക്ക് ഇറങ്ങുന്നു. പഠനം നിർത്തുന്ന കുട്ടികളുടെ എണ്ണം ഏകദേശം 50 ശതമാനത്തോളം വരും. അതിനു പിന്നിൽ പല കാരണങ്ങളുണ്ട്. പലയിടങ്ങളിലും സഹോദരങ്ങളെ നോക്കുവാനും മറ്റുമായി മുതിർന്ന കുട്ടികൾ തങ്ങളുടെ പഠനം ഉപേക്ഷിക്കുന്നു. ഈ സാഹചര്യത്തിലും കുട്ടികളെ സ്‌കൂളുകളിലേയ്ക്ക് കൊണ്ടുവരുവാൻ, അറിവ് പകരുവാൻ നമുക്ക് കഴിയണം. അറിവ് സ്വായത്തമാക്കാനുള്ള എല്ലാ വഴികളും കുട്ടികൾ പ്രയോജനപ്പെടുത്തുകയും വേണം – അദ്ദേഹം ചൂണ്ടിക്കാട്ടി.