പെന്തക്കുസ്താ ദിന സന്ദേശത്തില്‍ സഭയുടെ മിഷനറി സ്വഭാവത്തെക്കുറിച്ച് മാര്‍പാപ്പ

സഭയുടെ മിഷന്‍ ചൈതന്യത്തെക്കുറിച്ചും മിഷന്‍ സ്വഭാവത്തെക്കുറിച്ചുമാണ് ഞായറാഴ്ച റെജീന കോളി സന്ദേശത്തില്‍ പാപ്പാ വിവരിച്ചത്. പെന്തക്കുസ്താ ദിന സന്ദേശത്തില്‍ ആണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

‘പരിശുദ്ധാത്മാവിന്റെ ആവാസത്തെക്കുറിച്ചാണ് പെന്തക്കുസ്താ തിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഉയിര്‍പ്പിനുശേഷം ഈശോ ശിഷ്യന്മാരോട് ആദ്യം പറഞ്ഞ വാചകം, ‘നിങ്ങള്‍ക്കു സമാധാനം’ ഓര്‍മ്മിപ്പിക്കുന്നത്, തന്നെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്ത ശിഷ്യന്മാരോടുള്ള അനുരഞ്ജന ആഹ്വാനമാണ്. അങ്ങനെ അവരോട് ക്ഷമിച്ചും ചേര്‍ത്തു നിര്‍ത്തിയുമാണ് ഈശോ തന്റെ സഭ സ്ഥാപിച്ചത്’. പാപ്പാ പറഞ്ഞു.

‘ശേഷമുള്ള നാല്‍പ്പതു ദിവസം വിശ്വാസത്തില്‍ ശിഷ്യന്മാര്‍ ശക്തി പ്രാപിക്കുകയായിരുന്നു. അതിനായി യേശു അവരെ സഹായിക്കുകയും ചെയ്തു പോന്നു. അതാകട്ടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനും അതുവഴി പ്രേഷിത വേലയിലേയ്ക്ക് ഇറങ്ങിത്തിരിക്കുന്നതിനും വേണ്ടി. സ്‌നേഹത്തിന്റെ ആത്മാവിനെ സ്വീകരിച്ചുകൊണ്ട് ലോകത്തെ അവര്‍ തീ പിടിപ്പിച്ചു’. പാപ്പാ കൂട്ടിച്ചേര്‍ത്തു.

‘ജീവന്‍ നല്‍കുന്ന പരിശുദ്ധാത്മാവിന്റെ സഭയിലെ സജീവ സാന്നിധ്യമാണ് പെന്തക്കുസ്താ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഭയം മാറ്റിവച്ച് പുറത്തിറങ്ങി സുവിശേഷം പ്രസംഗിക്കാന്‍ പരിശുദ്ധാത്മാവിന്റെ ശക്തി സ്വീകരിക്കണം. അതിനായി പരിശുദ്ധ അമ്മയോട് ചേര്‍ന്നു നിന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം’. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.