രാജസ്ഥാനില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ദൈവാലയം

ഷംഷാബാദ് രൂപതയുടെ കീഴില്‍ ചങ്ങനാശ്ശേരി അതിരൂപത ഏറ്റു നടത്തുന്ന ജയ്പൂര്‍ മിഷനിലാണ് പുതിയ ദൈവാലയവും അജപാലനമന്ദിരവും ജനുവരി 4-ന് അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവ് ആശീവദിച്ചത്. ഷംഷാബാദ് രൂപതയുടെ വികാരി ജനറല്‍ പെരിയ ബഹുമാനപ്പെട്ട ജെയിംസ് പാലയ്ക്കല്‍, ഇറ്റാവ മിഷന്‍ സുപ്പീരിയര്‍ പെരിയ ബഹുമാനപ്പെട്ട തോമസ് എഴിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി.

രാജസ്ഥാന്റെ തലസ്ഥാനമായ ജയിപ്പൂരില്‍ ജോട്ട് വാര എന്ന സ്ഥലത്താണ് സീറോ മലബാര്‍ സഭാമക്കളുടെ ചിരകാല അഭിലാഷമായ ദൈവാലയം ഉയര്‍ന്നത്. തോമാശ്ലീഹയുടെ നാമത്തിലുള്ള ഈ ദൈവാലയത്തിന്റെ ശിലാസ്ഥാപനം 2020 ജനുവരി 29-നു ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്നുള്ള ഒരു വര്‍ഷം വികാരി ബഹുമാനപ്പെട്ട വില്‍സണ്‍ പുന്നക്കാലായില്‍ അച്ചനും ഇടവകജനങ്ങള്‍ക്കും കഠിനാദ്ധ്വാനത്തിന്റെ നാളുകളായിരുന്നു.

‘ദൈവമേ ഈ പ്രദേശത്തെ ദൈവാനുഭവത്താല്‍ സമ്പന്നമാക്കുന്നതിനും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നതിനും തങ്ങളുടെ മാതൃസഭയുടെ ആരാധനാക്രമവും പാരമ്പര്യങ്ങളും നിലനിര്‍ത്തുന്നതിനുമായി ഉചിതമായ ഒരു സ്ഥലം കണ്ടെത്തി അങ്ങേയ്ക്ക് ഒരു ആരാധനാലയം നിര്‍മ്മിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ നാളുകളേറെയായി ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള നസ്രാണികളുടെ ഈ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരമരുളിയിരിക്കുകയാണ്. 2021 വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ജോട്ട്വാരയിലെ സിറോ മലബാര്‍ കുടുംബങ്ങള്‍ ഈ പ്രാര്‍ത്ഥനകള്‍ ഓരോന്നായി സഫലമാകുന്നതിന് ദൈവത്തിന് കൃതഞ്ജതയര്‍പ്പിക്കുകയാണ്.

ദൈവത്തിന്റെ അനന്തമായ സ്‌നേഹവും വലിയ കരുണയും ജോട്ട്വാരയിലെ വിശ്വാസ സമൂഹത്തിന്റെ തീക്ഷ്ണതയും കഠിനാദ്ധ്വാനവും സമാഗമിക്കുന്ന ഈ ആനന്ദവേളയില്‍ ഇടവക വികാരി ഫാ. വില്‍സന്‍ പുന്നക്കാലയില്‍ കടന്നുപോയ വഴികളെ നന്ദിയോടെ ഇടവകജനം ഓര്‍ത്തെടുക്കുകയാണ്. അബ്രാഹമെന്ന ഒരു മനുഷ്യനെ ദൈവം ഒരു ജനതയുടെ പിതാവാക്കിയതുപോലെ പിറകോട്ട് നോക്കുമ്പോള്‍ ദൈവത്തിന്റെ വലിയ കാരുണ്യമാണ് ജോട്ട്വാരയിലെ വിശ്വാസ സമൂഹം സാക്ഷ്യം വഹിക്കുന്നത്. സ്വന്തമായി ഒരു ദൈവാലയം തങ്ങളെക്കൊണ്ട് സാധ്യമാകുമെന്ന് അവര്‍ കരുതിയിരുന്നില്ല. എന്തിന് തങ്ങള്‍ക്ക് വിശ്വാസം ലഭിച്ച പാരമ്പര്യത്തില്‍ ഒരു വിശുദ്ധ ബലിയില്‍ പങ്ക് ചേരാന്‍ കഴിയുമെന്ന സാധ്യത അങ്ങ് വിദൂരത്തായിരുന്നു. ഇവിടെയാണ് അസാധ്യതകളെ സാധ്യതകളാക്കുന്ന ദൈവത്തിന്റെ വലിയ കാരുണ്യത്തിന്റെ നാളുകള്‍ അവര്‍ ഓര്‍ത്തെടുക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ചങ്ങനാശ്ശേരി അതിരൂപ താ വൈദികനായ സെബാസ്റ്റ്യന്‍ ശൗര്യമാക്കല്‍ അച്ചനാണ് അഭി. പെരുംന്തോട്ടം മെത്രാപ്പോലിത്തായുടെ നിര്‍ദ്ദേശപ്രകാരം ജയ്പ്പൂരിലെ സിറോ മലബാര്‍ വിശ്വാസികളെ ഒരുമിച്ചുകൂട്ടുന്നത്. അന്ന് വീടുകളിലാണ് വിശുദ്ധ കുര്‍ബാബാന പരികര്‍മം ചെയ്തിരുന്നത്. പിന്നീട് ജയ്പ്പൂരില്‍ നിയമിതനായ ബഹു. മെല്‍വിന്‍ പള്ളി കിഴക്കേതിലച്ചനും ഈ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വന്ന പെരി. ബഹു. പോള്‍ പീടിയക്കേല്‍ അച്ചന്‍ ജയ്പൂരില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ ദൂരത്തായ് സഥിതി ചെയ്യുന്ന ജോട്ട്വാരയിലെ വിശ്വാസ സമൂഹത്തിന്റെ ആവശ്യം മനസിലാക്കി അവര്‍ക്ക് സ്വതന്ത്രമായ ആരാധനാ സംവിധാനം വേണം എന്ന കാര്യം സഭാനേത്യത്വത്തെ അറിയിക്കുന്നത്.

അങ്ങനെ 2018 മാര്‍ച്ച് 19- ാം തീയതി പെരി. ബഹു. പോള്‍ പീടിയേക്കല്‍ അച്ചന്‍ ഇമ്മാനുവേല്‍ സ്‌കുളില്‍ വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ട് ജയ്പൂര്‍ സിറ്റി പാരിഷില്‍ നിന്ന് ജോട്ട്വാരയെ വേര്‍തിരിച്ച് വി. തോമാശ്ലീഹായുടെ നാമത്തില്‍ പുതിയ ഒരു ഇടവകയ്ക്ക് ഔദ്യോഗികമായി ആരംഭം കുറിച്ചു. ബഹു. പാസ്റ്റര്‍ ജോണ്‍ മാത്യു നേതൃത്വം നല്‍കുന്ന ഇമ്മാനുവേല്‍ മിഷന്‍, ഞയറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ അവരുടെ സ്‌കൂള്‍ വിട്ടുനല്‍കിയത് സെന്റ് തോമസ് ഇടവകയുടെ വളര്‍ച്ചയിലെ വലിയ ദൈവകാരുണ്യത്തിന്റെ സാക്ഷ്യമാണ്. അതേവര്‍ഷം തന്നെ ബഹു. വില്‍സന്‍ പുന്നക്കാലയില്‍ അച്ചന്‍ ഇടവകയുടെ വികാരിയായി നിയമിതനായി.

അച്ചന്‍ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് താമസിക്കുവാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. ഇരുപത് കിലോമീറ്റര്‍ യാത്ര ചെയ്താണ് അദ്ദേഹം വിശുദ്ധ കുര്‍ബാനയ്ക്കായി ജോട്ട്വാരയില്‍ എത്തിയിരുന്നത്. അങ്ങനെ 2018 ജൂലൈ മൂന്നാം തിയതി ഒരു വാടക കെട്ടിടത്തില്‍ വൈദികമന്ദിരവും ഇടദിവസങ്ങളില്‍ അതിന്റെ ഹാളില്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമൊരുക്കി.

2019-ല്‍ ഇടവകയിലേയ്ക്ക് കടന്നുവന്ന ASMI സിസ്റ്റേഴ്‌സ് ഇടവകയുടെ കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. സ്വന്തമായി ഒരു ഭവനമില്ലെങ്കിലും ദൈവപരിപാലനത്തില്‍ ആശ്രയം വച്ച് ഇടവകയില്‍ അവര്‍ നിസ്വാര്‍ത്ഥമായി ശുശ്രൂഷ ചെയ്തുവരുന്നു. ദൈവമായ മിശിഹായ്ക്ക് ആരാധന നല്‍കുവാന്‍ സ്വന്തമായി ഒരു ആരാധനാലയം ഉണ്ടാവണം എന്ന ഇടവകയുടെ ഏറെ നാളത്തെ ആഗ്രഹവും പ്രാര്‍ത്ഥനയും സഫലമാകുന്നത് ഇറ്റവ മിഷനിലെ വൈദികരുടെയും ചങ്ങനാശ്ശേരി അതിരൂപതയുടേയും രൂപതയിലെ വിവിധ ഇടവകകളുടെയും അകമഴിഞ്ഞ സഹായം കൊണ്ടാണ്. അങ്ങനെ ഇറ്റാവ മിഷന്റെ സഹായത്താല്‍ 2019 ഡിസംബര്‍ 12-ന് ഇടവകയ്ക്കുവേണ്ടി ഒരു കെട്ടിടം സ്വന്തമായി വാങ്ങാന്‍ കഴിഞ്ഞു.

2020 ജനുവരി 29-ന് ചങ്ങനാശ്ശേരി അതിരുപതയുടെ സഹായമെത്രാന്‍ ഈ പുതിയ സ്ഥലത്ത് ഒരു ദൈവാലയവും വൈദികമന്ദിരവും നിര്‍മ്മിക്കുന്നതിനു വേണ്ടി കല്ലിട്ടത് 2021 ജനുവരിയില്‍ ഒരു ആരാധനാലയമായി ദൈവം രൂപാന്തരപ്പെടുത്തി. വികാരിയച്ചനൊപ്പം ഇടവകാംഗങ്ങള്‍ തീക്ഷ്ണതയോടെ രാപകലില്ലാതെ ആദ്ധ്വാനിക്കുകയും തങ്ങളുടെ സാമ്പത്തില്‍ നിന്ന് എന്റെ ദൈവത്തിനുള്ള പങ്ക് നിസ്വാര്‍ത്ഥമായി നല്‍ക്കുക കൂടെ ചെയ്തപ്പോള്‍ മാര്‍തോമ്മാ നസ്രാണിക്ക് അവന്റെ ആരാധനാക്രമവും പാരമ്പര്യവുമനുസരിച്ച് ദൈവത്തെ ആരാധിക്കാന്‍ ഒരു ആലയമായി. പകല്‍ ജോലിക്ക് പോവുകയും രാത്രി മുഴുവന്‍ ദൈവാലയത്തിനുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നത് ജോട്ട്വാരയിലെ കുടുംബനാഥന്മാരുടെ ശീലമായെങ്കില്‍ പകല്‍ രാത്രി വ്യത്യാസമില്ലാതെ ജപമാല കൈകളിലേന്തി ഉപവാസവും പ്രായശ്ചിത്തവുമായി തമ്പുരാന് എത്രയും വേഗം ആരാധനാലയം സാദ്ധ്യമാകുന്നതിനുവേണ്ടി അമ്മമാര്‍ തീക്ഷണമായി പ്രാര്‍ത്ഥിക്കുന്നത് അവരുടെ ഹൃദയത്തിന്റെ താളമായി മാറി.

കടപ്പാട്: https://www.facebook.com/1799190440360371/posts/2899403703672367/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.