ഫ്രാൻസിലെ ദേവാലയങ്ങൾക്കു നേരെ വീണ്ടും ആക്രമണം

ഫ്രാൻസിലെ ദേവാലയങ്ങൾക്കു നേരെ വീണ്ടും ക്രൂരമായ ആക്രമണം. ഫ്രാൻസിലെ സെന്റ് മേരീസ് കത്തീഡ്രലിലും ഒബർഹാസ്ലാക്കിലെ സെന്റ്-ഫ്ലോറൻസിന്റെ ആശ്രമ ദേവാലയത്തിലുമാണ് അജ്ഞാതർ ആക്രമണം നടത്തിയത്.

തിങ്കളാഴ്ച വെളുപ്പിനെ രണ്ടുമണിയോടെയാണ് സെന്റ് മേരീസ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. ഏകദേശം 60,000 യൂറോയുടെ നാശനഷ്ടങ്ങളാണ് മോഷ്ടാക്കൾ ദേവാലയത്തിൽ ഉണ്ടാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ ദേവാലയത്തിൽ ആദ്യമായി ആണ് ഇത്തരത്തിൽ ഒരു മോഷണവും അതിക്രമവും നടക്കുന്നത്. കാറിൽ എത്തിയ മോഷ്ടാക്കൾ ദേവാലയത്തിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറി. തുടർന്ന് ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കൾ ഭൂരിഭാഗവും മോഷ്ടിച്ചു. കവർച്ച ചെയ്ത വസ്തുക്കളിൽ സ്വർണ്ണ കിരീടവും പുൽക്കൂടും പുരോഹിത വസ്ത്രവും ഉൾപ്പെടുന്നു. ഈ പുരോഹിത വസ്ത്രം പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിസ് ഒന്നാമൻ രാജാവ് സമ്മാനമായി നൽകിയതാണ്.

ആശ്രമ ദേവാലയത്തിൽ അതിക്രമിച്ചു കടന്ന മോഷ്ടാക്കൾ അവിടെ സ്ഥാപിച്ചിരുന്ന വിശുദ്ധ ബർണാഡിന്റെ രൂപം  നശിപ്പിച്ചു. തല നഷ്ട്ടപ്പെട്ട നിലയിൽ ഞായറാഴ്ച ഉച്ചയോടെയാണ് രൂപം  കാണപ്പെട്ടത്. ദേവാലയത്തിന്റെ പുൻഭാഗത്തുള്ള കതക് തകർത്താണ് ആക്രമികൾ ഉള്ളിൽ കയറിയത് എന്ന് ആശ്രമത്തിലെ വൈദികർ വെളിപ്പെടുത്തി.