ഈ ക്രിസ്തുമസ് കൂടുതല്‍ സാഹോദര്യത്തിന്റേതാക്കാം: കര്‍ദ്ദിനാള്‍ അന്തോണിയോ ലൂയി താഗ്ലേ

1. പ്രത്യാശ കൈവെടിയരുത്

മഹാമാരിക്കിടെ വരുന്ന ഈ ക്രിസ്തുമസ് മഹോത്സവം നമ്മില്‍ നിന്നും കൂടുതല്‍ ഐക്യദാര്‍ഢ്യവും സാഹോദര്യവും ആവശ്യപ്പെടുന്നുണ്ടെന്ന് സുവിശേഷപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ (Congregation for the Propagation of Faith), കര്‍ദ്ദിനാള്‍ അന്തോണിയോ ലൂയി താഗ്‌ളേ പ്രസ്താവിച്ചു. ഡിസംബര്‍ 15-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.

ഒരു മഹാമാരിയിലൂടെ നാം ഉഴലുകയാണ്. ഈ വര്‍ഷത്തെ ക്രിസ്തുമസ് മഹോത്സവത്തിലേയ്ക്ക് നാം നടന്നടുക്കുന്നത് ദുഃഖത്തോടെയാണെങ്കിലും പ്രത്യാശ കൈവെടിയരുതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ ആമുഖമായി ഉദ്‌ബോധിപ്പിച്ചു. ഈ വര്‍ഷാന്ത്യ ഘട്ടത്തില്‍ നമ്മുടെ യാതനകള്‍ വളരെ അധികമാണ്, ഒപ്പം ധാരാളം പേര്‍ മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി അര്‍പ്പണബോധത്തോടെ കഠിനാദ്ധ്വാനം ചെയ്യുന്നുമുണ്ട്. ഫിലിപ്പീന്‍സില്‍ വച്ച് താന്‍ കടന്നുപോയ വൈറസ് ബാധയുടെ ഭീതിയും വിഷമവും അദ്ദേഹം അഭിമുഖത്തില്‍ അനുസ്മരിച്ചു.

2. ആദ്യ ക്രിസ്തുമസിന്റെ താഴ്മയും ലാളിത്യവും

ക്രിസ്തുവിന്റെ ജനനം പ്രത്യാശയുടെ മുഹൂര്‍ത്തവും മാനവനരാശിക്കു മുഴുവന്‍ നവീകരണത്തിനും പുനര്‍ജനിക്കുമുള്ള സമയവുമാണ്. യേശുവിന്റെ ജനനസമയത്ത് പലസ്തീന്‍ – ഇസ്രായേല്‍ പ്രദേശങ്ങള്‍ വിദേശ മേല്‍ക്കോയ്മയുടെ നുകത്തിന്‍ കീഴില്‍ പീഡനങ്ങളും ദാരിദ്ര്യവും ക്ലേശങ്ങളും സഹിക്കുന്ന ഒരു കാലഘട്ടമായിരുന്നു. അതിനാല്‍ ഇന്നു നാം നേരിടുന്ന ജീവിതയാതനകളെ പ്രത്യാശയോടും ആത്മധൈര്യത്തോടും കൂടെ അഭിമുഖീകരിക്കുവാന്‍ ഈ ക്രിസ്തുമസില്‍ യേശുവിന്റെ ആത്മീയാഗമനം നമ്മെ സഹായിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു.

3. ദൈവത്തോട് അടുക്കാം

ക്രിസ്തുമസിലൂടെയാണ് ദൈവം നമ്മിലേയ്ക്കു വരികയും അവിടുന്നു നമ്മോടൊത്തു വസിക്കുകയും ചെയ്തത്. പ്രത്യാശയായ ദൈവം മനുഷ്യനായി നമ്മോടൊത്തു വസിച്ചത് ക്രിസ്തുവിലാണ്. നമ്മിലേയ്ക്കു വന്ന ദൈവമാണ് അവിടുന്ന്. അതിനാല്‍ നാം ഒരിക്കലും ഒറ്റയ്ക്കല്ല. ‘ഇമ്മാനുവേല്‍ – Emmanuel; ദൈവം നമ്മോടു കൂടെ! അതിനാല്‍ ഇപ്പോള്‍ നമ്മുടെ കൂടെയുള്ളതും നാം വലുതെന്നു കരുതുന്നതുമായ പലതും നമ്മുടെ സമ്പാദ്യവും സുഖലോലുപതയും വളഞ്ഞ വഴികളും പണത്തോടുള്ള ആര്‍ത്തിയുമെല്ലാം അകന്നുപോകും. അല്ലെങ്കില്‍ നാം ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്‍ദ്ദിനാള്‍ താഗ്ലെ അഭിപ്രായപ്പെട്ടു. അപ്പോള്‍ നമ്മിലേയ്ക്കു വന്ന യേശു നമ്മുടെ കൂടെ വസിക്കുകയും അവിടുന്നു നമ്മുടെ പ്രത്യാശയായി മാറുകയും ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

4. ക്രിസ്തുവിനോടു ചേര്‍ന്ന ജീവിതം

നമ്മുടെ ചാരത്തെത്തുന്ന ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു സഹോദരനും സുഹൃത്തുമായിരിക്കും. നമ്മുടെ ഭീതിയും ആശങ്കയും വ്യഥകളും അറിയുന്ന ഒരു സുഹൃത്തും സഹചാരിയുമായിരിക്കും അവിടുന്ന്. ക്രിസ്തുവിന്റെ സാന്നിധ്യം നമുക്ക് ആശ്ചര്യമായിരിക്കും. കാരണം, അവിടുന്ന് വീണ്ടും വരുന്നത് എപ്പോഴാണെന്ന് നമുക്ക് അറിയില്ല. അപ്രതീക്ഷിതമാണ് അവിടുത്തെ വരവ്. അതിനാല്‍ നാം ഒരുങ്ങിയിരിക്കണം, ജാഗരൂകരായിരിക്കണം. ജീവിതത്തിന്റെ ഓരോ നിമിഷവും ഓരോ ദിവസവും നാം ദൈവത്തോടു രമ്യതയില്‍ ജീവിക്കണം. അവിടുത്തോടുള്ള സമാധാനത്തില്‍ വസിക്കണം. അതുപോലെ നമ്മുടെ സഹോദരങ്ങള്‍ക്കായി നമുക്കു ഇപ്പോള്‍ ചെയ്യാവുന്ന നന്മകള്‍ – ചെറിയ കാരുണ്യപ്രവൃത്തികള്‍, നീതിയോടെയുള്ള പെരുമാറ്റം, സൗഹൃദത്തിന്റെ ഒരു ഫോണ്‍ വിളി, ഒരു പുഞ്ചിരി, ഒരു നല്ല വാക്ക്… അവയൊന്നും മാറ്റിവയ്ക്കരുത്. കാരണം, പിന്നീടെന്നോ അല്ലെങ്കില്‍ നാളെയെന്നോ എന്നെല്ലാമുള്ള സാധ്യതകള്‍ ഇല്ലാതായിപ്പോകാമെന്നും കര്‍ദ്ദിനാള്‍ താഗ്ലേ അഭിപ്രായപ്പെട്ടു.

5. കാരുണ്യപ്രവൃത്തികള്‍ ചെയ്യാം

ഒരു മഹാമാരിക്ക് ഇടയില്‍ ആസന്നമാകുന്ന ഈ ക്രിസ്തുമസ് നമ്മെ ഐക്യദാര്‍ഢ്യത്തിനാണു ക്ഷണിക്കുന്നതെന്ന് അദ്ദേഹം സംഗ്രഹിച്ചു. സഹോദരങ്ങള്‍ക്ക് സഹായമാകുന്നൊരു സഹോദരന്‍ അല്ലെങ്കില്‍ സഹോദരി ഉണ്ടെന്ന് വാക്കിലൂടെയും ചെറിയ പ്രവൃത്തികളിലൂടെയും അനുഭവവേദ്യമാക്കാം. എനിക്കുള്ളത് പണമാവട്ടെ, നല്ല ഭക്ഷണമാവട്ടെ എന്റെ സഹോദരങ്ങളുമായി പങ്കുവയ്ക്കുവാനുമുള്ള ഔദാര്യവും കാരുണ്യവും സ്‌നേഹവും ഈ ക്രിസ്തുമസില്‍ പ്രകടമാക്കാം. അങ്ങനെ അപരനായി ഒരു എളിയ സഹോദരനും സഹോദരിയുമാകാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

6. തെളിമയുള്ള വര്‍ഷത്തിലേയ്ക്ക്

ഈ വര്‍ഷം അവസാനിക്കുകയാണ്. നാം, എല്ലാവര്‍ക്കും തെളിച്ചമുള്ള പുതുവര്‍ഷം (A bright New Year) ആശംസിക്കാറുണ്ട്. പുറമേ ഒരു മാറ്റവും തെളിച്ചമായി കാണണമെന്നില്ല. എന്നാല്‍ നമ്മില്‍ ഓരോരുത്തരിലും ഓരോരുത്തര്‍ക്കും തെളിച്ചത്തിനുള്ള ആന്തരികമാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. കാഴ്ചപ്പാടിലും ജീവിതരീതിയിലും സമീപനത്തിലും മാറ്റം വരുത്തിക്കൊണ്ട് 2021 കൂടുതല്‍ പ്രത്യാശയും ഐക്യദാര്‍ഢ്യവും സന്തോഷവും കൂടുതല്‍ തെളിച്ചവുമുള്ള വര്‍ഷമാക്കി മാറ്റാന്‍ പരിശ്രമിക്കാമെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ താഗ്ലേ അഭിമുഖം അവസാനിപ്പിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.