ഇത് യഥാര്‍ത്ഥത്തില്‍ ഈശോയാണോ? ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിധ്യം

വിശുദ്ധ കുര്‍ബാനയ്ക്കിടെ വാഴ്ത്തപ്പെടുന്ന അപ്പവും വീഞ്ഞും പിന്നീട് അപ്പവും വീഞ്ഞുമല്ല. അത് യേശുക്രിസ്തുവിന്റെ ശരീര-രക്തങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. ഇതാണ് ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാല്‍, വിശ്വാസിയെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും നാം സ്വീകരിക്കുന്നത് ക്രിസ്തുവിനെയാണോ എന്ന സംശയം പലരെയും വേട്ടയാടാറുണ്ട്.

ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടി ഈശോ തന്നെ വ്യക്തമാക്കിത്തരുന്നുണ്ട്. വി. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിലാണ് തിരുശരീര-രക്തങ്ങളെക്കുറിച്ച്, ജീവന്റെ അപ്പത്തെക്കുറിച്ച് ക്രിസ്തു പഠിപ്പിക്കുന്നത്. ‘യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.’

ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ് പിതാവില്‍ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേയ്ക്കു വരുവാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി. അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല.’

ദിവ്യകാരുണ്യത്തോടുള്ള ആദിമക്രൈസ്തവരുടെ മനോഭാവം അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും വ്യക്തമാക്കുന്നുണ്ട്. തന്റെ രക്തത്താല്‍ ക്രിസ്തു നിങ്ങളെ രക്ഷിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍, തന്റെ രക്തത്തിലൂടെ നിത്യജീവന് അവിടുന്ന് നമ്മെ യോഗ്യരാക്കുന്നു എന്നാണര്‍ത്ഥം. അതുകൊണ്ട് നിത്യജീവിതം സ്വപ്നം കണ്ട് ദിവ്യകാരുണ്യത്തിലെ ഈശോയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യാം.