ക്രിസ്തുമസ്‌ റീത്ത്‌

ഫാ. ക്ലീറ്റസ് കാരക്കാട്ട്

ഈജിപ്തിലെയും ഗ്രീസിലെയും പുരാതന സംസ്കാരങ്ങളിൽ റീത്തുകൾ ഉപയോഗിക്കുന്ന ഒരു രീതി സാധാരണമായിരുന്നെങ്കിലും അത്‌, ഇന്ന് റീത്ത്‌ വ്യപകമായി ഉപയോഗിക്കുന്ന അർത്ഥത്തിലായിരുന്നില്ല. പലനിറത്തിലുള്ള മനോഹരമായ ഫാബ്രിക്കുകൾ കൊണ്ട്‌ ഉണ്ടാക്കുന്ന റീത്തുകളിൽ രത്നങ്ങളും പൂക്കളും കൊണ്ട്‌ അലങ്കരിച്ച്‌ ഉണ്ടാക്കുന്ന റീത്തുകൾ പ്രൗഡി അറിയിക്കുന്ന തലപ്പാവുകളായിട്ടായിരുന്നു അക്കാലത്ത്‌ ഉപയോഗിച്ചിരുന്നത്‌. റോമൻ സാമ്രാജ്യത്തിൽ ഒലിവിലകൾ കൊണ്ടും പൂക്കൾ കൊണ്ടും നിർമ്മിച്ച റീത്തുകൾ ജേതാക്കളാകുന്ന അത്‌ലറ്റുകൾക്കും കവികൾക്കും മറ്റും പാരിതോഷികമായും കൊടുത്തിരുന്നു. അതുപോലെ തന്നെ പുഷ്പാലംകൃതമായ റീത്തുകൾ വീടിനു മുന്നിൽ തൂക്കിയിടുന്നത്‌ വിജയത്തിന്റേയും നേട്ടത്തിന്റേയും പ്രതീകമായിരുന്നു.

യൂറോപ്പിലും അമേരിക്കയിലും അതുപോലെ അനേകം വിദേശരാജ്യങ്ങളിലും ഇന്ന് സർവ്വസാധാരണമായി കാണുന്ന ക്രിസ്തുമസ്‌ റീത്തുകളുടെ ഉത്ഭവം ക്രിസ്തുമസ്‌ റീത്തുകളായിട്ടായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിൽ ഈജിപ്തിലേയും ഗ്രീസിലേയും സംസ്കാരങ്ങളിൽ ശൈത്യകാലത്ത്‌ നടന്നിരുന്ന യൂൾ (Yule) ഉത്സവങ്ങളിൽ വസന്തത്തിന്റേയും പ്രകാശത്തിന്റേയും തിരിച്ചുവരവിനായി പ്രകൃതിയെ ആദരിക്കുന്നതിന്‌ പുഷ്പാലംകൃതമായ റീത്തുകളും കത്തിച്ച മെഴുകുതിരികളും ഉപയോഗിക്കുന്ന പരമ്പരാഗത ആചാരവും നിലനിന്നിരുന്നു. എന്നാൽ ഇന്ന് ഏറ്റവുമധികം റീത്തുകൾ ഉപയോഗിക്കുന്നത്‌ ക്രിസ്തുമസ്‌ സീസണോട്‌ അനുബന്ധിച്ചാണ്‌.

ക്രിസ്ത്യാനികളുടെ വിശ്വാസജീവിതത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുവാൻ ഒരുങ്ങുന്ന ഡിസംബർ മാസത്തിന്റെ ആരംഭത്തിൽ തന്നെ ക്രിസ്തുമസ്‌ കാലത്തെ വരവേൽക്കാൻ റീത്തുകൾ എല്ലായിടത്തും തൂക്കിയിടുന്ന പതിവ്‌ ഇന്ന് ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും തുടരുന്നുണ്ട്‌. ക്രിസ്തുമസ്‌ റീത്ത്‌ നിർമ്മിക്കുന്നത്‌ വൃത്താകൃതിയിലാണ്‌. ഇത്‌ ഭൂമിയിലും സ്വർഗ്ഗത്തിലുമായി തുടരുന്ന അവിരാമമായ മനുഷ്യജീവിതത്തിന്റെ നിത്യജീവന്റെയും നിലയ്ക്കാത്ത ദൈവസ്നേഹത്തിന്റെയും പ്രതീകമാണ്‌. അങ്ങനെ പതിനാറാം നൂറ്റാണ്ടിലെ യൂൾ ഫെസ്റ്റിവലിലെ റീത്ത്‌ ആഗമനകാലത്ത്‌ ക്രിസ്തുമസിന്റെ വരവ്‌ അറിയിച്ചുകൊണ്ട്‌ വീടിനു മുന്നിൽ തൂക്കിയിടുന്ന പതിവ്‌ ഇന്ന് യൂറോപ്പിലും അമേരിക്കയിലും ക്രിസ്തുമസ്‌ സീസണിലെ ആഘോഷത്തിന്റെ ഭാഗമാണ്‌.

എവർഗ്രീൻ ഇലകളും ഹോളി ഓക്കും റെഡ്‌ ബെറീസ്‌ ബുഷും അതുപോലെ മറ്റ്‌ ആരോമാറ്റിക്‌ ഇലകളുമുപയോഗിച്ചാണ്‌ ക്രിസ്തുമസ്‌ റീത്ത്‌ നിർമ്മിക്കുന്നത്‌. എവർഗ്രീൻ നിത്യജീവന്റെ പ്രതീകവും ഹോളി ഓക്കിന്റെയും റെഡ്ബറി ബുഷിന്റെയും കുഞ്ഞുമുള്ളുകൾ കുരിശുമരണ സമയത്ത്‌ ക്രിസ്തുവിന്റെ ശിരസിൽ ചാർത്തിയ മുൾമുടിയുടേയും ഓർമ്മയാണ്‌.

ക്രിസ്തുമസ്‌ റീത്തിനു പിന്നിലെ കഥകൾ ഇതൊക്കെയാണെങ്കിലും ധാരാളമാളുകൾക്ക്‌ ക്രിസ്തുമസ്‌ സീസണിലെ ഡെക്കറേഷന്റെ ഭാഗമായി മാത്രമുള്ള ഒന്നാണ്‌ ഈ ക്രിസ്തുമസ്‌ റീത്തുകൾ. അനേക ലക്ഷം ആളുകൾ ആഗമനകാലത്തിന്റെ ആരംഭത്തിൽ മനോഹരമായ ക്രിസ്തുമസ്‌ റീത്തുകൾ വീടിനു മുന്നിൽ തൂക്കിയിട്ടുകൊണ്ട്‌ ക്രിസ്തുവിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരുപ്പിറവിയെ അനുസ്മരിക്കുകയും ആത്മീയമായി ക്രിസ്തുവിനെ വീടുകളിലേയ്ക്ക്‌ സ്വഗതം ചെയ്യുകയും ചെയ്യുന്നു.

ഫാ. ക്ലീറ്റസ് കാരക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.