ക്രിസ്തുമസ് ട്രീ: ചരിത്രവഴികളിലൂടെ ഒരു യാത്ര

ക്രിസ്തുമസ് ട്രീ. ക്രിസ്തുമസിന്റെ മോടിയും സൗന്ദര്യവും ഒക്കെ കൂട്ടുന്നതിനായി നാം തയ്യാറാക്കുന്ന ഒന്നാണ് ക്രിസ്തുമസ് ട്രീ. വെറുമൊരു അലങ്കാരവസ്തു മാത്രമല്ലിത്. അത് തിരിച്ചറിയുന്നതിനായി നാം വര്‍ഷങ്ങള്‍ പിന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ക്രിസ്തുമസ് ട്രീ എന്ന ആശയം ഉടലെടുക്കുന്നത് പന്ത്രണ്ടാം  നൂറ്റാണ്ടിലാണ്. അന്ന് ക്രിസ്ത്യാനികള്‍ക്കിടയില്‍ ക്രിസ്തുമസിനു മുന്നോടിയായി ഒരു ആഘോഷം നടന്നിരുന്നു. ആദത്തെയും ഹവ്വായേയും പറുദീസയില്‍ നിന്ന് പുറന്തള്ളിയതിനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു പരിപാടി. ക്രിസ്തുവിന്റെ വരവിനു മുന്നോടിയായുള്ള ബൈബിള്‍ ചരിത്രത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒരു ആഘോഷം. ഡിസംബര്‍ 24-നാണ് അത്തരമൊരു ആഘോഷം നടത്തിയിരുന്നത്.

ക്രിസ്തുമസ് ട്രീ അറിവിന്റെ വൃക്ഷത്തെ സൂചിപ്പിക്കുന്നു 

ഈ ആഘോഷത്തില്‍ നന്മ-തിന്മകളുടെ, അറിവിന്റെ വൃക്ഷത്തെ സൂചിപ്പിക്കുന്നതിനായി അവര്‍ ഒരു എവര്‍ഗ്രീന്‍ തിരഞ്ഞെടുക്കും. അത് നടുക്കായി വയ്ക്കും. അതിന്റെ ചുറ്റും പഴങ്ങള്‍ തൂക്കിയിട്ട് അലങ്കരിക്കും. ഈ പഴങ്ങള്‍ ആദവും ഹവ്വായും ഭക്ഷിച്ച അറിവിന്റെ വൃക്ഷത്തില്‍ നിന്നുള്ള പഴത്തെയാണ് സൂചിപ്പിക്കുക. കൂടാതെ ചെയിന്‍, ചെറിയ തിരികള്‍ എന്നിവയും  ചെടിയില്‍ വയ്ക്കും. തുടര്‍ന്ന് ആ ചെടിയുടെ മുകളിലായി നക്ഷത്രം വയ്ക്കും. ബെത്ലഹേമിലേയ്ക്ക് ഉള്ള യാത്രയില്‍ വഴികാട്ടിയായി നിന്ന നക്ഷത്രത്തെയാണ് അത് സൂചിപ്പിക്കുക. ഇങ്ങനെ തുടര്‍ന്നുപോന്നു. ഈ ശീലമാണ് ഇന്ന് കാണുന്ന തരത്തിലുള്ള ക്രിസ്തുമസ് ട്രീയിലേയ്ക്ക് നമ്മെ കൊണ്ടുവന്നെത്തിച്ചത്.

പ്രതീക്ഷയുടെ വൃക്ഷം

ഈ ഒരു ആഘോഷത്തിനുശേഷം അവര്‍ ക്രിസ്തുസ് ട്രീ ദേവാലയങ്ങളിലേയ്ക്കും വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും കൊണ്ടുപോകുന്നു. പാപം ചെയ്ത്, പറുദീസാ നഷ്ടമായ ജനതയ്ക്കായുള്ള രക്ഷകന്റെ ആഗമനത്തെ സൂചിപ്പിക്കുന്ന പ്രതീക്ഷയുടെ വൃക്ഷമായി അത് നിലകൊണ്ടു. പിന്നീട് അവര്‍ അതിന്റെ താഴെയായി ഈശോയുടെ ജനനം സൂചിപ്പിക്കുന്ന പുല്‍ക്കൂട് നിര്‍മ്മിക്കുവാന്‍ തുടങ്ങി.

ക്രിസ്തുമസ് ട്രീ സ്ഥാപിക്കുന്നതും മാറ്റുന്നതും

ക്രിസ്തുവിന്റെ വരവിനു മുന്നോടിയായുള്ള ചരിത്രസംഭവങ്ങളെയും രക്ഷകന്റെ വരവിനായുള്ള പ്രത്യാശയെയും സംയോജിപ്പിക്കുന്ന ക്രിസ്തുമസ് ട്രീ ആദ്യകാലങ്ങളില്‍ താങ്ക്‌സ് ഗിവിംഗ് ദിനത്തിലാണ് സ്ഥാപിച്ചിരുന്നത്. തുടര്‍ന്ന് അത് മനോഹരമായി അലങ്കരിക്കും. ആ അലങ്കാരങ്ങളും ട്രീയും ക്രിസ്തുമസ് കഴിഞ്ഞ ഉടനെ എടുത്തുമാറ്റുകയില്ലായിരുന്നു. ജനുവരി ആറിനുശേഷം വരുന്ന ഞായറാഴ്ച, അതായത് പൂജരാജാക്കന്മാരുടെ തിരുനാള്‍ സഭ കൊണ്ടാടുന്ന ദിവസം ട്രീ എടുത്തു മറ്റും. ചില സ്ഥലങ്ങളില്‍ അത് ഈശോയെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്നതിന്റെ ഓര്‍മ്മ ആചരിക്കുന്ന ഫെബ്രുവരി രണ്ടാം തീയതി വരെ നിലനിര്‍ത്തും.