ക്രിസ്തുമസ് ചിന്തകൾ 11: ആട്ടിടയന്മാർ

വലിയ അറിവോ പാണ്ഡിത്യമോ ഇല്ലാത്ത സാധാരണക്കാരായ മനുഷ്യർ. ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയൊന്നും അത്ര വലിയ അവഗാഹമില്ലാത്തവർ. തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ആട്ടിൻക്കൂട്ടത്തെ ചെന്നായ്ക്കളിൽ നിന്നും ജീവൻ പണയം വച്ചും രക്ഷിക്കാനായി എപ്പോഴും ബദ്ധശ്രദ്ധർ.

എപ്പോഴും ജാഗരൂകതയോടെ വർത്തിക്കുന്നവരാണ് ഇടയന്മാർ. ഒരു ചെറിയ ചലനമോ, ശബ്ദമോ പോലും ഇടയന്റെ കണ്ണും കാതും കൂർപ്പിക്കാറുണ്ട്. പകലുപോലെയല്ല രാത്രി; ചെന്നായ്ക്കളും മറ്റ് വന്യ മൃഗങ്ങളും ആടിനെ ആക്രമിക്കാൻ ഇറങ്ങുന്നത് ഇരുളിന്റെ മറവിലാണ്. പകലിന്റെ അദ്ധ്വാനവും ചൂടും സഹിച്ചശേഷം രാത്രി ആടിനെ ഗുഹയിലാക്കി ഗുഹാമുഖത്ത് വിശ്രമിക്കുന്ന ആട്ടിടയരുടെ പക്കലാണ് ദൈവദൂതൻ കടന്നുവന്നത്.

സകല ജനത്തിനും വേണ്ടിയുള്ള സദ്വാർത്ത ശ്രവിക്കാൻ മാത്രം ഭാഗ്യം സിദ്ധിച്ച അപൂർവ്വ ജന്മങ്ങൾ. ദാവീദിന്റെ പട്ടണമായ ബെത്ലെഹെമിൽ തങ്ങൾക്കായി ഒരു രക്ഷകൻ ഭൂജാതനായ വാർത്ത എന്തുമാത്രം സന്തോഷവും, സമാധാനവും, ആനന്ദവും അവരിൽ ഉണർത്തിയിട്ടുണ്ടാകും. സ്വർഗ്ഗീയ സൈന്യ വ്യൂഹത്തിന്റെ ദർശനവും സാധാരക്കാരായ ഇടയന്മാർക്ക് ലഭിച്ചു.

ആട്ടിടയന്മാർ നമ്മെ ഓർമ്മിപ്പിക്കുന്നു:

1. കർത്താവിന്റെ മഹത്വ് ദർശനം ലഭിക്കാൻ എളിമ വേണം.

2. എപ്പോഴും ജാഗരൂകതയോടെ തിന്മയ്‌ക്കെതിരെ പോരാടുക.

3. യേശുവിനെപ്പറ്റിയുള്ള സന്ദേശം ലോകത്തെ അറിയിക്കുക.

4. ഭയം വെടിഞ്ഞു ദൈവത്തിലേക്ക് ദൃഷ്ടികൾ ഉയർത്തുക.

5. ദൈവത്തെ എപ്പോഴും മഹത്വ്പ്പെടുത്തുക, സ്തുതിക്കുക, നന്ദി പറയുക.

6. നല്ലിടയനായ യേശുവിന്റെ സ്വരം ശ്രവിക്കാനായി എപ്പോഴു കാത് കൂർപ്പിക്കുക.

സാജനച്ചൻ, തക്കല രൂപത