ജലവിതാനത്തിലെ പേരെഴുത്തുകാർ

പുൽക്കൂട്ടിലേക്കുള്ള ഒരു യാത്രയാണ്  ക്രിസ്തുമസ്. ഈ യാത്ര ഉണ്ണിയെ കാണുവാനും ഉണ്ണിയെ സ്വന്തമാക്കുവാനുമാണ്. യേശുവിലേയ്ക്കുള്ള വളർച്ചയാണ് ഈ യാത്രയുടെ ലക്ഷ്യം. മറ്റുള്ളവരുടെ ഇഷ്ടക്കാരായി മാറുക, അതുവഴി അവരുടെ മനസ്സിൽ നമ്മുടെ പേര് എഴുതുക. ഇത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷേ, അത് അത്ര എളുപ്പമല്ല. അവർക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ഇഷ്ടമില്ലാത്തത് ചെയ്യാതിരിക്കുകയും വേണം. എങ്കിലെ മറ്റുള്ളവരുടെ മനസ്സിലേക്ക് നമ്മുടെ പേര് എഴുതപ്പെടുകയുള്ളു. ഇങ്ങനെയുള്ള ഒരു പേരെഴുത്തിലാണ് നമ്മുടെ ജീവിതവും സന്തോഷവും ഉയർച്ചയും വളർച്ചയും എല്ലാം നിലനിൽക്കുന്നത്. എന്നാൽ പേര് എഴുതാനുള്ള തത്രപാടിൽ നമ്മൾ നമ്മളെ തന്നെ മറന്നു കളഞ്ഞാലോ?

അത്തരത്തിൽ നടന്ന ഒരു പേരെഴുത്തിലേക്ക് ആണ് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്. റോമൻ ചക്രവർത്തിയായ ആഗസ്റ്റസ് സീസറിന്റെ കൽപ്പന വന്നു. എല്ലാവരും തന്താങ്ങളുടെ നഗരത്തിൽ പോയി അവരവരുടെ പേര് എഴുതിക്കണം. രാജകല്പന ആണ് നിരസിച്ചാൽ തല കാണില്ല. തയ്യാറെടുപ്പുകൾ ധ്രുതഗതിയിൽ നടക്കുന്നു. ബന്ധുമിത്രാദികളെ കാണാനും വിശേഷങ്ങൾ അറിയാനും പങ്കുവെയ്ക്കാനും ആഘോഷിക്കാനും കിട്ടിയ അവസരം. ജനങ്ങളെല്ലാം യാത്രാദിനങ്ങൾ കണക്കുകൂട്ടി പുറപ്പെട്ടു. മലകളും താഴ്വരകളും ഗോതമ്പു വയലുകളും ആട്ടിൻ പറ്റങ്ങളുമെല്ലാം കൊണ്ട് സമൃദ്ധമായ ബദ്‌ലഹേം. വെയിൽ മങ്ങുന്നതും നോക്കി വരാൻ കാത്തിരിക്കുന്ന കോടമഞ്ഞും, മഞ്ഞിനോട് മത്സരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന വിളക്ക് കാലുകളും എല്ലാം ഇവിടുത്തെ കാഴ്ചയാണ്. പകൽവെളിച്ചം മങ്ങിത്തുടങ്ങി. വീടുകളെല്ലാം അതിഥികളെ കൊണ്ട് നിറഞ്ഞു. വന്നവർക്കും നിന്നവർക്കും ഇന്ന് ഒരു ആഘോഷ ദിനമാണ്.

നേരം പുലരുമ്പോഴാണ് കല്പനപ്രകാരമുള്ള പേര് എഴുത്തു നടക്കുന്നതെങ്കിലും ഇപ്പോൾ അവർ പരസ്പരം പേര് എഴുതാനുള്ള ശ്രമത്തിലാണ്. അത് എങ്ങനെയാണെന്നല്ലേ? നല്ല പലഹാരങ്ങളും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി ആതിഥേയർ അതിഥികളുടെ മനസ്സിൽ പേരെഴുതാൻ ശ്രമിക്കുമ്പോൾ പാട്ടും കൂത്തും സ്നേഹപ്രകടനങ്ങളുമായി അതിഥികൾ ആതിഥേയരുടെ മനസ്സിൽ ഇടം നേടി പേരെഴുത്തു നടത്തുന്നു. സർവ്വത്ര ബഹളം.

സമയം ഏറെ വൈകിയായിരുന്നു അവർ എത്തിച്ചേർന്നത്. ഗർഭവതിയായ മേരിയെ കഴുതപ്പുറത്ത് ഇരുത്തിയാണ് ജോസഫ് കൊണ്ടുവരുന്നത്. മേരിയുടെ ഉദരത്തിൽ ദൈവചൈതന്യം കുടികൊള്ളുന്നുണ്ട്. ദൈവപുത്രൻ ഭൂജാതനാകാനുള്ള സമയം ഇതാ ആഗതമാകുന്നു. ദൈവപുത്രനെ ഉദരത്തിൽ വഹിക്കുന്ന മേരിക്ക് അല്പം വിശ്രമിക്കുന്നതിനായി ജോസഫ് ഓരോ വാതിലുകളിലും മുട്ടുകയാണ്. “ഇല്ല, ഇല്ല ഇവിടെ ഇടമില്ല പൊയ്ക്കോ.” ആരവങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിൽ മനുഷ്യകുലം ഒന്നാകെ മനസ്സിൽ എഴുതി സൂക്ഷിക്കേണ്ടിയിരിക്കുന്ന ദൈവപുത്രന്റെ പേരെഴുത്തിന് മുമ്പിൽ ഓരോ വാതിലുകളും കൊട്ടി അടക്കപ്പെട്ടു. മനുഷ്യ ഭവനങ്ങളിൽ നിന്നും തിരസ്കൃതനായ ദൈവപുത്രനെയും കൊണ്ട് കാലികൾ അന്തിയുറങ്ങുന്ന തൊഴുത്തിനെ ലക്ഷ്യമാക്കി അവർ നടന്നു നീങ്ങി. കാലികൾ ഉപേക്ഷിച്ച വൈക്കോലിന് മുകളിൽ പരി. മറിയത്തിൽ നിന്നും ദൈവപുത്രൻ ഭൂജാതനായി.

“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം.” പേരെഴുത്തിനായി തിരക്കുകൂട്ടിയവരാരും മാലാഖ വൃന്ദത്തിൻറെ ഈ ഗാനം കേട്ടില്ല. അന്നന്നു വേണ്ടുന്ന ആഹാരത്തിനായി ആടുകളോടൊപ്പം ജീവിച്ചിരുന്ന ആട്ടിടയന്മാർ കേട്ടു. അവർ വന്നു ഉണ്ണിയെ കൺകുളിർക്കെ കണ്ടു മടങ്ങി. വിശുദ്ധ യൗസേപ്പിന് കിട്ടിയ ദർശനത്തിന്റെ വെളിച്ചത്തിൽ ആ രാത്രിയിൽ തന്നെ ഉണ്ണിയേയും എടുത്ത് ഇരുവരും ഈജിപ്തിലേക്ക് പോയി. ദൈവപുത്രൻ വന്നതും പോയതും അറിയാതെ പേര് എഴുത്തുകളുടെ ആഘോഷങ്ങളിൽ മുഴുകിയവർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് ഹേറോദേസിന്റെ വാൾ വന്നു പതിച്ചത്. കൈക്കുഞ്ഞുങ്ങളെ ഒന്നാകെ വെട്ടിയരിഞ്ഞപ്പോഴും എന്താണ് സംഭവിച്ചതെന്ന് അവരാരും അറിഞ്ഞിരുന്നില്ല.

ദൈവത്തെ മറന്നു കൊണ്ടുള്ള പേര് എഴുത്തുകൾക്ക് പിന്നാലെ പായുമ്പോൾ ഒന്നോർക്കുക. ദുരന്തങ്ങളും ദുരിതങ്ങളും വന്നുഭവിക്കുമ്പോഴല്ല ദൈവത്തെ അന്വേഷിക്കേണ്ടത്. ഹൃദയ കവാടത്തിൽ മുട്ടുന്ന നേരം തുറന്ന് അവന്‌ പിറക്കാൻ ഇടം കൊടുക്കുന്നവരായി മാറണം നമ്മൾ. ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമ്മേൻ.

സി. ജെസ്മി SMC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.