ഉണ്ണീശോ ഇൻ; സാന്താ ഔട്ട്

ടോണി ചിറ്റിലപ്പിള്ളി

കഴിഞ്ഞ 20 വർഷത്തിനിടയിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്കു വന്ന മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ലോകവും ന്യൂജെൻ തലമുറകളും മുന്നോട്ടു പോകുമ്പോഴും ഉണ്ണീശോക്ക് മാറ്റമില്ലല്ലോ? ഏറ്റവും സങ്കടപ്പെടുത്തുന്നത് ക്രിസ്‌തുമസ് കാര്‍ഡുകളില്‍ നിന്ന് ഉണ്ണീശോ പടിയിറങ്ങിപ്പോയിരിക്കുന്നു. ക്രിസ്‌തുമസ് കാർഡ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഗൂഗിളില്‍ ക്രിസ്‌തുമസ് കാര്‍ഡുകള്‍ പരതിയപ്പോൾ അമ്പരിപ്പിക്കുന്ന ഒരു സത്യം മനസ്സിലായി. ഉണ്ണീശോ ഉള്ള ക്രിസ്‌തുമസ് കാര്‍ഡുകളുടെ അസാന്നിധ്യം.

കുടവയറു കുലുക്കി തെരുവുകള്‍ നിറച്ച് ആര്‍ത്തലയ്ക്കുന്ന സാന്തകളുടെ ഡാന്‍സും കൊട്ടും പാട്ടും കൊണ്ടുള്ള ക്രിസ്‌തുമസ് കാർഡുകൾ. ലോകം ഇന്ന് സാന്താകൾട്ടിന് അടിപ്പെട്ടിരിക്കുകയാണ്. നമ്മുടെ കുഞ്ഞുമക്കൾക്ക് ഉണ്ണീശോയുടെ സമ്മാനങ്ങൾ കൊണ്ടുവരേണ്ട ക്രിസ്‌തുമസ് അപ്പൂപ്പന്മാർ വെറും കോമാളികളായി അവതരിക്കുന്നു. ഇന്ന് ക്രിസ്‌തുമസിൽ നിന്ന് ക്രിസ്തു പുറത്തായി; സാന്താ അകത്തും.

ക്രിസ്‌തുമസ് ട്രീകളില്‍ നിന്ന് ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!’ എന്ന ഈരടികളുടെ കട്ടിങ്ങുകളും മാലാഖച്ചിറകുകളും ഇല്ലാതായിട്ട് കാലങ്ങളായി. ക്രിസ്‌തുമസ് നക്ഷത്രങ്ങളെ മനോഹരങ്ങളാക്കിയിരുന്ന ചിത്രവര്‍ണ്ണങ്ങള്‍, പുൽക്കൂടുകള്‍, പൂജരാജാക്കന്മാര്‍, മാലാഖമാര്‍, തിരുക്കുടുംബം ഒക്കെയായിരുന്നു. ഇപ്പോൾ പേരിനു പോലും ഇവയൊന്നുമില്ല. ഇനി ക്രിസ്‌തുമസ് തന്നെ ഇല്ലാതായാലും വിസ്മയിക്കേണ്ട! അങ്ങനെയാണ് കാര്യങ്ങൾ. ക്രിസ്‌തുമസ് എന്ന വാക്ക് ഉപയോഗിക്കുന്നതു പോലും നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രിസ്തുമസ് ക്രിസ്മസ് ആയി. നാളെ അത് ഡിസ്‍മസ് ആയാലും അതിശയിക്കേണ്ട.

സ്റ്റാറുകള്‍, ട്രീകള്‍, ക്രിബുകള്‍, സാന്തകള്‍ എല്ലാം സെക്കുലർ ആകണമത്രേ! ഇനി ഉണ്ണീശോയെയും സെക്കുലർ ആക്കുമോ? ക്രിസ്‌തുമസ് പാർട്ടികൾ ഹോട്ടലുകളിലായി. പുൽക്കൂട് റെഡിമെയ്‌ഡ്‌ കിട്ടും. ഭാഗ്യം, പാതിരാക്കുർബാന റെഡിമെയ്‌ഡ്‌ ആകുമോ എന്തോ? കലികാലമല്ലേ?

ആത്മീയത അന്യം നിന്നുപോയ ഒരു സമൂഹത്തിന്റെ നേര്‍ഛേദമായി മാറുകയാണോ കേരള ക്രൈസ്തവര്‍? ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയപശ്ചാത്തലം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുമ്പോള്‍ തിരിച്ചറിവോടെ പ്രതികരിക്കാന്‍ പോലും കഴിയുന്നില്ല വലിയ ശതമാനം വിശ്വാസികള്‍ക്കും.

ക്രിസ്തുവിനെ ഇല്ലാതാക്കാൻ ഹേറോദേസിനു കഴിയാതെ പോയത്, രണ്ടായിരം വര്‍ഷത്തിനു ശേഷം നടപ്പാക്കാൻ തിരുപ്പിറവിയില്‍ തന്നെ യേശുവിനെ കുരുതി കഴിക്കാൻ മടിക്കാത്ത സമൂഹമായി നാം മാറുകയാണോ? ക്രിസ്‌തുമസിന്റെ ആഘോഷത്തിമിർപ്പിൽ തിരുക്കുടുംബത്തെ ആട്ടിയോടിച്ച സത്രമുടമ, ക്രിസ്തു ബെത്‌ലഹേമിലാണ് ജനിക്കുക എന്നറിഞ്ഞിട്ടും സ്വീകരിക്കാതിരുന്ന ഹേറോദേസിന്റെ കൊട്ടാര പണ്ഡിതന്മാർ, രക്ഷകൻ ജനിച്ചുവെന്നറിഞ്ഞപ്പോൾ കൊല്ലാൻ ശ്രമിച്ച ഹേറോദേസ് തുടങ്ങിയവരുടെ അവതാരങ്ങളാണ് എവിടെയും നാം കാണുന്നത്.

ക്രിസ്തുവില്ലാത്ത ജീവിതങ്ങള്‍ പൊള്ളയാണെന്ന് നാം എന്ന് പഠിക്കും? ക്രിസ്തുമസാണോ അതോ ക്രിസ്തു’മിസ്സാണോ’ എന്നു തോന്നിപ്പോകുന്ന അവസ്ഥയാണ്. ക്രിസ്തുവില്ലാത്ത ക്രിസ്‌തുമസ് കാർഡുകളും സിനിമാനടന്മാരുടെയും നടിമാരുടെയും പേരുകളിലുള്ള നക്ഷത്രങ്ങളും കാർഡുകളും കേക്കുകളും എവിടേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്?

ക്രിസ്‌തുമസ് നന്മ നമ്മുടെ ഹൃദയങ്ങളിൽ പെയ്തിറങ്ങണമെങ്കിൽ നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുമനസിന് തുല്യമാകണം. ക്രിസ്തു ഇന്നലെയും ഇന്നും നാളെയും ഒന്നു തന്നെ. കാലവും കാഴ്ചപ്പാടുകളും മാറിയതു കൊണ്ട് ക്രിസ്തുവിന്റെ ജനനത്തിന്റെ അർത്ഥവും ലക്ഷ്യവും മാറുന്നില്ലല്ലോ. ദൈവമായ ക്രിസ്തുവിനെയാണ് നാം ആരാധിക്കേണ്ടത്. നമുക്ക് ക്രിസ്തുവിനെ തിരികെ വിളിക്കാം.ന മ്മുടെ ഹൃദയമാകുന്ന പുൽക്കൂട്ടിലേക്ക്….

ടോണി ചിറ്റിലപ്പിള്ളി (അത്മായ സെക്രട്ടറി, സീറോ മലബാർ സഭ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.