ക്രിസ്തുമസ് ചിന്തകൾ 14: കന്നുകാലികൾ

ഫാ. സാജന്‍ ജോസഫ്‌

സൃഷ്ടാവായ ദൈവത്തെ കാണാൻ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പരാജയപ്പെട്ടിടത്ത്‌ ചിന്തിക്കാനുള്ള കഴിവില്ലെന്ന് മനുഷ്യൻ വിധിയെഴുതിയ ആടുമാടുകൾക്ക് ആ അസുലഭ ഭാഗ്യം കൈവരുന്നു. ഭാഗ്യം ചെയ്ത കന്നുകാലികൾ. അവയുടെ കണ്ണുകൾ എത്രയോ ഭാഗ്യമുള്ളവ.

ഓരോ ദിവസവും തങ്ങളുടെ യജമാനനെ മാത്രം കണ്ടിരുന്ന കന്നുകാലികൾക്ക് ആദ്യമായി യജമാനന്മാരുടെയെല്ലാം യജമാനനെ ദർശിക്കാൻ കഴിഞ്ഞതും ദൈവനിയോഗം. മനുഷ്യൻ തന്റെ കടമകൾ മറന്നിടത്ത്‌ മൃഗങ്ങൾ അത് ഭംഗിയായി നിറവേറ്റുന്ന ദൈവീക വെളിപാടിന്റെ ഉത്തമോദാഹരണം. ദൈവം ചില സമയത്തെങ്കിലും നമ്മുടെ ജീവിതങ്ങളിൽ ഇടപെടുന്നത് തികച്ചും അപ്രതീക്ഷിതമായാണെന്ന് യേശുവിന്റെ കാലിത്തൊഴുത്തിലെ ജനനം നമ്മെ അനുസ്മരിപ്പിക്കുന്നു.

ദൈവത്തെ കാണാൻ തെളിഞ്ഞു പ്രശാന്തമായ ഒരു മനസ് മാത്രം മതി. തെളിഞ്ഞ വെള്ളത്തിൽ നമ്മുടെ മുഖം വ്യക്തമാകുന്നതുപോലെ ശാന്തമായ ചുറ്റുപാടിൽ ദൈവീകസ്വരവും ശ്രവിക്കാനാകും. യേശു പിറന്ന കാലിത്തൊഴുത്തിലെ കന്നുകാലികൾ നമ്മെ ഓർമ്മിപ്പിക്കുന്നു:

1. ദൈവത്തെ കാണാൻ സാധിക്കുന്ന കണ്ണുകൾ എത്രയോ ഭാഗ്യമുള്ളവ.
2. ആർക്കും വേണ്ടായെന്ന് പറഞ്ഞ് ഉപേക്ഷിക്കുന്നതും ഒതുക്കിവയ്ക്കുന്നതുമാണ് ദൈവത്തിനാവശ്യം.
3. കുറവുകളുടെ നടുവിൽ മാത്രമാണ് രക്ഷകൻ പിറവിയെടുക്കുന്നത്.
4. സർവ്വചരാചരവും ദൈവത്തെ മഹത്വപ്പെടുത്തുന്നു.
5. തന്നെ സ്വീകരിക്കാൻ മനസ്സ് കാണിക്കുന്നവരുടെ മുമ്പിൽ ദൈവം അവതരിക്കുന്നു.

ഫാ. സാജൻ ജോസഫ്, തക്കല രൂപത