ക്രിസ്തുമസാചരണത്തിലെ ആഘോഷങ്ങളും, അടയാളങ്ങളും, പ്രതീകങ്ങളും- ക്രിസ്തുമസ് നക്ഷത്രങ്ങളും, ദീപാലങ്കാരങ്ങളും

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ വളരെ കുറച്ചു സൂരൂപ്രകാരം ലഭിക്കുന്ന സമയമാണ് ഡിസംബര്‍ മാസം. ദിവസത്തില്‍ പകലിന്റെ ദൈര്‍ഘ്യം കുറവും രാത്രി കൂടുതലുമായിരിക്കും. എന്നാല്‍ യേശു ജനിച്ച ഡിസംബര്‍ 25-ാം തീയതി മുതല്‍ ഓരോ ദിവസത്തെയും പ്രകാശത്തിന്റെ അളവു കൂടിക്കൊണ്ടിരിക്കും. യേശു ലോകത്തിന്റെ പ്രകാശമാണെന്നു കാണിക്കുന്ന ഒരു അടയാളമാണിത്.

നക്ഷത്രങ്ങളും മറ്റു ദീപാലങ്കാരങ്ങളും ഇന്നു ക്രിസ്തുമസിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. വി. ഗ്രന്ഥത്തില്‍, യേശുവിന്റെ ജനന സമയത്തു ആകാശത്തു കണ്ട നക്ഷത്രത്തെ അനുധാവനം ചെയ്താണ് ജ്ഞാനികള്‍ ബേത്‌ലഹേമിലെ പുല്‍ത്തൊട്ടിയില്‍ എത്തിയത്. ഇന്നും യേശു ജനിച്ച സ്ഥലത്ത് ഒരു വലിയ നക്ഷത്രം ആലേഖനം ചെയ്തിട്ടുണ്ട്.  ലോകത്തെല്ലായിടത്തും നക്ഷത്രം ക്രിസ്തുമസ് അലങ്കാരത്തിന്റെ അഭിഭാജ്യഘടകമാണ്.

നക്ഷത്രം കൂടാതെ വലിയ ദീപാലങ്കാരങ്ങളും ക്രിസ്തുമസ് കാലത്തെ പ്രതേ്യകതയാണ്. ആദ്യകാലങ്ങളില്‍ ക്രിസ്തുമസ് ട്രീ അലങ്കരിക്കാന്‍ മെഴുകുതിരികളാണ് ഉപയോഗിച്ചിരുന്നത്.  20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് വൈദ്യുതാലങ്കാരങ്ങള്‍ വ്യാപകമായിത്തീര്‍ന്നത്. ലത്തീന്‍ ആരാധനാക്രമത്തില്‍ ഡിസംബര്‍ മാസത്തെ ആദ്യ ഞായറാഴ്ച പ്രതേ്യകം അലങ്കരിച്ച ക്രിസ്തുമസ് പുഷ്പചക്ര (wreath) ത്തില്‍ ഒരു തിരി കത്തിക്കുകയും പിന്നീടു വരുന്ന ഓരോ ആഴ്ചയിലും ഓരോ തിരികള്‍ കൂടുതല്‍ കത്തിക്കുകയും ചെയ്യുന്ന പതിവുണ്ട്. ലോകത്തിന്റെ അന്ധകാരം ക്രിസ്തുവിനെ ആഗമനത്തോടെ ഇല്ലാതായിപ്പോകുന്നു.

ആദ്യത്തെ അറിയപ്പെടുന്ന ക്രിസ്തുമസ് ട്രീ വൈദ്യുത അലങ്കാരം നടത്തിയത് തോമസ് ആല്‍വാ എഡിസന്റ സഹായി ആയിരുന്ന എഡേ്വര്‍ഡ് ജോണ്‍സനാണ്. 1882 ഡിസംബര്‍ 22-ാം തീയതി തന്റെ ഭവനത്തിനു മുന്‍പിലുള്ള ക്രിസ്തുമസ് ട്രീ വൈദ്യുത ദീപാലങ്കാരത്താല്‍ മനോഹമാക്കി കൊണ്ട് അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇന്നു ക്രിസ്തുമസ് ദീപാലങ്കാരങ്ങള്‍ ഒരു പതിവു കാഴ്ച മാത്രമാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.