വി. നിക്കോളാസ് കഥകൾ: സ്വർണ്ണ നാണയം നൽകുന്ന നിക്കോളാസ്

ഫാ. ജെയ്സൺ കുന്നേൽ

വിശുദ്ധ നിക്കോളാസിന്റെ ജീവിതവും പ്രവർത്തനങ്ങളെക്കുറിച്ചും ധാരാളം കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. ഇവയെല്ലാം വിശുദ്ധന്റെ അസാധാരണമായ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാനും, അദേഹം എങ്ങനെ മറ്റുള്ളവർക്ക് പ്രിയങ്കരനായി, ആവശ്യക്കാരുടെ സംരക്ഷകനും സഹായകനുമായി, എന്നതിലേക്കു വെളിച്ചം വീശുന്നതാണ്.

സ്ത്രീധനമായി സ്വർണ്ണ നാണയം നൽകുന്ന നിക്കോളാസ്

ഒരു ദരിദ്രനായ മനുഷ്യനു മൂന്നു പെൺമക്കളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വധുവിന്റെ പിതാവ് വരന്  വിവാഹത്തിനു മൂല്യമുള്ള എന്തെങ്കിലും സ്ത്രീധനമായി നൽകുന്ന പതിവുണ്ടായിരുന്നു. സ്ത്രീധനം കൂടുന്നതനുസരിച്ച് യുവതികൾക്ക് നല്ല വിവാഹാലോചനകൾ വന്നിരുന്നു.

സ്ത്രീധനം കൂടാതെ ഒരു പെൺകുട്ടിയെയും വിവാഹം കഴിച്ചയക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീധനം കൊടുക്കുവാൻ നിവൃത്തിയില്ലാത്തതിനാൽ ദരിദ്രനായ ആ മനുഷ്യൻ തന്റെ പെൺമക്കളെ അടിമകളായി വിൽക്കാൻ തീരുമാനിച്ചു. അത്ഭുതമെന്നു പറയട്ടെ മൂന്നു വ്യത്യസ്ത അവസരങ്ങളിൽ സ്ത്രീധനത്തിനാവശ്യമായ സ്വർണ്ണ നാണയങ്ങൾ ഒരു ബാഗിൽ അവരുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. ജനാലയിലൂടെ വീട്ടിലേക്കെറിഞ്ഞ സ്വർണ്ണക്കിഴികൾ കാലുറക്കുള്ളിലോ (stockings) ഉണക്കാൻ വെച്ചിരുന്ന ഷൂസിനുള്ളിലോ ആണു നിപതിച്ചത്. സെന്റ് നിക്കോളാസിന്റെ സമ്മാനം സ്വീകരിക്കാൻ കുട്ടികൾ സ്റ്റോക്കിങ്ങ്സോ, ഷൂസോ തൂക്കിയിടുന്ന പതിവ് ആരംഭിച്ചത് ഈ സംഭവത്തിൽ നിന്നുള്ള പ്രചോദനത്തലാണ്. ചില കഥകളിൽ സ്വർണ്ണക്കിഴികൾക്കു പകരം സ്വർണ്ണ ബോളുകളാണ് നിക്കോളാസ് നൽകിയത്. അതുകൊണ്ടാണ് സ്വർണ്ണ നിറത്തിലുള്ള മൂന്നു ബോളുകൾ വിശുദ്ധ നിക്കോളാസിന്റെ ഒരു ചിഹ്നമായി ചിലപ്പോൾ ചിത്രീകരിക്കുന്നത്.

കടലിനെ ശാന്തമാക്കിയ നിക്കോളാസ്

നിക്കോളാസും കടലുമായി ബന്ധപ്പെടുത്തി ധാരാളം കഥകളുണ്ട്. ചെറുപ്പമായിരുന്നപ്പോൾ നിക്കോളാസ് വിശുദ്ധ നാട്ടിലേക്കു ഒരു തീർത്ഥയാത്രയ്ക്കു പോയി. യേശു നടന്ന വഴികളിലൂടെ നടന്നപ്പോൾ യേശുവിന്റെ ജീവിതത്തിന്റെയും പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും തീവ്രമായ അനുഭവങ്ങളാൽ നിക്കോളാസ് നിറഞ്ഞു.

തിരിച്ചുള്ള കപ്പൽയാത്രയിൽ ശക്തമായ കാറ്റും കൊളും മൂലം കപ്പൽ തകരുന്ന വക്കിലെത്തി. ഈ സമയത്തു യേശുവിനെപ്പോലെ ശാന്തത കൈവിടാതെ നിക്കോളാസ് പ്രാർത്ഥിച്ചു. ഉടൻ തന്നെ കാറ്റും കോളും ശമിച്ചു, കടൽ ശാന്തമായി. ഭയചകിതരായിരുന്ന നാവികർ നിക്കോളാസിനോപ്പം പ്രാർത്ഥനയിൽ പങ്കു ചേർന്നു.

കപ്പൽ യാത്രക്കാരുടെയും നാവികരുടെയും മധ്യസ്ഥനാണ് വിശുദ്ധ നിക്കോളാസ്. നാവികർ വിശുദ്ധ നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശമുന്നയിയിക്കുന്നു. അതിനാൽ പല തുറമുഖങ്ങളിലും വിശുദ്ധ നിക്കോളാസിന്റെ നാമത്തിൽ ചാപ്പലുകൾ നിർമ്മിച്ചട്ടുണ്ട്.

വിശുദ്ധ നിക്കോളാസിനെ കൂടുതൽ അടുത്തറിയാൻ
വി. നിക്കോളാസ്: സാന്താ ക്ലോസിന്റെ കഥ

വി. നിക്കോളാസ് കഥകൾ: കുട്ടികളുടെ സംരക്ഷകനായ നിക്കോളാസ്

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.