ക്രിസ്തുമസ് പ്രസംഗം

ബ്ര. എഡ്വിന്‍ ബെന്നി

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന പ്രിയ വൈദികരേ, സുഹൃത്തുക്കളേ,

ലോകാരംഭം മുതല്‍ അവസാനം വരെ ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ എല്ലാവരെയും ദൈവം ഓര്‍ത്തതിന്റെ ഫലമാണ് അവിടുത്തെ ഏകജാതന്റെ മനുഷ്യാവതാരം. പരമമായ രഹസ്യത്തെ ധ്യാനിക്കാനും എളിയജീവിതത്തിന്റെ ലാവണ്യം ജീവിതത്തില്‍ സ്വീകരിച്ച് സഹജരില്‍ ദൈവസാന്നിധ്യം കണ്ടെത്താനുമുള്ള ക്ഷണമാണ് നമുക്കു മുമ്പില്‍ വച്ചുനീട്ടുന്നത്.

വി. ജോണ്‍ ക്രിസോസ്‌തോം ക്രിസ്തുമസിനെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: “തെറ്റ് മായിക്കപ്പെടുകയും പാപം നീക്കപ്പെടുകയും സ്വര്‍ഗീയജീവിതം ഭൂമിയില്‍ നടപ്പാക്കപ്പെടുകയും മാലാഖമാര്‍ ഭയം കൂടാതെ മനുഷ്യരോട് സംസാരിക്കുകയും ചെയ്ത ദിവസം.” പാരില്‍ പിറക്കാന്‍ പരമോന്നതന്‍ തിരഞ്ഞെടുത്ത പാതിരാവിന്റെയും അരക്ഷിതാവസ്ഥയുടെയും ആഘോഷങ്ങളുടെയും ഓര്‍മ്മയാണ് ക്രിസ്തുമസ്. ക്രൈസ്തവജീവിതം ഒരു ദൈവാന്വേഷണ യാത്രയാണ്. ദൈവസാന്നിധ്യത്തെ നിരന്തരം അന്യൂന്യമായി സ്തുതിക്കുന്നത് സ്വര്‍ഗീയസൈന്യങ്ങള്‍ മാത്രമാണ്. ഇവരോടൊത്ത് രക്ഷകന് സ്തുതി പാടാന്‍ നമ്മെ തയ്യാറാക്കുന്നതാണ് ഇരുപത്തിയഞ്ച് നോമ്പ് കാലഘട്ടം.

ഇന്ന് തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം 2-ാം അദ്ധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യങ്ങളാണ്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്വാര്‍ത്തയുമായി യൂദയായിലെ ബെത്‌ലഹേമില്‍ രക്ഷകനായി ജനിച്ച ഈശോയെ പൗരസ്ത്യദേശത്തു നിന്ന് ജ്ഞാനികള്‍ ദര്‍ശിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഇതിവൃത്തം. സുവിശേഷകന്‍ ഈശോയെ കാണാനെത്തുന്നവര്‍ക്ക് ‘ജ്ഞാനികള്‍’ എന്ന വിശേഷണമാണ് നല്‍കുന്നത്. വിജാതീയരായിരുന്നെങ്കിലും പ്രപഞ്ചത്തില്‍ ദൈവം നല്‍കിയ അടയാളം ഗ്രഹിച്ച് ദൈവപുത്രനെ തേടിയെത്തിയവരാണ് ജ്ഞാനികള്‍. അവര്‍ സത്യാന്വേഷകരും ദൈവാന്വേഷകരും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരുമായിരുന്നു. എത്ര ക്ലേശം സഹിച്ചാണെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ദൈവപുത്രനിലേക്ക് എത്താന്‍ കഴിയുമെന്നാണ് ജ്ഞാനികള്‍ നമ്മെ പഠിപ്പിക്കുന്നത്. അവര്‍ അര്‍പ്പിച്ച കാഴ്ചകള്‍ ഈശോയുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഒന്നാമതായി, സ്വര്‍ണ്ണം – അവിടുത്തെ രാജത്വത്തെയാണ് സൂചിപ്പിക്കുക (1 രാജാ. 10:10, ഉല്‍. 3:2). നാം ഇവയെപ്പറ്റി പ്രതിപാദിക്കുന്ന വചനങ്ങള്‍ സൂചിപ്പിക്കുന്നത് ‘സ്വര്‍ണ്ണം’ സമ്പന്നതയുടെ പ്രതീകമാണെന്നാണ്. രണ്ടാമതായി, കുന്തുരുക്കം – അവിടുത്തെ ദൈവമഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. പുറ. 34, 35 -ല്‍ ഇവയെപ്പറ്റി പ്രതിപാദിക്കുന്നത് കാണുന്നുണ്ട്. അതായത്, ദൈവത്തിന് മഹത്വം നല്‍കുന്ന ധൂപാര്‍പ്പണത്തില്‍ കുന്തുരുക്കം ഒരു അവശ്യഘടകമായിരുന്നു. മൂന്നാമതായി, മീറ – അവിടുത്തെ മനുഷ്യത്വത്തെയും സഹനത്തെയും കുരിശുമരണത്തെയും സൂചിപ്പിക്കുന്നു. യോഹ. 19:39-40 ല്‍ ഇതിനെപ്പറ്റി പ്രതിപാദിക്കുന്ന സമാനമായ വാക്യം നാം കാണുന്നുണ്ട്.

സ്വര്‍ണ്ണം, കുന്തുരുക്കം, മീറ എന്നീ സൃഷ്ടവസ്തുക്കള്‍ സ്രഷ്ടാവിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നതുപോലെ സ്രഷ്ടാവിന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന മറ്റൊരു പ്രതീകമാണ് ‘നക്ഷത്രം.’ ഒരു രാജാവ് ജനിക്കുമ്പോള്‍ ആകാശത്ത് ഒരു പുതിയ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം ആദിമകാലങ്ങളില്‍ നിലനിന്നിരുന്നു. നക്ഷത്രം മിശിഹായെക്കുറിച്ചുള്ള ബാലാമിന്റെ പ്രവചനം അനുസ്മരിപ്പിക്കുന്നു. “യാക്കോബില്‍ നിന്നൊരു നക്ഷത്രം ഉദിക്കും, ഇസ്രായേലില്‍ നിന്നൊരു ചെങ്കോല്‍ ഉയരും” (സംഖ്യ 24:17). എന്നാല്‍ മനുഷ്യര്‍ ഇത് കാണാതെ പോകുന്നു എന്നതാണ് സത്യം അഥവാ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നു. എന്നാലിന്ന്, നമ്മുടെ പാപങ്ങളുടെ മോചനത്തിനായുള്ള രക്ഷ കൈവരിക്കാന്‍ നമ്മെ നയിക്കുന്ന നക്ഷത്രമാണ് കത്തോലിക്കാ സഭ.

ഇത് കേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലേം മുഴുവനും അവര്‍ സകല പ്രധാന പുരോഹിതന്മാരെയും ജനത്തിന്റെ നിയമജ്ഞരെയും വിളിച്ചുകൂട്ടി ക്രിസ്തു എവിടെയാണ് ജനിച്ചിരിക്കുന്നതെന്ന് അന്വേഷിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബെത്‌ലഹേമില്‍. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് മിക്കാ 5:2 -ല്‍ നാം വായിക്കുന്നത്: ബെത്ലഹേം – എഫ്രാത്ത യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍ നിന്ന് പുറപ്പെടും. അവന്‍ പണ്ടേ യുഗങ്ങള്‍ക്കു മുമ്പേ ഉള്ളവനാണ്. ബെത്‌ലഹേം എന്ന പദത്തിന് ഹെബ്രായ ഭാഷയില്‍ ‘അപ്പത്തിന്റെ ഭവനം’ എന്നാണ് അര്‍ത്ഥം.

ഇവിടെ ഹേറോദേസിലെ ക്രൂരമുഖമാണ് നാം കാണുന്നത്. അതായത്, താന്‍ മാത്രമേ ഇവിടെ അധികാരിയായിരിക്കാന്‍ പാടുള്ളൂ എന്നും എല്ലാവരും തന്റെ അധീനതയില്‍ ആയിരിക്കുകയും വേണം എന്നതും. കൂടാതെ വക്രതയുടെ മുഖംമൂടിയണിഞ്ഞും കപടതയുടെ ജീവിതം നയിച്ച വ്യക്തിയാണെന്നും സുവിശേഷകന്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ജീവിതവും ചിലപ്പോഴൊക്കെ സമാനമായ ഈ ചിന്താഗതിയിലൂടെയാണോ കടന്നുപോകുന്നതെന്ന് ഒന്ന് വിചിന്തനം ചെയ്യാം. നാം പിന്നീട് കാണുന്നു, നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടൊപ്പം കണ്ട് മുട്ടിന്മേല്‍ വീണ് ആരാധിക്കുകയും ചെയ്തു. തുടര്‍ന്ന് ദൈവത്തിന്റെ അരുളപ്പാടുണ്ടായതിനെ തുടര്‍ന്ന് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്ക് പോവുകയും ചെയ്തു.

ഈശോയെ കണ്ടെത്തിയവരെല്ലാം പുതുവഴി വെട്ടിത്തെളിച്ചവരാണ്. ഇതുപോലെ നാമും സഹജര്‍ക്ക് ഈശോയാകുന്ന വെട്ടവും വെളിച്ചവും പകര്‍ന്നുകൊടുക്കാന്‍ കടപ്പെട്ടവരാണ്. അപരനെ സ്‌നേഹിക്കാനും അവനെ മാറോട് ചേര്‍ത്തുനിര്‍ത്താനും കഴിയുന്നവരാവണം നമ്മള്‍. ഓരോ ജീവിതവും എത്രമാത്രം വിലപ്പെട്ടതാണെന്ന് തന്റെ പ്രബോധനങ്ങളാലും പ്രവൃത്തികളാലും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. മോശയും സക്കേവൂസും പൗലോസായി മാറിയ സാവൂളും ഒക്കെ പുതുവഴി വെട്ടിത്തെളിച്ചവരാണ്. ഇതുപോലെ യേശുവാകുന്ന പുതുവഴിയെ സഞ്ചരിച്ച് സഹജരെ അവനിലേക്കെത്തിക്കാന്‍ നമുക്ക് കഴിയണം.

ഇന്നത്തെ ലേഖനവായനയായ എഫേസൂസ് 4-ാം അധ്യായം 17 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍ സമാനമായ ചിന്ത തന്നെയാണ് പങ്കുവയ്ക്കുന്നത്. നമ്മുടെ പാപത്തിന്റെ, ജഡികതയുടെ, വഞ്ചനയുടെ ആസക്തികളില്‍ നിന്ന് പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് യഥാര്‍ത്ഥ നീതിയിലും സത്യത്തിന്റെ വിശുദ്ധിയിലും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനായി മാറാനും അവിടുത്തെ നന്മകള്‍ ധരിക്കാനും പൗലോസ് ശ്ലീഹാ നമ്മോട് ആഹ്വാനം ചെയ്യുന്നു. പഴയനിയമ വായനയായ മിക്കാ 4-ാം അദ്ധ്യായം 1 മുതല്‍ 8 വരെയുള്ള വാക്യങ്ങളില്‍ നാം ഇപ്രകാരം കാണുന്നു: “കര്‍ത്താവിന്റെ രാജ്യം എന്നെന്നേക്കുമായി സീയോനില്‍ സംജാതമാകും. അവന്‍ തന്റെ മാര്‍ഗ്ഗങ്ങള്‍ നമ്മെ പഠിപ്പിക്കുകയും അവിടുന്ന് അനേകം ജനതകളുടെ ഇടയില്‍ ന്യായം വിധിക്കുകയും ചെയ്യും. ചിതറിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാ ജനതകളെയും തന്റെ രക്ഷ വഴി അവന്‍ വീണ്ടെടുക്കുകയും ചെയ്യും.”

ആകയാല്‍ പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തിലും ക്രിസ്തുമസ് അനുഭവം ഉണ്ടാകണമെങ്കില്‍ ഒന്നാമതായി നാം ജ്ഞാനികളെപ്പോലെ ദൈവാന്വേഷകരാവുക. നമ്മുടെ ഓരോരുത്തരുടെയും ഹൃദയതുറവിയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കൂടാതെ, സഹജരിലേക്ക് ഈശോയെ പങ്കുവച്ചു കൊടുക്കാന്‍ കഴിയുന്നവരുമാകണം നമ്മള്‍. അപരന്റെ കുറവുകളെ പരാതിയും പരിഭവവും കൂടാതെ തന്റെ സ്വന്തമെന്ന് കരുതി അവനെ സ്‌നേഹിക്കാനും സാധിക്കണം.

ഹേറോദേസിനെപ്പോലെ കപടതയും വക്രതയുമല്ല മറിച്ച് പൂര്‍ണ്ണമായിട്ടുള്ള ഒരു സമര്‍പ്പണമാണ് വേണ്ടതെന്നും ഈ ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നു. രണ്ടാമതായി, നാം പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി നമ്മിലെ പാപക്കറകള്‍ കഴുകിക്കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാനും അതായത് ക്രിസ്തുവിന്റെ നന്മകള്‍ നമ്മിലേക്ക് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അവിടുന്ന് നമ്മോട് ആഹ്വാനം ചെയ്യുന്നു. ഈശോയിലാണ് രക്ഷയെന്നും അവനെ കണ്ടുകൊണ്ടും അവന്റെ വചനങ്ങള്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടും വിചിന്തനം ചെയ്തുകൊണ്ടും വേണം നാം മുമ്പോട്ടു പോകേണ്ടതെന്നും ക്രിസ്തുമസ് കാലഘട്ടം നമ്മെ അനുസ്മരിപ്പിക്കുന്നു. അതിനായിട്ടുള്ള കൃപാവരത്തിനായി ഈ വിശുദ്ധ ബലി മധ്യേ നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ആമ്മേന്‍.

ബ്ര. എഡ്വിന്‍ ബെന്നി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.