ആടിയും പാടിയും കപ്പൂച്ചിൻ വൈദികർ വൈറലാക്കിയ ക്രിസ്തുമസ് ഗാനം

മരിയ ജോസ്

പൊന്നൊളി പുലരും പുൽക്കൂട്ടിൽ
പൊന്നുണ്ണീ പൊന്നുണ്ണീ…
പുഞ്ചിരി വിരിയും മുഖമോടെ
ഉണ്ണീശോ എന്നീശോ…

ജോസഫ് പുത്തൻപുര അച്ചനും കാപ്പിപ്പൊടി അച്ചന്മാരും (ബ്രദേഴ്സും) ചേർന്ന് ആടിയും പാടിയും തകർത്ത ക്രിസ്തുമസ് ഗാനം. പതിവുള്ള ക്രിസ്തുമസ് ഗാനരീതികളിൽ നിന്നും ഏറെ വ്യത്യസ്തമായി ഉണ്ണീശോയുടെ പിറവി എന്ന വലിയ സന്തോഷം ഉൾക്കൊണ്ട് നിറഞ്ഞാടുന്ന വൈദികർ! ജാതിമത പ്രായവ്യത്യാസങ്ങൾ ഇല്ലാതെ ആളുകൾ മൂളിത്തുടങ്ങിയ ക്രിസ്തുമസ് ഗാനം. കേൾവിക്കാരുടെ മനസിൽ ആനന്ദവും മുഖത്ത് പുഞ്ചിരിയും വിടർത്തിക്കൊണ്ട് അതിർത്തികൾ ഭേദിച്ച് സഞ്ചരിക്കുകയാണ് ഈ പാട്ട്. വ്യത്യസ്തതകൾ നിറഞ്ഞ അവതരണവും ആലാപനവും കൊണ്ട് സാമൂഹ്യമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി വൈറലായി മാറിയ ഈ ക്രിസ്തുമസ് ഗാനത്തിനു പിന്നിൽ തൂലിക ചലിപ്പിച്ച വൈദികനാണ് ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ അംഗമായ ഫാ. ഷിന്റോ ഇടശ്ശേരി CST. ‘പൊന്നൊളി പുലരും പുൽക്കൂട്ടിൽ…’ എന്ന ഈ വർഷത്തെ ഹിറ്റ് ക്രിസ്തുമസ് ഗാനത്തിന്റെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ഷിന്റോ അച്ചൻ.

വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ഗാനത്തിലേയ്ക്കുള്ള യാത്ര

ക്രിസ്തുമസ് കടന്നുവരികയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ആഘോഷങ്ങളും ഏറെക്കുറെ നിയന്ത്രണങ്ങളുടെ ഇടയിലാണ്. സ്ഥാനമാനങ്ങളോ സാമ്പത്തികസ്ഥിതിയോ പരിഗണിക്കാതെ എല്ലാവരും മനുഷ്യരാണെന്ന തിരിച്ചവ് പകർന്ന ഈ പകർച്ചവ്യാധിയുടെ സാഹചര്യത്തിലാണ് ഒരു ക്രിസ്തുമസ് ഗാനം എഴുതുവാൻ ഷിന്റോ അച്ചൻ തയ്യാറെടുക്കുന്നത്. ജാതി-മത-പ്രായവ്യത്യാസങ്ങൾക്കിടയിലും എല്ലാവർക്കും സ്വീകാര്യമായ ഒരു പാട്ട്. അതായിരുന്നു ഷിന്റോ അച്ചന്റെ മനസ്സിൽ. അതായത് ക്രിസ്തുമസ് ഗാനത്തിന് ഒരു യൂണിവേഴ്‌സൽ ഭാവം നൽകുക എന്നതു തന്നെ. അങ്ങനെയാണ് ‘പൊന്നൊളി പുലരും പുൽക്കൂട്ടിൽ…’ എന്ന പാട്ട് എഴുതുന്നതും സംഗീതം നൽകുന്നതും. ജോസഫ് പുത്തൻപുര അച്ചനും ഫാ. ജോർജ് നെടുംപറമ്പിൽ അച്ചനും മാത്യു മുല്ലശ്ശേരി അച്ചനും മറ്റു കപ്പൂച്ചിൻ വൈദികരും ചേർന്ന് സംഭവം സൂപ്പറാക്കി.

ഒപ്പം തന്നെ ഡാൻസും പാട്ടും ഇഷ്ടപ്പെടുന്ന മലയാളികൾക്കായി ഒരു ക്രിസ്തുമസ് കവർ ഡാൻസും ചെയ്യുവാൻ തീരുമാനിച്ചു. ഇന്ത്യയിൽ പ്രത്യേകിച്ച്, മലയാളികളുടെ ഇടയിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒന്നാണ് കവർ ഡാൻസ്. അത് സാധാരണയിൽ നിന്നും വ്യത്യസ്തമായി ചെയ്യണം എന്നത് അച്ചന്റെ ആഗ്രഹമായിരുന്നു. അതിനാൽ തന്നെ ആ കവർ ഡാൻസിനെക്കുറിച്ച് കൂടുതൽ പഠിച്ചു, പലരോടും ചോദിച്ചു. അങ്ങനെയാണ് ഒരു സ്‌പെഷ്യൽ ഫോർമേഷൻ കവർ ഡാൻസിന് രൂപം കൊടുക്കുന്നത്.

ക്രിസ്തു, ആടാനും പാടാനും സന്തോഷിക്കാനുമൊക്കെ മുന്നിട്ടിറങ്ങുന്ന ആളാണ് എന്ന വലിയ ആശയമാണ് ഈ ഡാൻസ് കവറിലൂടെ അച്ചൻ സാധ്യമാക്കിയത്. അതിനായി കപ്പൂച്ചിൻ ബ്രദർമാരെ തന്നെ അച്ചൻ തിരഞ്ഞെടുത്തു. ഈ കപ്പൂച്ചിൻ വൈദികാർത്ഥികളാണ് സോഷ്യൽ മീഡിയയിൽ ഡാൻസിംഗ് ഫാദേഴ്‌സ് എന്ന നിലയിൽ വൈറലായി മാറിയത്.

ഈ വൈദികരുടെ സന്തോഷം, ഉള്ളിൽ നിറഞ്ഞ ആനന്ദത്തിൽ നിന്നുള്ള ആ ഡാൻസ് അത് അനേകരുടെ മനസ്സിൽ ആനന്ദം നിറയ്ക്കുന്നു. ഒപ്പം അനേകരുടെ ഉള്ളിലെവിടെയെങ്കിലും ഒക്കെ ഒരു നറുചിരിയും തെളിക്കാതിരുന്നിട്ടില്ല എന്നതാണ് വാസ്തവം.

പിന്നണിയിൽ പ്രതീക്ഷയോടെ ഒപ്പം നിന്നവർ

‘പൊന്നൊളി പുലരും പുൽക്കൂട്ടിൽ’ എന്ന പാട്ടിന്റെ ആദ്യ വരികൾ പാടിയിരിക്കുന്നത് മിഥില മൈക്കിളിന്റെ മകൾ മിഖേല മെയ് പ്രശാന്ത് ആണ്. മിഖേലക്കുട്ടി ആദ്യമായി പാടിയ വരികളോടെയാണ് പാട്ട് ആരംഭിക്കുന്നത്. കോട്ടയം തെള്ളകത്തുള്ള കപ്പൂച്ചിൻ വിദ്യാഭവനിലെ തിയോളജി ബ്രദർമാരാണ് നൃത്തച്ചുവടുകളുമായി പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ഡാൻസിൽ എട്ടു ബ്രദർമാരാണ് പങ്കെടുക്കുന്നതെങ്കിലും ഈ പാട്ടിന്റെ ചിത്രീകരണത്തിൽ ആകെ അറുപതോളം കപ്പൂച്ചിൻ വൈദികർ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ജോമിത് ജോസ് (ഡയറക്ഷൻ), അബിസൺ ആന്റണി (ക്യാമറ), ജോസ്‌ന ജെയിംസ് (കൊറിയോഗ്രാഫി) തുടങ്ങിയവരും ഈ പാട്ടിന്റെ അണിയറയിൽ ഷിന്റോ അച്ചന്റെ കൂടെ നിന്നു. പാട്ടിന്റെ പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത് അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് ആണ്.

വൈറൽ വീഡിയോയും അഭിനന്ദനങ്ങളുമായി എത്തിയ പ്രമുഖർ

ക്രിസ്തുമസ് ഗാനം ഇറങ്ങി ഏതാനും മണിക്കൂറുകൾ കൊണ്ടു തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. വ്യത്യസ്തമായ ഒരു ശ്രമമായതുകൊണ്ടു തന്നെ അനേകരിലേയ്ക്ക് ഈ പാട്ട് എത്തുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ഇത്രയധികം വൈറലായി മാറുമെന്ന് ഷിന്റോ അച്ചൻ പ്രതീക്ഷിച്ചിരുന്നില്ല. മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളും ഈ പാട്ട് ഏറ്റെടുത്തു, റിപ്പോർട്ട് ചെയ്തു. തങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ എല്ലാ മതവിഭാഗത്തിലുംപെട്ട ആളുകളിലേയ്ക്കും ഈ പാട്ട് എത്തിയതിന്റെ സന്തോഷത്തിലാണ് ഈ വൈദികർ.

സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. സിനിമ മേഖലയിൽ നിന്നു മുന്തിരിവള്ളി, പോളിടെക്‌നിക് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചെയ്ത പ്രമോദ് പിള്ള, നടൻ ധ്യാൻ ശ്രീനിവാസൻ, രാജേഷ് മോഹൻ തുടങ്ങിയവർ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഭക്തിഗാനങ്ങൾ ഈ ഒരു പാറ്റേണിൽ ഇതുവരെ ആരും ചെയ്തിട്ടില്ല എന്ന കമന്റ് ആണ് എല്ലാവർക്കുമുള്ളത്. കൂടാതെ, ജേക്കബ് മുരിക്കൻ പിതാവും ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പ്രത്യേകം അഭിനന്ദിച്ചിരുന്നു.

കേരളത്തിൽ പുതുചരിത്രം കുറിച്ച് വെർച്വൽ ക്വയർ

ആദ്യ ക്രിസ്തുമസ് ഗാനം ഇറങ്ങി വൈകാതെ തന്നെ അച്ചൻ ഒരു വെർച്വൽ ക്വയർ ചെയ്തു. രണ്ടു ഗ്രൂപ്പായി ആയിരത്തോളം ആളുകൾ, സമർപ്പിതരും വൈദികരും വിദ്യാർത്ഥികളും ചേർന്ന ഈ വെർച്വൽ ക്വയറിൽ, ഡേവിഡ് ചിറമേൽ അച്ചനും പുത്തൻപുരയ്ക്കൽ അച്ചനും പാലാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവും പങ്കാളികളാകുന്നു എന്ന സവിശേഷതയുമുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു വെർച്വൽ ക്വയർ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള വിദ്യാർത്ഥികളും കപ്പൂച്ചിൻ വൈദികരും എഫ്സിസി സിസ്റ്റേഴ്‌സും ചേർന്ന വലിയ ഒരു ടീമിന്റെ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വെർച്വൽ ക്വയർ.

ഫ്രീ മ്യൂസിക് ഫോർ ഓൾ എന്ന മിനിസ്ട്രിയുമായി സംഗീതരംഗത്തേയ്ക്ക്

സംഗീതം ശാസ്ത്രീയമായി പഠിച്ചതിന്റെയോ പാരമ്പര്യമായ സംഗീതവാസനകളുടെയോ പിൻബലമില്ലാതെയാണ് ഷിന്റോ അച്ചൻ ഈ ഫീൽഡിലേയ്ക്ക് കാലെടുത്തു വച്ചത്. സംഗീതത്തോടുള്ള അഭിരുചി, എപ്പോഴെങ്കിലും അവസരം കിട്ടിയാൽ ഒരു പാട്ട് ഇറക്കണം എന്ന ആഗ്രഹം അതാണ് അച്ചനെ ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്തിച്ചത്.

നിലാവിൽ നിറവ്, ഹിതം, സ്പർശം, കാവൽ എന്നീ നാല് ആൽബങ്ങളാണ് അച്ചൻ ചെയ്തിട്ടുള്ളത്. 2010-ൽ അച്ചന്റെ ആദ്യ ആൽബം റിലീസ് ചെയ്തത് യേശുദാസ് ആയിരുന്നു. ആദ്യ ആൽബത്തിലെ പാട്ട് ഒരുപാട് ആളുകളിലേയ്ക്ക്‌ എത്തിയതോടെയാണ് അച്ചന്, തനിക്ക് സംഗീതം വഴങ്ങും എന്ന ഉറച്ച ബോധ്യം ലഭിക്കുന്നത്.

“ഒരുപാട് സമയം എടുത്താണ് ഓരോ പാട്ടും ചെയ്യുന്നത്. ആ പാട്ട് പള്ളികളിൽ പാടുമ്പോൾ, ദൈവജനത്തിന്റെ അധരങ്ങളിലൂടെ പ്രാർത്ഥനകളായി മാറുകയാണ് അവ. ഞാൻ ഒരാൾ കൈവരിച്ചു പ്രാർത്ഥിക്കുന്നതിനേക്കാളും ഇരട്ടി പ്രാർത്ഥനയായി മാറുകയാണ് ആ പാട്ട് അവിടെ. ഈ ഒരു ബോധ്യമാണ് എന്നെ പാട്ടുകൾ എഴുതുവാനും അത് പുറത്തിറക്കുവാനും പ്രചോദിപ്പിക്കുന്നത്” – അച്ചൻ പറയുന്നു.

ഈ പാട്ടുകളിലൂടെ ഫ്രീ മ്യൂസിക് ഫോർ ഓൾ എന്ന മിനിസ്ട്രിയാണ് അച്ചൻ ചെയ്യുന്നത്. ഒരു പാട്ട് ചെയ്‌താൽ അത് സിഡി ആക്കുന്നതിനു പകരം നേരെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യും. കോപ്പി റൈറ്റും മറ്റും പൂർണ്ണമായും ഒഴിവാക്കിയാണ് അത് ചെയ്യുന്നത്. അതിനു കാരണം, വരുമാനത്തിനപ്പുറം ആ പാട്ട് ആളുകളിൽ ചെലുത്തുന്ന അനുഭവം തന്നെയാണ് തന്റെ ലക്ഷ്യം എന്ന് അച്ചൻ പറയുന്നു. ഭക്തിഗാനങ്ങൾ കൂടാതെ പ്രളയത്തിന്റെ സമയത്ത് ‘മഴ തേങ്ങും രാവിൽ, കൊറോണ കാലത്ത് ഇറക്കിയ പാട്ട് തുടങ്ങിയവയും അച്ചന്റെ ശ്രദ്ധേയമായ പാട്ടുകളുടെ ലിസ്റ്റിലുണ്ട്.

ഇനി പാട്ടുകൾ സിഡികൾ ആക്കി ഇറക്കാറില്ല എങ്കിലും ഇതിന്റെ ചിലവുകൾ ഒക്കെ എങ്ങനെ എന്ന സംശയമാണ് ഉള്ളതെങ്കിൽ, അച്ചൻ പാട്ടുകൾ ഇഷ്ടപ്പെടുന്നവരോടും പേയ്മെന്റ്റ് നൽകാൻ താല്പര്യപ്പെടുന്നവരോടും ഒരു കാര്യം മാത്രമേ ചോദിക്കാറുള്ളൂ, അത് അടുത്ത പാട്ട് സ്പോൺസർ ചെയ്യാമോ എന്നതാണ്. പലപ്പോഴും ആളുകൾ പാട്ടുകൾ സ്പോൺസർ ചെയ്യുവാൻ താല്പര്യം കാണിക്കുന്നു എന്ന് അച്ചൻ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു. ഇനിയും നല്ല പ്രൊജക്റ്റുകൾക്കായി സ്പോൺസേഴ്‌സിനെ ആവശ്യവുമാണ്. എല്ലാം ദൈവം സമയാസമയങ്ങളിൽ നൽകും എന്ന ഉറപ്പിൽ മുന്നോട്ട് പോവുകയാണ് ഈ വൈദികൻ.

പാട്ടുകളെ ഏറെ സ്നേഹിക്കുന്ന, നല്ല പാട്ടുകൾ ജാതി-മതവ്യത്യാസം ഇല്ലാതെ എല്ലാവരിലേയ്ക്കും എത്തണമെന്ന് ആഗ്രഹിക്കുന്ന ഈ വൈദികൻ ഭരണങ്ങാനം അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാങ്ഗ്വേജിലെ ജർമ്മൻ ഭാഷാ അധ്യാപകനാണ്. ഇതേ അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് ആണ് പാട്ടിന്റെ പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.