ക്രിസ്തുമസ് വിചിന്തനം 25- ഉടല്‍

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ

ഉടയവന്‍ ഉടല്‍രൂപമെടുത്ത് ഇറങ്ങിയ വേളയില്‍ ഉടലിന്‍റെ സമസ്യകളിലൂടെ ഒരു തീര്‍ത്ഥയാത്ര.

ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്ക് ശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളതായിത്തീര്‍ന്നു. (ഉല്‍പ്പത്തി 2, 7)

ദൈവം തന്‍റെ വിരല്‍തുമ്പു കൊണ്ട് ഭൂമിമണ്ണില്‍ എഴുതിയ ആദ്യത്തെ കവിതയാണ് മനുഷ്യന്‍റെ ഉടല്‍. പ്രകൃതിയെയും സര്‍വചരാചരങ്ങളെയും ആദിവചനത്താല്‍ സൃഷ്ടിച്ച സര്‍വ്വേശതമ്പുരാന്‍ മനുഷ്യനെ, നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്നരുള്‍ച്ചെയ്ത് മണ്ണില്‍ മെനഞ്ഞെടുക്കുകയായിരുന്നു. ഉടയവന്‍റെ വിരല്‍സ്പര്‍ശവും ശബ്ദസൗകുമാര്യവും ഏറ്റുവാങ്ങിയ മണ്‍തരി ഉടലായി. അവിടുത്തെ നിശ്വാസം ഉടലെന്ന സുന്ദരകാവ്യത്തില്‍ ഉയിരെന്ന രാഗമായി. ഉടലിന് തുണയായി മറ്റൊരു ഉടല്‍ എത്തുകയും ദൈവസാമീപ്യം അവര്‍ക്കുള്ളിലും അവര്‍ക്ക് പുറമേയും കുടികൊണ്ടപ്പോള്‍ അവിടം പറുദീസയായി.

എന്നാല്‍ ഉടയവനെ ഉടല്‍ മറന്നു. കണ്ണിന് ഇമ്പകരവും നാവിന് രുചികരവും ആയവയുടെ പുറകെ അവന്‍ നടന്നു. അത് മോഹവും തൃഷ്ണയുമായി. എഴുന്നേറ്റ് നിന്നപ്പോള്‍ ഉടയവനില്‍ നിന്നും നടക്കാന്‍ തുടങ്ങിയപ്പോള്‍ സഹഉടലില്‍ നിന്നും മനുഷ്യന്‍ അകന്നു, അത് കായേനും ആബേലും തമ്മിലുള്ള കലഹമായിത്തീര്‍ന്നു. ഉടല്‍ ഉടലിനെ കൊലചെയ്തു. ആബേലിന്‍റെ ദേഹം വിണ്ടുകീറി നിലത്തു പതിച്ച രക്തത്തുള്ളി ഭൂമിയുടെ നെഞ്ചു പൊള്ളിച്ചു. അതുറക്കെ നിലവിളിച്ചു. കാരണം, മണ്ണ് മണ്ണിനെ തിരിച്ചറിഞ്ഞു, തന്നില്‍ നിന്ന്  ഉടലെടുത്തവന്‍റെ രക്തമാണതെന്ന് ഭൂമിയെന്ന അമ്മയറിഞ്ഞു, അപ്പോഴും കായേന്‍ അറിയുന്നില്ല, വാര്‍ന്നൊഴുകി വറ്റിത്തീരുന്നത് തന്‍റെ സഹോദരന്‍റെ പ്രാണനാണെന്ന്, മരിക്കുന്നത് തന്നെപ്പോലൊരു ഉടലാണെന്ന്. ഉടല്‍ ഉടലിനെ മറന്നു, ഈ മറവിയുടെ തുടര്‍ച്ച മനുഷ്യോത്പത്തികാലത്തിന്‍റെ ഭൂമികകളില്‍ നിന്ന് വിട്ടുമാറി സമകാലിക ചരിത്രങ്ങളിലേക്കും ലോകങ്ങളിലേക്കും നടന്നു. കണ്ണിന് ഇമ്പകരവും രുചികരമായവയുടെ നിറങ്ങളും രൂപങ്ങളും പരസ്യങ്ങളെന്ന പേരില്‍ സമകാലികതയുടെ മാധ്യമലോകത്ത് പ്രകടമായി. മോഹങ്ങള്‍ക്കും തൃഷ്ണകള്‍ക്കും വേണ്ടി ഉടല്‍ മറ്റുടലുകളെ സമീപിച്ചു, ചിലവയെ പ്രാപിച്ചു, ചിലതിനെ ചൂഷണം ചെയ്തു, പലതിനെയും കൊലചെയ്തു. യുദ്ധങ്ങളും കൊലപാതകങ്ങളും കലഹങ്ങളും ഉടലുകള്‍ തമ്മിലുണ്ടായി. സമ്പന്നനെന്നും ദരിദ്രനെന്നും, പണ്ഡിതനെന്നും പാമരനെന്നും, ഉടമയെന്നും അടിമയെന്നുമെല്ലാം ഉടലുകള്‍ക്ക് വ്യത്യസ്ഥ ലേബലുകള്‍ ഉണ്ടായി. അതനുസരിച്ച് അവ വേര്‍തിരിക്കപ്പെട്ടു, അസ്പര്‍ശ്യതയും അനീതിയും ചേരിതിരിവുകളും വഞ്ചനകളും കുതികാല്‍ വെട്ടും രൂപമെടുത്തു. ഉടല്‍ ഉടലിനെ വഞ്ചിച്ചു, വഞ്ചിക്കപ്പെട്ടവര്‍ വഞ്ചിക്കപ്പെടാത്തവരെയും വഞ്ചിക്കപ്പെടാതിരുന്ന് വഞ്ചിക്കപ്പെട്ടവര്‍ വഞ്ചിച്ചവരെയും വഞ്ചിച്ചവര്‍ വഞ്ചിക്കാനറിയാത്തവരെയും സമീപിച്ചു, വഞ്ചനയുടെ ചരിത്രം തുടര്‍കഥയായി.

ഉടല്‍ ഉടയവനെയും മറ്റുടലുകളെയും മറന്നെങ്കിലും, ദൈവം തന്‍റെ സൃഷ്ടിയെ മറന്നില്ല. ഉടയവന്‍തന്നെ ഉടല്‍രൂപമായി ഭൂമിയില്‍ അവതരിച്ചു. നനുനനുത്ത വെണ്‍മഞ്ഞ് പെയ്ത ഒരു ധനുമാസകാലത്തിന്‍റെ സൗന്ദര്യമായി അവിടുന്ന് മറിയത്തില്‍ നിന്നു പിറന്നു. പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്‍റെ പുഞ്ചിരിയില്‍ ലോകം ദൈവസ്നേഹത്തെ ദര്‍ശിച്ചു. ഹേറോദേസ് എന്ന രാജതിരുമനസ്സിന്‍റെ കൊട്ടാരത്തിലെ അകത്തളത്തെക്കാളും കാലിത്തൊഴുത്തിനെ അവിടുന്ന് തിരഞ്ഞെടുത്തു. കാരണം, ഉടലിനെ ഭരിക്കുന്നവരുടെയും ചൂഷണം ചെയ്യുന്നവരുടെയും കൊലചെയ്യുന്നവരുടെയും കൂടെ നില്‍ക്കുന്നവനല്ല അവിടുന്ന് എന്ന് തെളിയിക്കുകയായിരുന്നു. മറിച്ച് പ്രകൃതിയെ സ്നേഹിക്കുകയും തൊഴിലെടുക്കുകയും ഒടുവില്‍ മര്‍ദ്ദനവും മുറിവുമേറ്റുവാങ്ങി ആര്‍ക്കും വേണ്ടാത്തിടങ്ങളില്‍ അന്തിയുറങ്ങേണ്ടി വരുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ എന്ന് തെളിയിക്കുകയായിരുന്നു. ഞാനാണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍ എന്ന് ചോദിച്ച കായേനിന് പകരം ആടുകള്‍ക്കും കാവലിരുന്ന ഇടയന്മാരെയാണ് അവിടുന്ന് ക്ഷണിച്ചത്. കാരണം, കീറിയതും അഴുക്കു നിറഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ വസ്ത്രങ്ങള്‍ക്കുള്ളിലും ദൈവത്തിന്‍റെ വിരല്‍സ്പര്‍ശമുള്ള മനുഷ്യദേഹങ്ങളാണെന്നും അവര്‍ക്കുള്ളിലും അവിടുത്തെ പ്രാണന്‍ തുടിക്കുന്ന ഒരു ഹൃദയമുണ്ടെന്നും അവിടുന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.

മനുഷ്യന്‍ മണ്ണിനെയും മറന്നു. ഇതിന്‍റെ സങ്കടകരമായ സൂചനകള്‍ നമ്മുടെ പുല്‍ക്കൂടുകളിലും നമുക്ക് കാണാം. ഒരു കാലത്ത് മണ്ണും പുല്‍നാമ്പുകളും നിറഞ്ഞവ ആയിരുന്നു നമ്മുടെ പുല്‍ക്കൂടുകള്‍. അവ ജീവനും ഓജസ്സും നിഷ്കളങ്കതയും നിറഞ്ഞവയായിരുന്നു. അവയ്ക്കു പകരം പ്ലാസ്റ്റിക്കും ഫൈബറുമെല്ലാം നിറഞ്ഞ കൃത്രിമ പുല്‍ക്കൂടുകളെത്തി, മരവിപ്പ് തങ്ങി നില്‍ക്കുന്ന പുല്‍ക്കൂടുകള്‍.  നമ്മുടെ കുടുംബങ്ങള്‍ക്കുള്ളിലെ മരവിപ്പ് ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത് ക്രിസ്തുമസ്സ് കാലത്തെ പുല്‍ക്കൂടുകളിലാണ്. ഇവിടെ മണ്ണ് എന്ന വിശുദ്ധ വസ്തു നമുക്ക് ചെളിയും അഴുക്കും കൈയില്‍ പുരളാതെ സൂക്ഷിക്കേണ്ട അയിത്തം കല്പിക്കപ്പെടുന്ന പ്രകൃതിയിലെ ഒരു വസ്തു മാത്രവുമായി. വസ്ത്രങ്ങളില്‍ മണ്ണും ചെളിയും പുരണ്ടവരും അവമതിക്കപ്പെട്ടവരുമായി. കര്‍ഷകനെയും കന്നുകാലികളെ പരിപാലിക്കുന്നവരെയും സമൂഹം ഒന്നു ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി ഒറ്റപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്തു. മണ്ണിനോടുള്ള അകല്‍ച്ച മണ്ണിനെ സ്നേഹിക്കുന്നവരോടും സമൂഹം കാണിച്ചു.

ഉടലിന്‍റെ ഉറവിടം മണ്ണില്‍ നിന്നാണെന്ന തിരിച്ചറിവില്‍ ആദിമവിശുദ്ധിയിലേക്കുള്ള തിരിച്ചു പോക്കാകട്ടെ ഈ ക്രിസ്തുമസ്സ്. ഉടല്‍ മറ്റുടലുകളെ ചൂഷണം ചെയ്യാതിരിക്കട്ടെ, കൊലചെയ്യാതിരിക്കട്ടെ. ഉടലുകള്‍ കമ്പോളങ്ങളില്‍ വില്‍പ്പനക്കു വെയ്ക്കപ്പെടാതിരിക്കട്ടെ, കാരണം എല്ലാ ഉടലുകള്‍ക്കുള്ളിലും ദൈവത്തിന്‍റെ പ്രാണന്‍ തുടിക്കുന്ന ഒരു ഹൃദയമുണ്ട്. ഉടലിന്‍റെ കണ്ണുനീര്‍ ഭൂമിയെ ഇനി നനയ്ക്കാതിരിക്കട്ടെ. മണ്ണില്‍ നിന്ന് മെനഞ്ഞെടുക്കപ്പെട്ടവരെല്ലാം കൈകോര്‍ത്ത് നടക്കണം. നമുക്കു ചുറ്റുമുള്ള മനുഷ്യരുടെ ശ്രേഷ്ഠതയും നന്മയും അറിയുവാനും, ഉടയവനിലേക്ക് കണ്ണും മനസ്സും ചേര്‍ത്തു നിര്‍ത്താനുമുള്ള അവസരമാകട്ടെ ഈ ക്രിസ്തുമസ്സ്.

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.