ക്രിസ്തുമസ്‌ ഒരുക്കം: 9 സന്ദർശനം

ഫാ. ഷിജോ പനക്കപതാലിൽ

ഈശോയുടെ ജനനത്തെകുറിച്ചുള്ള വിവരണത്തിൽ മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്ന സംഭവം ആണ് മൂന്നു ജ്ഞാനികളുടെ സന്ദർശനം. സുവിശേഷം അവരുടെ പേരുകൾ പറയുന്നില്ല എങ്കിലും ആ മൂന്നു രാജാക്കന്മാർ അഥവാ ജ്ഞാനികൾ ഗാസ്പർ, ബെൽത്താസർ, മെൽകിയോർ എന്നിവർ ആണെന്ന് പാരമ്പര്യത്തിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും. അവർ കർത്താവിനു സമ്മാനങ്ങളും കാഴ്ചവച്ചു. പൊന്നും മീറയും കുന്തിരിക്കവും. പൊന്ന് ഈശോയുടെ രാജകീയതയെയും മീറ പൗരോഹിത്യത്തെയും കുന്തിരിക്കം അവിടുത്തെ മരണത്തെയും സൂചിപ്പിക്കുന്നു. വചനം പറയുന്നത് ഈശോയെ കണ്ടശേഷം അവർ മറ്റൊരുവഴിയെ സ്വദേശത്തേക്ക് പോയി എന്നാണ് (മത്തായി 2.12).

ഈ “മറ്റൊരു വഴിയേ” ഇങ്ങനെയും വ്യാഖ്യാനിക്കാം എന്ന് തോന്നുന്നു. അതായത് തമ്പുരാനെ കണ്ടവർക്ക് പുതിയ വഴികളും കാഴ്ചപ്പാടുകളും ലഭിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ അവരുടെ ജീവിതം മാറ്റത്തിനു വിധേയമാകുന്നു. അവർ പുതിയ വഴികൾ തിരഞ്ഞെടുക്കുന്നു. എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഇതുവരെ നടന്നവഴികൾ ആയിരുന്നില്ല  നടക്കേണ്ടിയിരുന്ന വഴികൾ എന്നു? ഇപ്പോൾ  നടക്കുന്ന വഴികൾ  അല്ല നടക്കേണ്ട വഴികൾ എന്ന്? അങ്ങനെ ഉണ്ടായാൽ അത് മാനസാന്തരത്തിന്റെ പാത ആണ്. ആ ഒരു തിരിച്ചറിവാണ് മാനസാന്തരം. നടക്കുന്ന വഴികളിലെ, നമ്മുടെയൊക്കെ ഇപ്പോഴത്തെ ജീവിതരീതികളിലെ, ശൈലികളിലെ  തിന്മകൾ, തെറ്റുകൾ ഉണ്ടെങ്കിൽ  തിരിച്ചറിയാം. അവയെ തിരുത്തി യഥാർത്ഥത്തിൽ നടക്കേണ്ട നന്മയുടെ, ശരിയുടെ പുതുവഴികൾ തേടാം.

നിയോഗം

ഇന്നേ ദിവസം വിവിധ ആശുപത്രികളിൽ ഓപ്പറേഷൻ നടത്തുന്ന എല്ലാ ഡോക്ടർമാർക്കും അവരെ സഹായിക്കുന്ന നഴ്‌സ്മാർക്കും വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, ഒരു ദിനം കൂടി നല്കിയതിനു നന്ദി പറയുന്നു. ജീവിതാവഴിത്താരയിൽ നിന്നെ കണ്ടുമുട്ടിയവരെല്ലാം, നിന്നെ അനുഭവിച്ചവരെല്ലാം പിന്നീട് തിരഞ്ഞത്  മാനസാന്തരത്തിന്റെ, അനുതാപത്തിന്റെ, നന്മയുടെ പുതിയ വഴികൾ ആയിരുന്നു.  നന്മയെയും തിന്മയെയും തമ്മിൽ തിരിച്ചറിയാനും നന്മയുടെ വഴിയിൽ സഞ്ചരിക്കാനും എന്നെ അനുഗ്രഹിക്കണമേ. ഇന്നേ ദിവസം ഓപ്പറേഷനു വിധേയമാകുന്ന എല്ലാരോഗികളെയും അതിനു നേതൃത്വം കൊടുക്കുന്ന ഡോക്ടർമാരെയും സഹായിക്കുന്ന നഴ്സുമാരെയും അങ്ങയുടെ സംരക്ഷണയിൽ കാത്തുകൊള്ളണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, നന്മയുടെ വഴിയേ എന്നെ നയിക്കണമേ.

വചനം

ഹേറോദേസിന്‍െറ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന്‌ സ്വപ്‌നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച്‌ അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി. (മത്തായി 2:12)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.