ക്രിസ്തുമസ്‌ ഒരുക്കം: 8 മാതാവിന്റെ അമലോത്ഭവം

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

ഡിസംബർ മാസം എട്ടാം തിയതി ആഗോള കത്തോലിക്കാസഭ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. 1854- ൽ ഒൻപതാം പിയൂസ് മാർപാപ്പ ആണ് പരിശുദ്ധ അമ്മയുടെ അമലോത്ഭവം ഒരു വിശ്വാസസത്യം ആയി പ്രഖ്യാപിച്ചത്. പരിശുദ്ധ അമ്മ ജനനം മുതലെ പാപമില്ലാത്തവൾ ആണ് എന്നാണ് അമലോത്ഭവ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മാതാവിന്റെ അമലോത്ഭവം ഈശോയുടെ മഹത്വത്തെ ആണ് കാണിക്കുന്നത്. കാരണം പാപകരമായ ഒരു ശരീരത്തിൽ ഈശോയ്ക്ക് ജനിക്കാൻ സാധിക്കുക അസാധ്യമാണ്. എന്തുകൊണ്ടന്നാൽ അവിടുന്നു നിത്യം പരിശുദ്ധൻ ആണ്.

പക്ഷെ, ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വായുടെയും പാപം മൂലം നാമെല്ലാം ഉത്ഭവപാപത്തോടെ ആണ് ജനിക്കുന്നത്. എന്നാൽ മാമോദീസ എന്ന കൂദാശയുടെ സ്വീകരണത്തോടെ നാം നമ്മുടെ ഉത്ഭവപാപത്തിൽ നിന്നും മോചിതരാകുന്നു. പക്ഷെ വളർച്ചയുടെ പടവുകളിൽ വച്ച് നമുക്കൊക്കെ മാമ്മോദീസായുടെ വിശുദ്ധിയും വെള്ളവസ്ത്രത്തിന്റെ നിഷ്കളങ്കതയും വെള്ളത്തിരിയുടെ മാർഗദീപവും നഷ്ടമാകുന്നുവോ? നഷ്ടമാക്കുന്നുവോ? തിരിച്ചറിയാം, തിരുത്താം, തിരികെനടക്കാം ആ പഴയ വിശുദ്ധിയിലേക്കും, നിഷ്കളങ്കതയിലേക്കും.

നിയോഗം

നമ്മെ മാമോദീസ മുക്കിയ വൈദികനു വേണ്ടി

പ്രാർത്ഥന

ഉണ്ണീശോയെ, വിശുദ്ധമായ ഉദരത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ച പരിശുദ്ധനായ അങ്ങയെ ഞാൻ ആരാധിക്കുന്നു. മാമ്മോദീസായിലൂടെ, ലഭിച്ച വിശുദ്ധി നഷ്ടപ്പെടുത്തിയതിനു ഞാൻ മാപ്പപേക്ഷിക്കുന്നു. പാപങ്ങളെ കുറിച്ച് അനുതപിച്ച്, വിശുദ്ധ കുമ്പസാരത്തിലൂടെ പാപങ്ങളെ കുറിച്ച് അനുതപിച്ച് പാപരഹിതമായ ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കണമേ. മാമോദീസായിലൂടെ എന്നെ തിരുസഭയിൽ അംഗമാക്കിയ വൈദികനെ  അനുഗ്രഹിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, മാമോദീസയിലൂടെ ലഭിച്ച വിശുദ്ധിയിൽ അനുദിനം വളരാൻ എനിക്ക് കൃപ തരണമേ.

വചനം

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെനാമം പരിശുദ്‌ധമാണ്‌. (ലൂക്കാ 1:49)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.