ക്രിസ്തുമസ്‌ ഒരുക്കം: 6. എമ്മാനുവേൽ

ഫാ. ഷിജോ പനക്കപതാലിൽ

നമ്മൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മൾ സ്നേഹിക്കുന്നവരുടെയും നമ്മളെ സ്നേഹിക്കുന്നവരുടെയും സാന്നിദ്ധ്യം ആണ്. പലപ്പോഴും അവരെ കാണുന്നതും അവരോടു സംസാരിക്കുന്നതുമൊക്കെ നമുക്ക് എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ഒക്കെ പ്രദാനം ചെയ്യുന്നു. ദൈവത്തിന്റെ  മനുഷ്യാവതാരത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ദൈവപുത്രനായ ഈശോയുടെ ഈ സാന്നിധ്യവും സഹവാസവും ആണ്  ഈശോയുടെ ജനനത്തിലൂടെ, മനുഷ്യാവതാരത്തിലൂടെ നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം. അതേ, ദൈവം മനുഷ്യനായി അവതരിച്ചത് നമ്മോടുകൂടെ എപ്പോഴും ആയിരിക്കുവാൻ ആണ്, നിത്യം വസിക്കുവാൻ ആണ്. അവൻ എമ്മാനുവേൽ ആണ്, നമ്മോടു കൂടെതന്നെയാണ്, ശരി തന്നെ.

പക്ഷെ ചോദ്യം ഇതാണ്, നാം ദൈവത്തിന്റെ കൂടെ ആണോ? ഒന്നുകൂടി ഉണ്ട്. ഏതാണ് എളുപ്പം ദൈവത്തിനു എന്റെ കൂടെ ആയിരിക്കാൻ സാധിക്കുന്നതോ എനിക്ക് ദൈവത്തിന്റെ കൂടെ ആയിരിക്കാൻ സാധിക്കുന്നതോ. ആദ്യത്തെ ആയിരിക്കും കൂടുതൽ നല്ലത്. കാരണം നമ്മൾ എപ്പോളാണ് ദൈവത്തെ ഉപേക്ഷിച്ചു പോകുക എന്നു പറയാൻ പറ്റില്ലല്ലോ. ദൈവം കൂടെ ആയിരിക്കാനായി ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.

നിയോഗം

നുണകൾ പ്രചരിപ്പിച്ചു വർഗീയത വളർത്തുന്ന എല്ലാ മതരാഷ്ട്രീയനേതാക്കന്മാർക്കും വേണ്ടി

പ്രാർത്ഥന

ഉണ്ണീശോയെ, മനുഷ്യാവതാരം ചെയ്ത് കാലിത്തൊഴുത്തിൽ പിറന്ന അങ്ങയെ ഞാൻ ആരാധിക്കുന്നു. എപ്പോഴും എന്റെ കൂടെയുള്ള നിന്റെ സാന്നിധ്യം അനുഭവിച്ചു ജീവിക്കുവാൻ എന്നെ സഹായിക്കണമേ. ഉണ്ണീശോയെ, നുണകൾ പറഞ്ഞും പ്രചരിപ്പിച്ചും ആളുകളെ തമ്മിലടിപ്പിക്കുന്ന, വർഗീയത വളർത്തുന്ന എല്ലാവരെയും നേരിന്റെയും ഒരുമയുടെയും പാതയിൽ നടത്തണമേ. മതവും രാഷ്ട്രീയവും വേർതിരിച്ചു കാണുവാനുള്ള വിവേകം എല്ലാ മനുഷ്യർക്കും കൊടുക്കണമേ.   എല്ലാവരും സ്നേഹത്തിൽ സഹോദരങ്ങളെപ്പോലെ ജീവിക്കുവാൻ അവിടുന്നു ഇടയാക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, അക്രമരാഷ്ട്രീയത്തിൽ നിന്നും വർഗീയതയിൽ നിന്നും ഞങ്ങളുടെ നാടിനെ സമാധാനത്തിലേക്കും ശാന്തിയിലേക്കും നയിക്കണമേ.

വചനം

ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ്‌ പ്രവാചകന്‍മുഖേന അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ ഇതെല്ലാം സംഭവിച്ചത്‌. (മത്തായി 1:23)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.