ക്രിസ്തുമസ്‌ ഒരുക്കം: 5. സ്വപ്‌നം

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

സ്വപ്നങ്ങളാണ് യൗസേപ്പ് എന്ന മനുഷ്യനെ നയിച്ചത്. കണ്ട സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ തമ്പുരാനെ യൗസേപ്പ് കൂട്ടുപിടിച്ചു. ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഇതിൽ. യൗസേപ്പിതാവിന് സ്വപ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ, ഇനി എന്തു ചെയ്യും എന്നറിയാൻ പാടില്ലാതെ നിൽക്കുമ്പോൾ ആണ് സ്വപ്നങ്ങളിലൂടെ തമ്പുരാൻ ഇടപെടുന്നതും മുൻപോട്ടുള്ള വഴികൾ കാണിച്ചു കൊടുക്കുന്നതും. ( മത്തായി 1:20, 2:13,19,22)

ദൈവസ്വരത്തിനു ചെവികൊടുക്കുന്നവരാകുക, ദൈവം സംസാരിക്കുന്നത് തിരിച്ചറിയുന്നവരാകുക. അത് ഒരുപക്ഷേ ദർശനങ്ങളിലൂടെ ആയിരിക്കാം, വ്യക്തികളിലൂടെ ആയിരിക്കാം, സാഹചര്യങ്ങളിലൂടെ ആയിരിക്കാം. അതുപോലെ ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ദുഃഖിക്കാതെ തളരാതെ കോപിക്കാതെ ശാന്തമായി ദൈവത്തിൽ ആശ്രയിക്കുക. വഴി തെളിയും തീർച്ചയാണ്.

നിയോഗം

വിഷമങ്ങൾ  ഉണ്ടാകുമ്പോൾ നിരാശരായി ആത്മഹത്യയിൽ അഭയം തേടുന്നവർക്കു വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, ഒരുദിനം കൂടി നൽകിയതിന് അങ്ങേക്ക് നന്ദി. നിരാശയിൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങേ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രത്യാശയുടെ വരം അങ്ങു അവർക്ക് കൊടുക്കണമേ. വിഷമങ്ങളിൽ, പ്രതിസന്ധികളിൽ  ലോകത്തിന്റെ വഴികൾ തേടിപ്പോകാതെ എല്ലാം അറിയുന്ന ദൈവം ഉണ്ട് എന്ന പ്രത്യാശയിൽ, ദൈവത്തിൽ ആശ്രയം വച്ച്  ജീവിതം മുൻപോട്ട് നയിക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, നിരാശയിൽ കഴിയുന്നവരെ പ്രത്യാശയിലേക്ക് നയിക്കണമേ.

വചനം

കര്‍ത്താവിന്‍െറ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്‍െറ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌. (മത്തായി 1:20)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.