ക്രിസ്തുമസ്‌ ഒരുക്കം: 4. സദ്വാർത്ത

ഫാ. ഷിജോ പനക്കപതാലിൽ

മാലാഖ പങ്കുവച്ച വാർത്തയ്ക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു ഒന്നാമതായി അതൊരു നല്ല വാർത്ത ആയിരുന്നു രണ്ടാമതായി അത് സന്തോഷത്തിന്റെ വാർത്തയായിരുന്നു മൂന്നാമതായി  സകല ജനത്തിനും വേണ്ടിയുള്ളതായിരുന്നു.

വാർത്തകളുടെ ഒരു ലോകത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. എല്ലാ ദിവസവും നിരവധി വാർത്തകൾ കേൾക്കുന്നവരും പങ്കുവക്കുന്നവരും ആണ് നമ്മൾ. പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ സത്യാവസ്ഥ അറിയാതെ അത് പങ്കുവെക്കാൻ തിടുക്കം കൂട്ടാറുണ്ട് നമ്മൾ. നല്ല വാർത്തകൾ സൃഷ്‌ടിക്കുന്നവർ ആകുക, നല്ല വാർത്തകൾ കൈമാറുന്നവർ ആകുക; പ്രത്യേകിച്ചു ഇന്നത്തെ കാലഘട്ടത്തിൽ. കേൾക്കുന്ന വാർത്തകളിലെ നെല്ലും പതിരും തിരിച്ചറിഞ്ഞു സത്യസന്ധമായ വാർത്തകളുടെ ശരിയായ വക്താക്കൾ ആകുക. തിന്മകൾ, നുണകൾ പ്രചരിപ്പിക്കുന്ന പത്രമാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയുക. അവയെ പ്രോത്സാഹിപ്പിക്കാതിരിക്കുക. എന്നാൽ ഞാൻ കേൾക്കുന്ന വാർത്തകൾ, പങ്കുവെക്കുന്ന വാർത്തകൾ എങ്ങനെ ഉള്ളതാണ്. മറ്റുള്ളവർക്ക് ഇടർച്ചക്കും ഭിന്നിപ്പിനും കാരണമാകുന്നതോ  അതോ. മറ്റുള്ളവരെ നന്മയിലേക്കും ഒരുമയിലേക്കും നയിക്കുന്നതോ?

നിയോഗം

നുണകൾ പറഞ്ഞു മറ്റുള്ളവരെ കബളിപ്പിക്കുന്നവർ അതിൽനിന്നും പിന്മാറുവാൻ വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, മനോഹരമായ ഈ ദിവസത്തെ ഓർത്ത് ഞാൻ നന്ദി പറയുന്നു. നല്ല വാർത്തകൾ ശ്രവിക്കുവാനും പങ്കുവയ്ക്കുവാനും എന്നെ സഹായിക്കണമേ. സത്യത്തിനുവേണ്ടി നിലകൊള്ളുവാനും സത്യം പ്രചരിപ്പിക്കുവാനും എന്നെ പഠിപ്പിക്കണമേ, കേൾക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ശരിയായി ഗ്രഹിക്കാനും, സത്യസന്ധമായ വാർത്തകളെ പങ്കുവക്കുവാനും, തിന്മകളും നുണകളും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞു അകറ്റി നിർത്തുവാനും എന്നെ സഹായിക്കണമേ ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ

സുകൃതജപം

ഉണ്ണീശോയെ, മാധ്യമലോകത്ത് സത്യസന്ധതയും ധാർമികതയും വളർത്തണമേ.

വചനം

ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. (ലൂക്കാ 2:10)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.