ക്രിസ്തുമസ്‌ ഒരുക്കം: 24. കരോൾ

ഫാ. ഷിജോ പനക്കപതാലിൽ

കരോൾ നടത്തുന്നതിന്റെ ഉദ്ദേശ്യം മാലോകരെ ഉണ്ണീശോയുടെ ജനനവാർത്ത അറിയിക്കുക എന്നതാണ് എങ്കിൽ ആദ്യത്തെ കരോൾ നടത്തിയത് കർത്താവിന്റെ ദൂതൻ ആയിരുന്നു (ലൂക്ക 2:10). ആദ്യകരോൾ ഗാനം പാടിയത് മാലാഖമാരും (ലൂക്ക 2:14). ഓരോ കരോളും സുവിശേഷപ്രഘോഷണമാണ്.

പെട്രോൾമാക്സിന്റെ വെളിച്ചവും ഓടയുടെ കമ്പുകൾ കീറി അതിനുള്ളിൽ ചിരട്ടയിൽ തിരി കത്തിച്ചുവച്ചുണ്ടാക്കിയ നക്ഷത്രവും, വർണകടലാസുകൾ ചുറ്റിയ വഴിവിളക്കുകളും, തണുപ്പകറ്റാനുള്ള കട്ടൻ കാപ്പിയും പ്ലംകേക്കും, ഇന്നലെയുടെ കരോളിന്റെ നല്ല ഓർമ്മകളായി മനസിൽ ഉണ്ട്.

എന്നാലിന്നു പുൽക്കൂടും നക്ഷത്രവും വഴിവിളക്കുകളും ക്രിസ്മസ്ട്രീയും പാപ്പാ ഡ്രസ്സുമൊക്കെ പ്രകൃതിയിൽ നിന്നും റെഡിമെയ്ഡിലേക്കും “ചൈനീസി”ലേക്കും  വഴിമാറിയപ്പോൾ, നമുക്ക് കൈമോശം വന്നത് ഇന്നലെയുടെ വിശുദ്ധമായ ചില ആചാരങ്ങളാണ്, ചില നിഷ്കളങ്കമായ അദ്ധ്വാനങ്ങളാണ്.

സൂപ്പർഹിറ്റാകുന്ന സിനിമാഗാനങ്ങളുടെ രീതിയിൽ കരോൾഗാനങ്ങൾ പാടി കരോൾ സംഘങ്ങളും ബ്രേക്ഡാൻസ് കളിക്കുന്ന ന്യൂജൻ ക്രിസ്മസ്‌പാപ്പാമാരും യഥാർത്ഥത്തിൽ അറിയിക്കുന്നത് ഉണ്ണീശോയുടെ ജനനവാർത്ത തന്നെയാണോ? സന്താക്ലോസിന്റെ വരവല്ല ഉണ്ണീശോയുടെ ജനനം ആണ് പ്രധാനമെന്നും, മദ്യത്തിന്റെ ഉന്മാദമല്ല പാതിരാകുർബാനയുടെ വിശുദ്ധിയാണ് ആവശ്യമെന്നും ഇന്നത്തെ തലമുറയെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു.

തിരിച്ചറിയാം, തിരികെ നടക്കാം.

നിയോഗം

ഇന്ന് കരോളിനായി പോകുന്ന എല്ലാവർക്കും വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, എന്റെ രക്ഷക്കായി ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ച നിന്നെ ഞാൻ ആരാധിക്കുന്നു. ഏറ്റവും വിശുദ്ധമായി ഈ ക്രിസ്മസ് ആഘോഷിക്കുവാൻ എനിക്ക് കൃപ നൽകണമേ. നിന്റെ ജനനവാർത്ത അറിയിക്കുന്ന എല്ലാ കരോൾ സംഘങ്ങളെയും സകലവിധ തിന്മയിൽ നിന്നും കാത്തുകൊള്ളണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, വിശുദ്ധമായ നിന്റെ ജനനം വിശുദ്ധമായി ആഘോഷിക്കുവാൻ എന്നെ സഹായിക്കണമേ.

വചനം

പെട്ടെന്ന്‌, സ്വര്‍ഗീയ സൈന്യത്തിന്‍െറ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്‌ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2:13-14)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.