ക്രിസ്തുമസ്‌ ഒരുക്കം: 19. വചനം

ഫാ. ഷിജോ പനക്കപതാലിൽ

കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണീശോയെ വചനമായിട്ടാണ് യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നത്. മാംസമായി അവതരിച്ച വചനം. അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷത്തിൽ ഈശോയുടെ ബാല്യകാലവിവരണങ്ങൾ നാം കാണാത്തത്. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍െറ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍െറ ഏകജാതന്‍േറതുമായ മഹത്വം (യോഹ. 1:14).

ദൈവത്തിൽ നിന്നും ജനിച്ച വചനമായ ഈശോയ്ക്ക് സാക്ഷ്യം വഹിക്കേണ്ടവരും ആ ഈശോയെ അനുകരിക്കേണ്ടവരും ആണ് നാം. ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ, ഞാൻ സംസാരിക്കുന്നതും കേൾക്കുന്നതുമായ ‘വചനങ്ങളെ’ അല്ലെങ്കിൽ വാക്കുകളെ ഒന്നു വിലയിരുത്തുന്നത് നല്ലതായിരിക്കും. നാവിനെ നിയന്ത്രിക്കുകയാണെങ്കിൽ ഒരുപാട് തിന്മകളിൽ നിന്നും രക്ഷപെടാൻ സാധിക്കും. ഒരു കാര്യം പറയുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കുക. ഞാൻ പറയാൻ പോകുന്ന കാര്യം അത് പറഞ്ഞത് കൊണ്ടു എനിക്കോ കേൾക്കുന്നത് കൊണ്ട് മറ്റുള്ളവർക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടോ? അപരന്റെ നന്മക്കുതകുന്ന കാര്യം സംസാരിക്കുക. നാവും, നാവുകൊണ്ട് പറയുന്ന വചനങ്ങളും  വിശുദ്ധമാക്കാം, വിശുദ്ധമായവ കേൾക്കുവാനും ശ്രമിക്കാം.

നിയോഗം

സംസാരത്തിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്കുവേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, ദൈവത്തിന്റെ വചനമായി ഭൂമിയിൽ അവതരിച്ച അങ്ങയെ ഞാൻ ആരാധിക്കുന്നു. മാതൃകാപരമായി സംസാരിക്കാൻ എന്നെ പഠിപ്പിക്കണമേ. മറ്റുള്ളവരുടെ നന്മക്കുതകുന്ന കാര്യങ്ങൾ സംസാരിക്കുവാൻ എനിക്ക് കൃപ നൽകണമേ, നുണ പറയുന്നതിൽ നിന്നും ചീത്ത വാക്കുകൾ പറയുന്നതിൽ നിന്നും  കളിയാക്കുന്നതിൽ  നിന്നും കുറ്റങ്ങൾ പറയുന്നതിൽനിന്നുമെല്ലാം എന്റെ നാവിനെ പിന്തിരിപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, എന്റെ നാവിനെ നിയന്ത്രിക്കാൻ എന്നെ സഹായിക്കണമേ.

വചനം

എന്‍െറ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ! എന്‍െറ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്‌ടിയില്‍ സ്വീകാര്യമായിരിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 19:14).

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.