ക്രിസ്തുമസ്‌ ഒരുക്കം 16: കാരുണ്യം

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

ദൈവം സഖറിയായോടും എലിസബത്തിനോടും കാണിച്ച വലിയ കാരുണ്യത്തിന്റെ അടയാളം ആയിരുന്നു സ്നാപകയോഹന്നാൻ. യോഹന്നാൻ എന്ന വാക്കിന്റെ അർത്ഥം തന്നെ ദൈവം കാരുണ്യവാനാണ് എന്നാണ്. കര്‍ത്താവ്‌ അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്‌ധുക്കളും അവളോടൊത്തു സന്തോഷിച്ചു എന്നാണ് വചനം പറയുക (ലൂക്കാ 1:58).

ദൈവത്തിന്റെ കാരുണ്യവും സ്നേഹവും കരുതലുമൊക്കെ അനുദിനജീവിതത്തിൽ നാം ഒത്തിരി അനുഭവിക്കുന്നുണ്ട്. അതിൽ നാം ഒരുപാട് സന്തോഷിക്കുന്നുമുണ്ട്. എന്നാൽ ദൈവത്തിന്റെ കാരുണ്യം സ്വീകരിക്കുന്ന, അനുഭവിക്കുന്ന നമ്മൾ സഹജീവികളോട് കാരുണ്യം കാണിക്കാറുണ്ടോ? ദൈവത്തിന്റെ സ്നേഹവും കരുതലും അനുഭവിക്കുന്ന നമുക്ക്, നമ്മുടെ കൂടെ ജീവിക്കുന്നവരോട് അതൊക്ക പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ടോ? സഹജീവികളുടെ കുറവുകളും പോരായ്മകളും ക്ഷമിച്ച് അവരോട് കരുണയോടെ പെരുമാറുവാൻ സാധിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ കാരുണ്യത്തിൽ പങ്കുകാരാകുന്നു, ആ കാരുണ്യം പ്രഘോഷിക്കുന്നവരും ആകുന്നു.

നിയോഗം

എല്ലാവരും ക്രിസ്‌തുവിന്റെ കാരുണ്യത്തിന്റെ മുഖം പ്രഘോഷിക്കുന്നവരാകുവാൻ വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, ഒരു ദിനം കൂടി നൽകി അനുഗ്രഹിച്ചതിനു നിനക്ക് ഒരായിരം നന്ദി. എന്റെ ജീവിതവും ഓരോദിനവും നിന്റെ അനന്തകാരുണ്യമാണല്ലോ. ഈശോയെ, അങ്ങു നൽകുന്ന കാരുണ്യത്തിന്റെ മഹത്വം മനസിലാക്കി സഹജീവികളോടും സഹോദരങ്ങളോടും കരുണയോടെ പെരുമാറുവാൻ എനിക്ക് കൃപതരണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, കാരുണ്യത്തിന്റെ വക്താവായി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.

വചനം

കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നില്‍നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്‌നേഹവും വിശ്വസ്‌തതയും എന്നെ സംരക്‌ഷിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 40:11)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.