ക്രിസ്തുമസ്‌ ഒരുക്കം: 1. കാത്തിരിപ്പ്

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

കാത്തിരിക്കാൻ ഒരാളെ പ്രേരിപ്പിക്കുന്ന മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ വിശ്വാസവും പ്രത്യാശയും സ്നേഹവും ആണെന്നു തോന്നുന്നു. നാം ഒരു വ്യക്തിക്കുവേണ്ടി കാത്തിരിക്കുമ്പോൾ ആ വ്യക്തി വരും എന്നുള്ള ഉറപ്പ് ആ വ്യക്തിയിൽ ഉള്ള നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുന്നു. വരുമെന്നുറപ്പുള്ളതുകൊണ്ട്തന്നെ കാത്തിരിപ്പുകൾ പ്രത്യാശാഭരിതമാകുന്നു. കാത്തിരിക്കുന്ന വ്യക്തി വരുമ്പോൾ തീർച്ചയായും ആ വ്യക്തിയോടുള്ള സ്നേഹവും വർദ്ധിക്കും.

ഉണ്ണിയേശുവിന്റെ ജനനത്തിനായി മനസും ഹൃദയവും ഒരുക്കി കാത്തിരിക്കാനുള്ള നാളുകൾ ആരംഭിക്കുകയാണ്. എന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും ഒക്കെ അനുഗ്രഹിക്കാൻ ഉണ്ണീശോയും കാത്തിരിക്കുന്നു. കാത്തിരിപ്പുകളെ അർത്ഥപൂർണ്ണമാക്കുന്നത് ദൈവം വരും എന്ന ഉറപ്പാണ്. അതിനാൽ നോമ്പാചരണത്തിന്റെ ക്രിസ്തീയശീലങ്ങൾ വ്യക്തിജീവിതത്തിൽ പകർത്തി ഉണ്ണീശോ ഹൃദയത്തിൽ പിറക്കാനായി കാത്തിരിക്കാം.

നിയോഗം
ക്രിസ്തുമസ് ഒരുക്കദിനങ്ങൾ അനുഗ്രഹിക്കപ്പെടാൻ.

പ്രാർത്ഥന

ഉണ്ണീശോയെ, അങ്ങയുടെ ജനനം ആഘോഷിക്കുവാൻ ഉള്ള ഒരുക്കം ഇന്നാരംഭിക്കുകയാണല്ലോ. അങ്ങ് എന്റെ ഹൃദയത്തിൽ വന്നു പിറക്കണം എന്ന അതിയായ ആഗ്രഹത്തോടെ ഓരോ ദിനവും കൂടുതൽ ഒരുക്കത്തോടെ ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും കൂടി ഇന്നാരംഭിക്കുന്ന നിന്നെത്തേടിയുള്ള ഈ യാത്ര നീ ആഗ്രഹിക്കുന്ന രീതിയിൽ സഫലമാകാൻ സഹായിക്കണമേ. ആമ്മേൻ.

സുകൃതജപം

ഉണ്ണീശോയെ, എന്റെ ഹൃദയത്തിൽ അങ്ങ് പിറക്കാൻ ഞാൻ നടത്തുന്ന ഒരുക്കങ്ങളെ അനുഗ്രഹിക്കണമേ.

വചനം

എനിക്കുവേണ്ടി കാത്തിരിക്കുന്നവര് ലജ്‌ജിതരാവുകയില്ല. (ഏശയ്യാ 49 : 23)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.