ക്രിസ്തുമസ് ഒരുക്ക പ്രാർത്ഥന: എലിസബത്ത്

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ
ആമ്മേന്‍.

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ആമ്മേന്‍.
ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എന്നേക്കും. ആമ്മേന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ  നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലുമാകേണമേ .

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് തരണമെ. ഞങ്ങളോട് തെറ്റ്  ചെയുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും  ക്ഷമക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ. തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍

തിരുവചനം: ലൂക്കാ 1: 39-45

ആ ദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു.
അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച്‌ എലിസബത്തിനെ അഭിവാദനം ചെയ്‌തു.
മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി.
അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?
ഇതാ, നിന്‍െറ അഭിവാദനസ്വരം എന്‍െറ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍െറ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി.

വിചിന്തനം:

സഖറിയായുടെ ഭാര്യയായ, സ്‌നാപകയോഹന്നാന്റെ അമ്മയായ, മറിയത്തിന്റെ ബന്ധുവായ എലിസബത്ത്.

തിരുവചനം സാക്ഷ്യപ്പെടുത്തുന്നു ‘ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠയും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവളുമായിരുന്നു എലിസബത്ത്’ (ലൂക്കാ 1:6).

വര്‍ഷങ്ങളോളം വന്ധ്യയായി ജീവിക്കേണ്ടി വന്നപ്പോഴും ദൈവദൂതന്റെ ദര്‍ശനത്തിനുശേഷം ഭര്‍ത്താവ് മൂകനായിത്തീര്‍ന്നപ്പോഴും വാര്‍ധക്യത്തില്‍ തുണയാകേണ്ട ഏകമകന്‍ രക്ഷകനു വഴിയൊരുക്കാനായി മരുഭൂമിയിലേക്കിറങ്ങിത്തിരിക്കുമ്പോഴും എല്ലാം വിധിയെന്ന് പറഞ്ഞ് സമാധാനിക്കുന്ന നിസംഗതയേക്കാള്‍ ദൈവേഷ്ടം തിരിച്ചറിഞ്ഞ് ധൈര്യപൂര്‍വ്വം ആശ്ലേഷിക്കുന്ന വിശ്വാസചൈതന്യം എലിസബത്തിലൂടെ അവിടുന്ന് നമുക്ക് പകർന്നു തരുന്നു.

കൂടിക്കാഴ്ചകളെ ദൈവാനുഭവത്തിന്റെ നിമിഷങ്ങളാക്കി മാറ്റാനാകുമെന്ന് പഠിപ്പിക്കുന്ന എലിസബത്ത്.

തന്നെ സന്ദര്‍ശിക്കുവാന്‍ വരുന്ന മറിയത്തെ വളരെ ഹൃദ്യമായി സ്വീകരിക്കുന്ന എലിസബത്ത്.

”എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” എന്ന എലിസബത്തിന്റെ എളിമയുടെ വാക്കുകള്‍.

എലിസബത്തിനെപ്പോലെ എളിമയോടെ, നന്മനിറഞ്ഞ ഹൃദയത്തോടെ ദൈവത്തെയും മറ്റുള്ളവരെയും നമ്മുടെ ഹൃദയത്തിലേക്ക് സ്വാഗതം ചെയ്യാം. കണ്ടുമുട്ടലിന്റെ, സ്വീകരണത്തിന്റെ സന്തോഷം നമ്മില്‍ നിറയട്ടെ.

പ്രാര്‍ത്ഥന:

ദൈവമേ, പ്രതീക്ഷയോടെ കാത്തിരിക്കേണ്ടതിന്റെ ആവശ്യകതയും സുഹൃത്ത്ബന്ധങ്ങളില്‍ പുലര്‍ത്തേണ്ട ആത്മീയതയുമാണല്ലോ അങ്ങ് എലിസബത്തിലൂടെ ഞങ്ങളെ പഠിപ്പിക്കുന്നത്. ഏതു വ്യക്തിയെ കാണുമ്പോഴും അവനില്‍ ദൈവസാന്നിധ്യം ദര്‍ശിക്കാനും, അവനിലെ വലിപ്പത്തെ അംഗീകരിച്ച് അഭിനന്ദിക്കാനുമുള്ള ഹൃദയവിശാലതയും ധൈര്യവും എനിക്കു നല്‍കേണമേ. ആമ്മേൻ

നന്മനിറഞ്ഞ മറിയമേ, സ്വസ്തി. കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ്  അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു. അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ ക്കുവേണ്ടി  ഇപ്പോഴും ഞങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേന്‍.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിയിലെപോലെ ഇപ്പോഴും ഏപ്പോഴും എന്നേക്കും. ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.